വാഷിംഗ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂണ്‍ലി. വൃക്കമാറ്റിവെച്ച് മൂന്നാഴ്ചയ്ക്ക് ശേഷം വൃക്ക വിജയകരമായി പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്കിലെ എന്‍.വൈ.യു ലാങ്കോണ്‍ ആരോഗ്യവിഭാഗം അധികൃതര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ മൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന മാറി. എ.എഫ്.പി വാര്‍ത്താ ഏജന്‍സിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
1999-ല്‍ തന്റെ അമ്മയ്ക്ക് ടൊവാന ഒരു വൃക്ക ദാനം ചെയ്തിരുന്നു. നീണ്ടവര്‍ഷത്തെ ഗര്‍ഭകാല പ്രശ്‌നം കൊണ്ട് ടൊവാനയുടെ രണ്ടാമത്തെ വൃക്ക തകരാറിലായതോടെയാണ് പന്നിയുടെ വൃക്ക വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. പരീക്ഷണം വിജയിച്ചതോടെ ഇതൊരു അനുഗ്രഹം എന്ന കുറിപ്പോടു കൂടിയാണ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. പരീക്ഷണം വിജയകരമായത് അവയവത്തിനായി കാത്ത് നില്‍ക്കുന്ന നിരവധി പേര്‍ക്ക് അനുഗ്രഹമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
അമേരിക്കയില്‍ മാത്രം ഏകദേശം ഒരുലക്ഷത്തോളം ആളുകള്‍ അവയവദായകരെ കാത്തിരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ തൊണ്ണൂറായിരത്തോളം പേര്‍ക്ക് വൃക്കയാണ് ആവശ്യമുള്ളത്.
വൃക്ക തകരാറിലായതോടെ ടൊവാന ലൂണ്‍ലി 2016 മുതല്‍ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. അവയവത്തിനായി ഇപ്പോള്‍ തന്നെ നീണ്ട കാത്തിരിപ്പുണ്ട് എന്നതിനപ്പുറം ആന്റിബോഡി പ്രശ്‌നം വൃക്ക സ്വീകരണത്തിന് തടസ്സമാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലും കൂടി വന്നതോടെയാണ് പന്നിയുടെ വൃക്ക സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായത്.
മൂന്നാഴ്ച മുന്നേയായിരുന്നു പരീക്ഷണം. ഇത് പുതിയ അവയവത്തിന് സമാനമായി പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടതോടെയാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായത്.
ഇതോടെ പന്നികളുടെ വൃക്ക മാറ്റി വെക്കുന്ന മൂന്നാമത്തെയാളായി ലൂണ്‍ലി മാറി. നേരത്തെ വൃക്കമാറ്റിവെച്ച രണ്ടുപേരും മരണപ്പെട്ടിരുന്നു.



