◾ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.
◾ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് ആണെന്നും അന്ന് കേരളത്തില്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒപ്പം ആയിരുന്നു ലീഗെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം എന്നും അദ്ദേഹം വിമര്‍ശിച്ചു .
◾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവര്‍ത്തിച്ചുവെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പ്രിയങ്ക പാര്‍ലമെന്റില്‍ ആദ്യം ഉന്നയിക്കുക വയനാട് ദുരന്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോല്‍വിയുടെ കാരണം കൂട്ടമായി പരിശോധിക്കുമെന്നും തിരിച്ചടി കോണ്‍ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികള്‍ക്കുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
◾ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി നിയുക്ത പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം എതിരാളികള്‍ തോല്‍വി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വര്‍ഗീയത പറഞ്ഞു പരിഹസിക്കരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കിയെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ. സുധാകരന്‍ പറഞ്ഞു. പി. സരിന്‍ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിര്‍ത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ചേലക്കരയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. തോല്‍ക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി പ്രാദേശിക നേതാക്കളും രംഗത്തെത്തി. എന്നാല്‍ ചേലക്കരയിലുണ്ടായ തോല്‍വി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
◾ ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. ചേലക്കരയിലെ ബിജെപി വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
◾ സരിന്‍ തിളങ്ങുന്ന നക്ഷത്രമാകാന്‍ പോകുന്നുവെന്നും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പി സരിനെ ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കേണ്ടെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിന്‍ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണെന്നും സരിനെ സിപിഎം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലന്‍ പറഞ്ഞു.
◾ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് മന്ത്രി എംബി രാജേഷ്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായിയെന്നും കല്ലേറുകള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കണ്ടത് എസ്ഡിപിഐ – ജമാത്ത് ഇസ്ലാമി – യുഡിഎഫ് കൂട്ട്കെട്ടാണെന്നും അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് യുഡിഎഫ് ജയിച്ചത് വര്‍ഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിന്‍. പള്ളികളില്‍ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിന്‍ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോര്‍മുലയാണെന്നും കൂട്ടിച്ചേര്‍ത്തു. ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നല്‍കിയെന്നും സരിന്‍ വിമര്‍ശിച്ചു. പരസ്യത്തില്‍ തെറ്റില്ലെന്നും പത്ര പരസ്യവിവാദത്തില്‍ സരിന്‍ പ്രതികരിച്ചു.
◾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി ഡീല്‍ ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. ഫലം വരും മുമ്പ് വടകര -പാലക്കാട് ഡീല്‍ ആക്ഷേപം യുഡിഎഫിനെതിരെ ഉന്നയിച്ച സിപിഎം ഫലം വന്നതോടെ അത് തൃശ്ശൂര്‍- പാലക്കാട് ഡീല്‍ എന്ന് കളം മാറ്റി. പ്രചാരണത്തില്‍ പിഴച്ചെന്ന വലിയ വിമര്‍ശനം ഉയരുമ്പോഴും തീരുമാനങ്ങളെല്ലാം കൂട്ടായെടുത്തതെന്നാണ് മന്ത്രി എംബി രാജേഷിന്റെ വിശദീകരണം.
◾ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും സി. കൃഷ്ണകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ നേതൃത്വം പരിഗണിക്കണമായിരുന്നുവെന്നും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു.
◾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി. മാറിയിട്ടുണ്ടെങ്കില്‍ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. അടിസ്ഥാനവോട്ടുകള്‍ നിലനിര്‍ത്താന്‍ ഒരുപരിധിവരെ ബി.ജെ.പി.ക്കായിട്ടുണ്ടെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40,000-ത്തിലധികം വോട്ടാണ് ബി.ജെ.പി.ക്ക് ലഭിച്ചതെന്നും അതിനടുത്ത് വോട്ടുനിലനിര്‍ത്താന്‍ ഇക്കുറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
◾ കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയായി മാറിയെന്നും പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കണമെന്നും വ്യക്തമാക്കി എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട്ടെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തിയത്. വീഴ്ച്ചയുടെ ഉത്തരവാദിത്തതില്‍ നിന്ന് നേതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഇത്തില്‍ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തില്‍ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
◾ പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി. വന്‍ഭൂരിപക്ഷത്തില്‍ പ്രിയങ്ക ജയിച്ചതില്‍ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാര്‍ലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണെന്നും മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നുവെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഎം വിമത കണ്‍വെന്‍ഷന്‍. ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും 11 ബ്രാഞ്ച് സെക്രട്ടറിമാരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ലോക്കല്‍ സമ്മേളനം സമീപത്ത് നടക്കുമ്പോഴായിരുന്നു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഫിന്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദന്‍ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍. ഇടതുപക്ഷ പാരമ്പര്യം മതേതരമാണെന്നും എന്നാല്‍ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സന്ദീപ് പാര്‍ട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.
◾ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് രാവിലെ 11 മണി മുതല്‍ നല്‍കാവുന്നതാണ്. അപേക്ഷകള്‍ ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്.
◾ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തില്‍ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനന്‍ സിപിഎമ്മില്‍ ചേരാത്തതില്‍ ശശിക്ക് വൈരാഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടുവെന്നും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
◾ നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
◾l കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു.
◾ ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഇയാള്‍ ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
◾ നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 8 വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാളായി ചുമതലയേല്‍ക്കും.
◾ മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് നടന്‍ ഗണപതിയെ എറണാകുളം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. നടന്‍ അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
◾ മലപ്പുറം വഴിക്കടവില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 14 കാരന്‍ മരിച്ചു. പുളിക്കല്‍ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കല്‍ അബ്ദുള്‍ അസീസിനും പരുക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുമ്പാഴായിരുന്നു അപകടം.
◾ ഉത്തര്‍ പ്രദേശിലെ സംബാലിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി.
◾ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പൊലീസുകാരന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു മര്‍ദ്ദനം. പൊലീസുകാരന്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. തുടര്‍ന്ന് തടിച്ചുകൂടിയ ആളുകള്‍ ഭാര്യയും മക്കളും നോക്കി നില്‍ക്കെ പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു.
◾ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. രക്തബന്ധമുള്ള ബന്ധുവിനോ പവര്‍ ഓഫ് അറ്റോര്‍ണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകള്‍ റദ്ദാക്കാനോ പേപ്പറുകളില്‍ ഒപ്പിടാനോ സാധിക്കൂ എന്നതാണ് പ്രധാന നിബന്ധന.
◾ രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
◾ ഉത്തര്‍ പ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം. പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ പിലിഭിത്തില്‍ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തില്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിന്‍ നില്‍ക്കുകയായിരുന്നു.
◾ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസ് ജൂനിയറിനെതിരെ പൊതുവേദിയില്‍ വച്ച് 46കാരിയായ ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെര്‍ഡ് കാര്‍പിയോയുടെ ഭീഷണി. ജൂണ്‍ മാസത്തില്‍ മാര്‍ക്കോസിന്റെ ക്യാബിനറ്റില്‍ നിന്ന് രാജി വച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സാറ ഒഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സാറയുടെ അനുയായികളേയും കുടുംബാംഗങ്ങളേയും കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സാറ ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പ്രസിഡന്റിനേയും കുടുംബത്തിന്റേയും തല വെട്ടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ക്വട്ടേഷന്‍ നല്‍കിയതായാണ് സാറ വ്യക്തമാക്കിയത്.
◾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത് എന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്‌ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയില്‍ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നല്‍കിയിരുന്നു.
◾ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്നാകുമെന്ന് സൂചന. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം. മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്നാണ് വിവരം.
◾ സ്ത്രീകളെ അനാദരിച്ചതിനാലാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് ഈ വിധി ഉണ്ടായതെന്നും സ്ത്രീകളെ അനാദരിക്കുന്നവര്‍ക്ക് ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്നും സ്ത്രീകളെ അനാദരിക്കുന്നവര്‍ പിശാചാണെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കങ്കണയുടെ കടന്നാക്രമണം.
◾ ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ ബിജെപിയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനായി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
◾ ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിനാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും വിജയത്തിളക്കം. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.
◾ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക വിജയപ്രതീക്ഷ. വിരാട് കോലിയും യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ ഓസീസിനെതിരെ ഉയര്‍ത്തിയ വിജയലക്ഷ്യം 534 റണ്‍സാണ്. ജയ്സ്വാള്‍ 161 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോലി100 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു. കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഓസീസ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 12 ന് 3 എന്ന നിലയിലാണ്.
◾ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സിലെത്തിച്ചങ്കെിലും മിനിറ്റുകള്‍ക്കുള്ളിലാണ് ഋഷഭ് പന്ത് ആ റെക്കോര്‍ഡ് തകര്‍ത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ് 14 കോടി രൂപയ്ക്ക് കെ.എല്‍. രാഹുലിനെ ടീമിലെത്തിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ 23.75 കോടി രൂപയ്ക്കാണ് തിരികെ ടീമിലെത്തിച്ചത്. സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് നിലനിര്‍ത്തി. പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്ലറിനെ 15.75 കോടിക്കും ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 24.75 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.



