കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാൻ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.
പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.



