വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നതെന്നും ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

◾ വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണെന്നും വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നതെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ഇന്ന് കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.

◾ സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുമെന്നും ടീക്കോമില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും മന്ത്രി വ്യക്തമാക്കി. കരാറിന് അകത്ത് നിന്ന് കൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വരാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും വേഗത്തില്‍ ഭൂമി കൈമാറ്റം നടക്കാനാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദപത്രപ്പരസ്യത്തിലെ സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതാണെന്നും അഭ്യുദയകാംക്ഷികള്‍ നല്‍കിയ ഭാഗവുമായി സ്ഥാനാര്‍ഥിക്കോ എല്‍.ഡി.എഫിനോ ബന്ധമില്ലെന്നും എല്‍.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റ്. അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നല്‍കിയതെന്ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ വിശദീകരണത്തില്‍ എല്‍.ഡി.എഫ്. അവകാശപ്പെടുന്നു.

◾ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. വിമാനത്താവള കണക്റ്റിവിറ്റി റോഡുകളും സീപോര്‍ട്ട് കണക്റ്റിവിറ്റി റോഡുകളും അനുവദിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായി റിയാസ് അറിയിച്ചു.

◾ മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ കേസെടുക്കില്ലെന്ന് പോലിസ്. നവകേരള യാത്രക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കോടതിയെ ഇന്ന് അറിയിക്കും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു.

◾ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.

◾ ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിലാണ് നടപടി.

◾ നടന്‍ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലിസ് ഇക്കാര്യം പറയുന്നത്. ഇന്നലെ സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഈ നിലപാട് സ്വീകരിച്ചത്.

◾ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കേരളം വിടാന്‍ പാടില്ലെന്ന ഉപാധിയോടെ ജാമ്യം. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപയും കെട്ടിവയ്ക്കണം. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരിയേയും കേസുമായി ബന്ധപ്പെട്ട് ആരെയും കാണാന്‍ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണില്‍ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

◾ സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. ആരുടേയും ആരുടേയും അന്നം മുടക്കിയില്ലെന്നും കാള പെറ്റെന്നു കേള്‍ക്കുമ്പോളേക്കും കയര്‍ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

◾ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി

◾ പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാര്‍ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30-ന് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അതേസമയം മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മൂന്ന് മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു.

◾ ഇടുക്കി കട്ടപ്പന സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് ഇടുക്കി ആര്‍ ടി ഒ സസ്പെന്‍ഡ് ചെയ്തു. ബൈസണ്‍ വാലി സ്വദേശി സിറിള്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ കുമളി സ്വദേശി വിഷ്ണു പതിരാജ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

◾ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറിന് പിന്നില്‍ ക്രെയിന്‍ ഇടിച്ച് പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്റെ പിന്‍ചക്രവും നേഹയുടെ ശരീരത്തിലിടിച്ചു.

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്.

◾ കാറും കരിമ്പുകൊയ്യുന്ന യന്ത്രവും കൂട്ടിയിടിച്ച് കര്‍ണാടകയില്‍ അഞ്ച് മരണം. വെള്ളിയാഴ്ച കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

◾ 2017ല്‍ ജയലളിതയുടെ അവധിക്കാല എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയും സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും ചെയ്ത കോടനാട് എസ്റ്റേറ്റ് കൊലക്കേസില്‍ എടപ്പാടിയെയും ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. എസ്റ്റേറ്റ് മാനേജരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്നായിരുന്നു നീലഗിരി കോടതിയുടെ ഉത്തരവ്.

◾ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നവീകരണമെന്നാണ് സൂചന.

◾ ആഫ്രിക്കയിലെ തെക്കുപടിഞ്ഞാറന്‍ കോംഗോയില്‍ ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന അജ്ഞാത രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഫ്ലുവന്‍സയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ അജ്ഞാത രോഗം ബാധിച്ച് 150 ഓളം പേര്‍ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

◾ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

◾ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 22.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

◾ അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.