യുട്യൂബില്‍ നോക്കി മന്ത്രവാദം പഠിച്ചു; മകന്റെ മാനസിക രോഗം മാറാൻ സഹോദരന്റെ 12 കാരിയായ മകളെ ബലി കൊടുത്തു: ദമ്പതികള്‍ അറസ്റ്റില്‍

ഡിയോറിയ : മന്ത്രവാദത്തിന്റെ പേരില്‍ സഹോദരന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍. ഉത്തർപ്രദേശിലെ ഡിയോറിയയില്‍ ഭട്‌നി പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന അവധേഷ് യാദവിന്റെ മകളായ 12 കാരിയാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു അവധേഷ് യാദവ്.

അവധേഷിന്റെ സഹോദരൻ ശേഷനാഥ് യാദവും ഭാര്യ സബിതയും വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. നവംബർ 27ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അന്ന് അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിയോറിയ എസ്പി പറഞ്ഞു. എന്നാല്‍ ശേഷനാഥ് യാദവിന്റെയും ഭാര്യ സബിതയുടേയും പെരുമാറ്റത്തില്‍ സംശയമുള്ള പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവത്തിന്റെ ദുരൂഹത പുറത്ത് വരികയായിരുന്നു.

തങ്ങളുടെ 22 വയസ്സുള്ള മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും , കന്യകയായ ഒരു പെണ്‍കുട്ടിയെ ബലിയർപ്പിച്ചാല്‍ മകൻ സുഖം പ്രാപിക്കുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി ശേഷനാഥ് യൂട്യൂബില്‍ നിന്ന് മന്ത്രം പഠിച്ചു. വിവാഹത്തിനായി ഭട്നിയില്‍ എത്തിയപ്പോള്‍, പെണ്‍കുട്ടിയെ കണ്ടെത്തണമെന്നും, ബലിയർപ്പിക്കാനും പദ്ധതിയിട്ടിരുന്നു.

വീട്ടുകാരെല്ലാം വിവാഹചടങ്ങിന്റെ തിരക്കിലായിരുന്നപ്പോള്‍ ഇരുവരും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ തടഞ്ഞുനിർത്തി , അവസരം കിട്ടിയപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഷാളില്‍ പൊതിഞ്ഞ് വീടിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.