ന്യൂഡല്‍ഹി: നിയമപരമായ വിവാഹപ്രായമെത്തുംമുന്‍പ് ഇന്ത്യയിലെ അഞ്ചിലൊരു പെണ്‍കുട്ടിയുടെ കല്യാണം കഴിയുന്നെന്ന് കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രി അന്നപൂര്‍ണാദേവി പറഞ്ഞു. ഒരുവര്‍ഷത്തിനിടെ രണ്ടുലക്ഷത്തോളം ബാലവിവാഹം തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും രാജ്യം പൂര്‍ണമായി ഇതില്‍നിന്ന് മുക്തി നേടണമെന്നും മന്ത്രി പറഞ്ഞു. ബാലവിവാഹം പ്രതിരോധിക്കാനുള്ള ‘ബാലവിവാഹ് മുക്ത് ഭാരത്’ പ്രചരണപരിപാടിക്ക് തുടക്കംകുറിക്കുകയായിരുന്നു അവര്‍.
2029-ഓടെ ബാലവിവാഹനിരക്ക് അഞ്ചുശതമാനംവരെ കുറയ്ക്കുന്നതിനുള്ള രൂപരേഖ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു.
ബാലവിവാഹനിരക്ക് കൂടുതലായ പശ്ചിമബംഗാള്‍, ബിഹാര്‍, രാജസ്ഥാന്, ത്രിപുര, അസം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മുന്നൂറോളം ജില്ലകളിലുമായാണ് ബാലവിവാഹ് മുക്ത് ഭാരത് പ്രചരണപരിപാടി നടപ്പാക്കുക.
അവബോധമുണ്ടാക്കാനും കേസുകള്‍ രജിസ്റ്റര്‍ചെയ്യാനും കഴിയുന്ന ചൈല്‍ഡ് മാരേജ് ഫ്രീ ഭാരത് പോര്‍ട്ടലും പരിപാടിയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.



