ബാദലിനുനേരെ വെടിയുതിർത്ത നാരായണ്‍ചൗര കൊടും ഭീകരൻ; പ്രവർത്തനങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച്

ന്യൂഡൽഹി: സുവര്‍ണക്ഷേത്രത്തില്‍ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവെച്ച നാരായണ്‍ ചൗര കൊടും ഭീകരന്‍.

1984-ലെ സിഖ് കലാപകാലത്ത് ഖലിസ്താന്‍ പോരാട്ടത്തില്‍ പ്രധാനിയായിരുന്നു നാരായണ്‍ ചൗര. ആക്രമണങ്ങളും ഭീകരപ്രവര്‍ത്തനവുമായി സജീവമായിരുന്ന ചൗര, സിഖ് കലാപത്തിനുശേഷം പാകിസ്താനിലേക്ക് മുങ്ങിയെങ്കിലും അതിനുശേഷം പഞ്ചാബിലേക്ക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വലിയതോതില്‍ കടത്തിയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനില്‍ നിന്ന് ഗറില്ലാ പ്രവര്‍ത്തനത്തെ കുറിച്ചടക്കം പുസ്തകം രചിച്ചതായും അധികൃതര്‍ അറിയച്ചു.

1986 -ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ചൗര കുപ്രസിദ്ധ ബുരൈല്‍ ജയില്‍ചാടല്‍ കേസിലടക്കം പ്രധാന കണ്ണിയായിരുന്നു. 2004 ജനുവരിയിലായിരുന്നു ചണ്ഡീഗഢിലെ അതിസുരക്ഷാ ജയിലായ ബുരൈല്‍ ജയിലിലെ രക്ഷപ്പെടല്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജഗ്താര്‍ സിങ് താര, പരംജിത് സിങ് ഭിയോര, ജഗ്താര്‍ സിങ് ഹവാര, ദേവി സിങ് എന്നിവരായിരുന്നു അന്ന് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

ജയിലിനടിയില്‍ തുരങ്കം നിര്‍മിച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. ഈ രക്ഷപ്പെടലില്‍ നാരായണ്‍ ചൗരയ്ക്കും പങ്കുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും 2005-ല്‍ ജയില്‍മോചിതനായി. പക്ഷേ, അതിനുശേഷവും പാകിസ്താനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ച് പഞ്ചാബിലേക്കെത്തിക്കുന്ന ജോലി തുടർന്നുവെന്ന് പോലീസ് പറഞ്ഞു.

ആയുധക്കടത്തുമായി ബന്ധപ്പെട്ട് 2013 ഫെബ്രുവരി 28 ന് പഞ്ചാബ് പോലീസ് യു.എ.പി.എ നിയമപ്രകാരം നാരായണ്‍ ചൗരയേയും സംഘത്തേയും വീണ്ടും അറസ്റ്റ് ചെയ്യുകയും
നിരവധി ആയുധ ശേഖരം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം 2018 ഓഗസ്റ്റ് മാസത്തിലാണ് മോചിതനായത്.
————-