എഴുതാനുമറിയില്ല, വായിക്കാനുമറിയില്ല: ബ്രിട്ടീഷ്‌ സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ നില ദയനീയമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടീഷ്‌ സർവകലാശാലകളില്‍ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ നില അതീവ ദയനീയമെന്ന് ബിബിസി റിപ്പോർട്ട്. പഠിക്കാനെത്തുന്നതില്‍ ഭൂരിപക്ഷം വിദ്യാർഥികള്‍ക്കും ഇംഗ്ലീഷ്‌ പരിജ്ഞാനം തീരെയില്ലെന്നാണ് ചാനല്‍ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടില്‍ പറയുന്നത്.

ക്ലാസില്‍ അധ്യാപകർ പഠിപ്പിക്കുന്നത് എന്തെന്ന് മനസിലാക്കാതെയാണ് പലരും ഇരിക്കുന്നതെന്നും ഹോം വർക്ക് അടക്കം പണം നല്‍കി മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍.ബിബിസി നടത്തിയ ‘ഫയല്‍ നമ്ബർ ഫോർ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്

വിദ്യാർഥികള്‍ അധ്യാപകർ പറയുന്നത്‌ മനസ്സിലാക്കാൻ ക്ലാസില്‍ ഗൂഗിള്‍ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നു, അസൈൻമെന്റ് തയ്യാറാക്കാൻ പലരും പണം നല്‍കി ബാഹ്യസഹായം തേടുന്നു, ചിലർ ഹാജർ രേഖപ്പെടുത്താൻ പോലും കാശുകൊടുത്ത്‌ ആളെ നിയോഗിക്കുന്നു- എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് സർവകലാശാല വിദേശ വിദ്യാർഥികളെ സംബന്ധിച്ച്‌ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

യുകെയില്‍ മാസ്‌റ്റേഴ്‌സ്‌ വിദ്യാർഥികളില്‍ പത്തില്‍ ഏഴും വിദേശത്തുനിന്നാണ്‌. വിദേശ വിദ്യാർഥികളില്‍നിന്ന്‌ അമിത ഫീസ്‌ വാങ്ങി ഇംഗീഷ് പരിജ്ഞാനംപോലും പരിഗണിക്കാതെ പ്രവേശനം നല്‍കുകയാണെന്ന് സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ യൂണിവേഴ്‌സിറ്റി ആൻഡ്‌ കോളേജ്‌ യൂണിയനും വിദ്യാർഥികളും പ്രതികരിച്ചു. അതേസമയം ബ്രിട്ടീഷ്‌ സർവകലാശാലകളുടെ സംഘടന ഇപ്പോള്‍ ഉയർന്നുവന്നിരിക്കുന്ന ഈ ആരോപണം നിഷേധിച്ചു.