പെരിയ ഇരട്ടക്കൊലക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 14 പേർ കുറ്റക്കാർ: ശിക്ഷ ജനുവരി 3 ന്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെവി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാർ. ഒന്ന് മുതല്‍ എട്ട് വരേയുള്ള പ്രതികള്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായും എറണാകുളത്തെ സി ബി ഐ കോടതി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടു. ശിക്ഷപ്പെട്ട 14 പേരില്‍ ആറ് പേരും സി പി എമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ ജനുവരി ഒന്നിന് പ്രസ്താവിക്കും.

സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജിയെന്ന സജി സി ജോര്‍ജ് , കെ.എം. സുരേഷ്, അബു എന്ന കെ അനില്‍ കുമാര്‍, ജിജിന്‍, കുട്ടു എന്ന ആര്‍ ശ്രീരാഗ്, അപ്പു എന്ന എ അശ്വിന്‍, മണിയെന്ന സുബീഷ് എന്നിവരാണ് ഒന്ന് മുതല്‍ എട്ട് വരേയുള്ള പ്രതികള്‍.

പീതാംബരന്‍ മുഖ്യസൂത്രധാരനും സജി കൃത്യത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമാണ്. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍, കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എം എല്‍ എ, സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ വി ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.