കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തൻ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് പദവിക്ക് പുറമേയാണ് പുതിയ സ്ഥാനം.
എറണാകുളം- അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് ബിഷപ് ബോസ്കോ പുത്തൂരിന്റെ രാജി വത്തിക്കാൻ അംഗീകരിച്ചു. നിയമനത്തെ വിമത വൈദികർ അംഗീകരിച്ചു.
പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്കോ പുത്തൂർ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാർ ബോസ്കോ പുത്തൂർ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ബിഷപ് ഹൗസിനകത്ത് സമരം നടത്തിയിരുന്ന വൈദികരെ പൊലീസ് പുലര്‍ച്ചെ ബലമായി നീക്കം ചെയ്തതോടെ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പല തവണ പൊലീസും വൈദികരുമായി ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെയും വിമത വിഭാഗം കൈയ്യേറ്റം ചെയ്തു. സമരം രൂക്ഷമായതോടെ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ രാജിവെക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അതിനാടകീയമായി പൊലീസ് ബിഷപ്പ് ഹൗസിന് അകത്തേക്ക് കടന്നത്. സമരം ചെയ്തിരുന്ന 21 വൈദികരെയും വലിച്ച് പുറത്തിറക്കി. രൂപതാ നേതൃത്വത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ബസലിക്ക കേന്ദ്രീകരിച്ചുകൊണ്ട് വൈദികരും വിശ്വാസികളും സംഘടിച്ചതോടെ സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി.
ബിഷപ് ഹൗസില്‍ നിന്ന് നീക്കം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരെ ബിഷപ്പ് ഹൗസിലേക്ക് തന്നെ കൊണ്ടുപോകണം എന്ന് സമരക്കാര്‍ നിലപാടെടുത്തു. തര്‍ക്കം നീണ്ടതോടെ ഗെയ്റ്റ് പൊളിച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നാലെ സബ് കളക്ടറും ഡിസിപിയും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. 21 വൈദികരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വിമത വൈദികരെ അനുകൂലിക്കുന്ന വിശ്വാസികള്‍ കൈയ്യേറ്റം നടത്തി. ന്യൂസ് മലയാളം കൊച്ചി ബ്യൂറോ ചീഫ് സഹിന് ആന്റണിക്ക് മര്‍ദനമേറ്റു. കൈയ്യേറ്റം നടത്തിയതില്‍ പിന്നീട് വൈദികര്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു.
സഭ സിനഡ് ഇന്ന് സമാപിക്കുമ്ബോള്‍ തന്നെ കുര്‍ബാന തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. കൂരിയയെ പുറത്താക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി അടുത്ത ദിവസം സമരം കൂടുതല്‍ ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.




