ജയ്പൂർ-അജ്മീർ ഹൈവേയില്‍ ഗ്യാസ് ടാങ്കറില്‍ ട്രക്ക് ഇടിച്ചതിനെ തുടർന്ന് വൻ തീപിടിത്തവും പൊട്ടിത്തെറിയും.
ദുരന്തത്തില്‍ ടാങ്കറിനു പിറകില്‍ വരികയായിരുന്ന ബസിന് തീപിടിച്ചതിനെ തുടർന്ന് എട്ടു യാത്രക്കാർ വെന്തു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം.
ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നു സ്ലീപ്പർ ബസ്. തീപിടിത്തത്തില്‍ 35 പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലർ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗ്യാസ് ടാങ്കർ അജ്മീറില്‍ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലർച്ചെ 5.44 ഓടെ ട്രക്ക് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു, അല്‍പ്പസമയത്തിനകം പ്രദേശമാകെ തീഗോളമായി. 30 ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചു.
ബസില്‍ 34 യാത്രക്കാർ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് ബസ് ഉദയ്പൂരില്‍ നിന്ന് പുറപ്പെട്ടത്. 42 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എട്ട് പേർ മരിച്ചതായും ജയ്പൂർ എസ്.എം.എസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ ഭാട്ടി പറഞ്ഞു. പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 60 ശതമാനത്തിലധികം പൊള്ളലേറ്റ 10 മുതല്‍ 12 വരെ രോഗികളുണ്ട്.



