ഡമാസ്കസ്: അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ സിറിയയില്‍ കനത്ത ആക്രമണം തുടർന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്രയേല്‍ തകർത്തു.
തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂർണ്ണമായും തകർത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയിട്ടുള്ളത്. അസദ് നാടുവിടുകയും സിറിയ വിമതർ പിടിച്ചടക്കുകയും ചെയ്തതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലൻ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തിയിരുന്നു.
ഇവിടുത്തെ ബഫർ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം.</p><p>അതിനിടെ, പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ബാഷർ അല്‍ അസദ് ഭരണത്തിന്റെ തകർച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
സിറിയൻ ഭരണകൂടത്തിന്റെ തകർച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങള്‍ നല്‍കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാൻ മുമ്ബ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങള്‍ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിർത്തിയില്‍ നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്നും ഗോലൻ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു. സിറിയൻ യുദ്ധ കപ്പലുകള്‍ തകർക്കാനുള്ള ഓപ്പറേഷൻ വൻ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകർത്തിരുന്നു. വിമതർ കൈയടക്കാതിരിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എൻ. രക്ഷാസമിതിയില്‍ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയയുടെ സാധ്യതകളെ തകർക്കുന്ന നീക്കമാണിതെന്ന് സൗദി പറഞ്ഞു.
ഇതിനിടെ ബാഷർ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതർ, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാർച്ച് ഒന്നുവരെയാണ് അല്‍ ബഷീറിന്റെ കാലാവധി.
വിമതർക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീർ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷൻ സർക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീർ. എൻജിനീയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സർവകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്.



