
പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ
9400079490
ചെറുതും വലുതുമായ നമ്മുടെ കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനു തന്നെ കൺവെൻഷനുകൾ ഒരു അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. വിശ്വാസികളുടെ ഒത്തുചേരലിന് മാത്രമല്ല സംഘടനാപരമായ ആവശ്യങ്ങൾക്കും കൺവെൻഷനുകൾ പ്രയോജനപ്പെടുന്നു.എന്നാൽ നമ്മുടെ കൺവെൻഷനുകളുടെ പ്രധാന ലക്ഷ്യം വിശ്വാസ സമൂഹത്തിന്റെ ആത്മീയ വർദ്ധനവ് തന്നെയാണ്.
വൻതോതിൽ പണം മുടക്കി വലിയ അധ്വാനത്തോടെ നടത്തുന്ന നമ്മുടെ കൺവെൻഷനുകൾ കഴിയുമ്പോൾ എന്ത് തരം ആത്മീയ വർദ്ധനവാണ് നമുക്ക് ഉണ്ടായതെന്ന് പരിശോധിക്കേണ്ടതല്ലേ? വിശ്വാസികളെ ആത്മീയമായി ഉറപ്പിക്കുകയും ആശ്വസിപ്പിക്കുകയും തിരുത്തുകയും ഒക്കെ ചെയ്യേണ്ടതിനു പകരമായി കുറച്ച് വിവാദങ്ങൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട് കൺവെൻഷനുകൾ പര്യവസാനിക്കുന്നത് വളരെ ദുഃഖകരമല്ലേ?
നമ്മുടെ കൺവെൻഷനുകളിൽ പ്രസംഗിക്കുന്നവർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുകയും പറയേണ്ട കാര്യങ്ങൾ പറയാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് വലിയ പരിക്കുകൾ ആണ് നമ്മുടെ ആത്മീയ മണ്ഡലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യം നമുക്ക് നമ്മുടെ ആത്മീയ സമ്മേളനങ്ങളിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.വിശ്വാസികൾ തമ്മിലും നേതാക്കന്മാർ തമ്മിലും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങൾ കൺവെൻഷനുകളിൽ സൂചിപ്പിക്കുക പോലും ചെയ്യരുത്.
അതുപോലെ സ്വന്ത പാരമ്പര്യവും കുടുംബമഹാത്മ്യവും കൺവെൻഷനുകളിൽ വിളമ്പുന്നത് ശരിയായ കാര്യമല്ല. കാര്യമാത്ര പ്രസക്തമായി ഒന്നും പറയാതെ കേൾവിക്കാർക്ക് അടുത്ത മണിക്കൂറിൽ പോലും ഓർത്തിരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ വലിയ ഉച്ചത്തിൽ പലപ്രാവശ്യം പറയേണ്ട ആവശ്യമില്ല. കൃപയുള്ള ശുശ്രൂഷ എന്ന് വരുത്തി തീർക്കാൻ വേണ്ടി നമ്മളായിട്ട് ഒന്നും കാണിച്ചു കൂട്ടരുത്. വെറും ഷോ എന്ന് യുവതലമുറ കണക്കാക്കാൻ സാധ്യതയുള്ള ,ആത്മാർത്ഥതയില്ലാത്ത, കൃത്രിമ ശൈലി പ്രാസംഗികർ ഉപയോഗിക്കരുതെ എന്ന് അഭ്യർത്ഥിക്കുന്നു.
അതുപോലെതന്നെ നമ്മുടെ യുവാക്കളെ അവരുടെ വസ്ത്രധാരണരീതി വെച്ചും തലമുടിയുടെ ആകൃതിയുടെ അടിസ്ഥാനത്തിലും മറ്റും പരസ്യമായി അപമാനിച്ചാൽ അത് അവരെ ആത്മീയ ജീവിതത്തിൽ നിന്നുതന്നെ അകറ്റി കളയാൻ മാത്രമേ ഇടയാക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളൊക്കെ പകൽ മീറ്റിങ്ങുകളിലെ ബൈബിൾ ക്ലാസുകളിൽ പറയാവുന്നതാണ്.
അതുപോലെതന്നെ വളരെ ആത്മാർത്ഥമായും നിഷ്കളങ്കമായും കർത്താവിന്റെ വേല ചെയ്യുന്ന സാധാരണക്കാരായ ശുശ്രൂഷകൻമാരെയും അവരുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന തരത്തിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ തട്ടിവിടുന്നത് സുവിശേഷവേലയ്ക്ക് വലിയ ക്ഷീണം ചെയ്യും. സുവിശേഷവേലയ്ക്ക് എന്നും കൈത്താങ്ങായി നിലകൊള്ളുന്ന ശുശ്രൂഷകന്മാരുടെ ഭാര്യമാരെ അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, ചേർത്തു പിടിക്കുകയും ചെയ്യുന്ന വാക്കുകൾ മാത്രമേ നമ്മൾ പൊതു സ്റ്റേജുകളിൽ പറയാൻ പാടുള്ളൂ..
നമ്മുടെ രക്ഷിതാവും കർത്താവുമായ യേശുക്രിസ്തുവിനെ കുറിച്ച് നൂറ്റാണ്ടുകൾ പ്രസംഗിച്ചാലും തീരാത്ത അത്ര പ്രസംഗ വിഷയങ്ങൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ സ്റ്റേജിൽ ഇട്ട് അലക്കുന്നത് ഏതായാലും പരിശുദ്ധാത്മ നിറവിൽ അല്ല എന്ന കാര്യം ഉറപ്പാണ്.
വചനം ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഏതൊരു പ്രാസംഗികനും പൊതുജനമധ്യേ വചനം ശുശ്രൂഷിക്കുന്നതിന് ഒരിക്കലും ഒരു മുട്ടും വരികയില്ല.ജനറൽ കൺവെൻഷൻ മുതൽ പരസ്യ യോഗങ്ങളിൽ വരെ നൽകാവുന്ന സന്ദേശങ്ങൾ ധാരാളമുണ്ടല്ലോ? ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന ഓരോ വിഷയങ്ങളിലും ചുരുങ്ങിയത് പത്ത് സന്ദേശങ്ങൾ നമുക്ക് തയ്യാറാക്കാവുന്നതേയുള്ളൂ.
- ഈ ലോകത്തിന് ദൈവം നൽകിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് കർത്താവായ യേശുക്രിസ്തു . യോഹ 3:16.
- പുത്രൻ തമ്പുരാൻ ജഡശരീരം എടുത്തത് എന്തിന്? എങ്ങനെ?
- ക്രിസ്തു മാർഗത്തിന്റെ കാലിക പ്രസക്തി, ക്രിസ്തു മാർഗ്ഗത്തിന്റെ ശ്രേഷ്ഠത.
- പാപരഹിതനായ, പാപം പോക്കാൻ കഴിവുള്ള ക്രിസ്തു.
- സ്നേഹ മൂർത്തിയായ ക്രിസ്തു.
- യേശുവിന്റെ താഴ്മ , മഹാ പരിത്യാഗം. [ഫിലിപ്പിയർ രണ്ടാം അദ്ധ്യായം].
- യേശുക്രിസ്തു : അതുല്യനായ ഗുരു.
- യേശുക്രിസ്തു :മാനവരിൽ മഹോന്നതൻ.ഏതുകാലത്തും ഏതു ദേശത്തും ഏത് ജനതയ്ക്കും മാതൃകാ പുരുഷൻ.
- ചരിത്രത്തിലെ ഏറ്റവും വലിയ പെനാൽറ്റി [മറുവില ] കൊടുത്ത വ്യക്തി: യേശുക്രിസ്തു.
- ഏറ്റവും യുക്തിപരവും വിശ്വസനീയവുമായ രക്ഷാമാർഗ്ഗം -ക്രിസ്തു മാർഗം.
- .യേശുക്രിസ്തു : ലോകത്തിന്റെ ലൈറ്റ് ഹൗസ്.
- യേശുക്രിസ്തു : ജീവൻറെ അപ്പം. [എല്ലാ അന്വേഷണങ്ങളുടെയും അവസാനം].
- യേശുക്രിസ്തു : ഏറ്റവും വലിയ ആശ്വാസ ദായകൻ, കൗൺസലർ.
- യേശുക്രിസ്തു : ഏറ്റവും വലിയ സോഷ്യലിസ്റ്റ്.
- യേശുക്രിസ്തു : ലോകത്തിന്റെ ആൻ്റിവെനം.
[സകല പ്രശ്നങ്ങൾക്കും മറുപടി].
അതിശ്രേഷ്ഠനായ , അതുല്യനായ യേശുക്രിസ്തുവിനെകുറിച്ച് ആയിരം വർഷം പ്രസംഗിച്ചാലും മതി വരില്ല ,കൊതി തീരില്ല .പിന്നെന്തിനാണ് സ്റ്റേജിൽ കയറി ചിലർ പിച്ചും പേയും പറയുന്നത്? വചനം ശുശ്രൂഷിക്കുന്നവർ പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെട്ട്,ജനത്തെ ഉറപ്പിക്കുന്ന ധൈര്യപ്പെടുത്തുന്ന, തിരുത്തുന്ന സന്ദേശങ്ങൾ നൽകുവാൻ സർവ്വശക്തൻ അവരെ സഹായിക്കേണ്ടതിനായി നമുക്ക് പ്രാർത്ഥിക്കാം.




