റഷ്യക്കു വേണ്ടി കുർസ്ക് മേഖലയില്‍ ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആള്‍ നാശമുണ്ടായതായി യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസി.
നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിലാണ് നിരവധി സൈനികർ കൊല്ലപ്പെട്ടതെന്നും രഹസ്യാന്വേഷണ ഏജൻസിയായ ജി.യു.ആർ അറിയിച്ചു.
കുടിവെള്ള ക്ഷാമമടക്കം സൈന്യം നിരവധി പ്രതിസന്ധി നേരിടുന്നതായും ജി.യു.ആർ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് വൻ സാമ്ബത്തിക, സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നാശത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
കുർസ്ക് മേഖലയിലെ ഏറ്റുമുട്ടലിനിടെ 3000ത്തോളം ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കാൻ 12,000 സൈനികരെ ഉത്തര കൊറിയ വിന്യസിച്ചെന്നാണ് വിവരം.



