പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി 34-മത് ജനറൽ കൺവൻഷനും ദ്വിവത്സര കോൺഫറൻസും 2025 ജനുവരി 23 (വ്യാഴം) മുതൽ 26 (ഞായർ) വരെ സഭാ ആസ്ഥാനമായ പത്തനാപുരം കൺവൻഷൻ സെന്റെറിൽ വച്ചു നടത്തപ്പെടും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭയിലെ കർത്തൃ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ഒ.അനിയൻ ജനറൽ കൺവീനർ ആയും സെക്ഷൻ പ്രസ്ബിറ്റർമാർ കൺവീനർമാരായും വിവിധ കമ്മറ്റികളുടെ ചുമതലയിൽ നിവർത്തിച്ചു വരുന്നു.

സഭാ ഓവർസിയർ ഡോ.ജോയി പി. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർമാരായ സണ്ണി ഫിലിപ്പ്, കോശി വൈദ്യൻ,രാജു പൂവക്കാല, കെ.വി.ഏബ്രഹാം, ബിജു മാത്യു, മിസ്സിസ് ഗ്രെയ്സ് ഉമ്മൻ,മിസ്സിസ് മേഴ്‌സി ഫിലിപ്പ് തുടങ്ങിയവർ ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും.

23-ന് രാവിലെ 10.30 -ന് ശുശ്രൂഷകന്മാരുടെ കടുംബ സമ്മേളനത്തോടെ ആരംഭിക്കുന്ന യോഗം ഞായറാഴ്ച സഭായോഗത്തോടും കർത്തൃമേശയോടും കൂടി സമാപിക്കും. സഭയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും പ്രസ്ബിറ്റർമാരും വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കും. ബൈബിൾ ക്ലാസ്സ്, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീ സമ്മേളനം,സണ്ടേസ്കൂൾ-യുവജന സമ്മേളനം, പൊതു യോഗങ്ങൾ തുടങ്ങിയവയും നടക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് സ്നാന ശുശ്രൂഷയും , 10.30 മുതൽ സഹോദരീ സമ്മേളനവും നടക്കും. സഹോദരീ സമ്മേളനത്തിൽ സിസ്റ്റർ മേഴ്സി ഫിലിപ്പും, ഉച്ചയ്ക്ക് 3 മുതൽ നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ ബിജു മാത്യുവും ശുശ്രൂഷിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ സഭയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ജനറൽ ബോഡി യോഗവും നടത്തപ്പെടും. ഞായർ രാവിലെ 8 മണി മുതൽ നടക്കുന്ന വിശുദ്ധ സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി യോഗം സമാപിക്കും.
പാസ്റ്റർ രാജേഷ് (പാലോട്)-ന്റെ നേതൃത്വത്തിൽ ബ്രദർ ഇമ്മാനുവൽ ഹെന്ററി, സിസ്റ്റർ മോളമ്മ തുടങ്ങിയവർ ഉൾപ്പെടെ ചെങ്ങന്നൂർ റീമാ വോയ്സ് ഈ യോഗങ്ങളിൽ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.



