ന്യൂഡല്‍ഹി: മരിച്ചെന്നോ കാണാതായെന്നോ കരുതപ്പെടുന്ന ആൾ വർഷങ്ങൾക്കുശേഷം കണ്ടെത്തുന്ന സംഭവങ്ങൾ മുൻപും വാർത്തയായിട്ടുണ്ട്. എന്നാൽ ‘മരിച്ച ആൾ’ 17 വർഷങ്ങൾക്കുശേഷം തിരിച്ചെത്തുകയും, അയാളെ ‘കൊന്നതി’ന്‍റെ പേരിൽ നാലുപ്രതികൾ ജയിലിൽ കഴിയേണ്ടിവരികയും ചെയ്ത ഒരു സംഭവമാണ് ബിഹാറിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
50-കാരനും ബിഹാറിലെ ദേവ്‌രിയ സ്വദേശിയുമായ നഥുണി പാലിനെയാണ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയത്. ബിഹാര്‍ പോലീസിന്റെ രേഖകള്‍ പ്രകാരം കൊലചെയ്യപ്പെട്ടതായി കരുതപ്പെട്ടിരുന്ന നഥുണി പാലിനെ ഉത്തര്‍പ്രദേശിലെ ഝാന്‍സി പോലീസാണ് കണ്ടെത്തിയത്. ജനുവരി ആറിന് പട്രോളിങ് നടത്തുകയായിരുന്ന ഝാന്‍സി പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ നഥുണി പാലിനെ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ആറുമാസത്തോളമായി ഇയാള്‍ ഝാന്‍സിയില്‍ ജീവിച്ചുവരികയായിരുന്നുവെന്ന് വ്യക്തമായി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കളെ നഷ്ടമായെന്നും ഭാര്യ തന്നെ ഉപേക്ഷിച്ചുപോയതായും പോലീസിന് നഥുണി പാല്‍ മൊഴിനൽകി. ബിഹാറിലെ തന്റെ വീട് സന്ദര്‍ശിച്ചിട്ട് 16 കൊല്ലമായെന്നും പോലീസിനോട് നഥുണി പാല്‍ പറഞ്ഞു. നഥുണി പാലിനെ പിന്നീട് ബിഹാര്‍ പോലീസിന് കൈമാറി.
2009-ല്‍ ആണ് നഥുണി പാലിനെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് കുട്ടിയെ കാണാതായ വിവരം കാട്ടി നഥുണിപാലിന്റെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കി. മറ്റൊരു അമ്മാവും മറ്റു നാലുപേരും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനിടയില്‍ പ്രതികളില്‍ നാലുപേര്‍ വിവിധ കാലയളവുകളിലായി എട്ട് മാസം ജയിലില്‍ കിടക്കുകയും ചെയ്തു. നഥുണി പാല്‍ തിരികെ വന്നതോടെ ഇനിയെങ്കിലും കോടതിയും ജയിലുമായുള്ള ജീവിതത്തില്‍നിന്ന് മോചനമാകും എന്ന ആശ്വാസത്തിലാണ് ഇവർ.




