പാരീസ് :അഞ്ചുവര്‍ഷം മുന്‍പ് അഗ്‌നിക്കിരയായ പാരീസിലെ ലോക പ്രശസ്തമായ നോത്രദാം പള്ളിയുടെ നവീകരണം പൂര്‍ത്തിയായി. പ്രധാന അള്‍ത്താരയുടെ കൂദാശ ഡിസംബര്‍ ഏഴിന് നടക്കും. അന്ന് മുതല്‍ ദേവാലയം തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുക്കും.
2019 ഏപ്രില്‍ 15ന് തീപ്പിടിത്തത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉള്ളിലേക്കു വീണ് ദേവാലയത്തിന്റെ വലിയൊരു ഭാഗം നശിച്ചിരുന്നു. ആകെ 7463 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം ദേവാലയത്തിലെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ ഏഴിലെ ചടങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രത്തലവന്‍മാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട നവീകരിച്ച പള്ളിയുടെ ചിത്രങ്ങള്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. ഗോഥിക് വാസ്തുവിദ്യയുടെ എല്ലാ സൗന്ദര്യവും നിലനിര്‍ത്തിയാണ് നവീകരണം പൂര്‍ത്തിയാക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലാം കുരിശുയുദ്ധകാലത്ത് ഫ്രഞ്ചു ചക്രവര്‍ത്തി ഫിലിപ്പ് അഗസ്റ്റിയാണ് സെയിന്‍നദിയുടെ ഒരു തുരുത്തില്‍ നോത്രദാം ദേവാലയം പണിതുടങ്ങുന്നത്. ഗോഥിക് കലയുടെ സര്‍വസൗന്ദര്യങ്ങളുമുള്ള ഈ ദേവാലയം പൂര്‍ത്തിയാക്കാന്‍ ഇരുന്നൂറ് വര്‍ഷങ്ങളെടുത്തു. ഫ്രാന്‍സിന്റെ ഉയര്‍ച്ച താഴ്ചകളിലും ഗംഭീര മുഹൂര്‍ത്തങ്ങളിലും ഈ ദേവാലയം ഒരു സാക്ഷിയായി. ഫ്രാന്‍സിലെ ചക്രവര്‍ത്തിമാരുടെ സ്ഥാനാരോഹണങ്ങളും വിവാഹങ്ങളും കബറടക്കങ്ങളും നോത്രദാം ദേവാലയം ഏറ്റെടുത്തു.
ഫ്രഞ്ച് വിപ്ലവം പാരീസിനെ ഒരു മതേതര ജനാധിപത്യറിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ ദേവാലയത്തില്‍നിന്ന് മതാനുഷ്ഠാനങ്ങള്‍ ഒഴിവാക്കപ്പെട്ടു. ദേവാലയം മ്യൂസിയമായി മാറ്റാനുള്ള തീരുമാനവുമുണ്ടായി. എന്നാല്‍ 1831-ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോവല്‍ പുറത്തുവന്നതോടെ നോത്രദാം ദേവാലയം വീണ്ടും ജനിക്കുകയായിരുന്നു.
നൂറ്റാണ്ടുകളായി ഫ്രാന്‍സിലെ കത്തോലിക്കാജീവിതത്തിന്റെ ഹൃദയഭാഗമായി നോത്രദാമിനെ കണക്കാക്കിപ്പോരുന്നു. മുട്ടുചുവരുകളും വൃത്താകൃതിയിലുള്ള ജാലകങ്ങളും കത്തീഡ്രലിന്റെ ഘടനയ്ക്ക് മനോഹാരിത കൂട്ടുന്നു. ഇരട്ട ഗോപുരങ്ങള്‍ എന്ന് തോന്നിക്കുന്ന എന്നു തോന്നിക്കുന്ന വടക്കേ ഗോപുരവും തെക്കേ ഗോപുരവും മറ്റൊരു ആകര്‍ഷണമാണ്.
തിരുശേഷിപ്പുകളുടെ ഒരു കലവറ തന്നെയാണ് ഈ ദേവാലയം. കുരിശേറ്റത്തിനു മുമ്പ് ക്രിസ്തുവിന്റെ ശിരസ്സില്‍ അണിയിച്ച മുള്‍മുടിയാണ് തിരുശേഷിപ്പുകളില്‍ ഏറ്റവും പ്രധാനം. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്തു കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി 1235-ല്‍ ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് നോത്രദാം ദേവാലയത്തില്‍ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍മുടി സംരക്ഷിക്കാനേല്‍പ്പിച്ചത്. ക്രിസ്തുവിനെ തറച്ച മൂന്നു കുരിശാണികളിലൊന്ന് നോത്രദാമിലുണ്ട്. ക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞ തിരുക്കച്ചയുടെ ഒരു ചീന്തും തിരുശേഷിപ്പുകളുടെ ചാപ്പലില്‍ സൂക്ഷിച്ചിട്ടുണ്ട്.



