തുടര്‍ച്ചയായി സെല്‍ഫി എടുത്തു; പ്രകോപിതയായ പിടിയാന പാപ്പാനെയടക്കം രണ്ടു പേരെ ചവിട്ടിക്കൊന്നു

ചെന്നൈ: പഴം നല്‍കി തുടർച്ചയായി സെല്‍ഫിയെടുത്തതില്‍ പ്രകോപിതയായ പിടിയാന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു.

തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ആന ദേവയാനിയാണ് രണ്ടു പേരെ കൊലപ്പെടുത്തിയത്. തിരുച്ചെന്തൂർ സ്വദേശിയായ പാപ്പാൻ ഉദയകുമാർ (45) പാറശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരാണ് മരിച്ചത്.

ശിശുപാലൻ തുടർച്ചയായി ആനയ്‌ക്ക് പഴം നല്‍കി സെല്‍ഫിയെടുത്തതാണ് ആനയെ പ്രകോപിപ്പിച്ചത്. അതോടെ ശിശുപാലനെ ആന തുമ്ബിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തി. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പാപ്പാൻ ഉദയപാലനെയും ആക്രമിച്ചു. ഇരുവരെയും ചവിട്ടിക്കൊല്ലുകയായിരുന്നു. പാറശ്ശാലയ്‌ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലൻ ദിവസങ്ങള്‍ക്ക് മുമ്ബാണ് ബന്ധുവിന്റെ വീടായ തിരുച്ചെന്തൂരിലെത്തിയത്.

ഞായറാഴ്ച വൈകിട്ട് ആനയുടെ ഷെഡില്‍ വച്ചാണ് സംഭവം. ശിശുപാലനെ പെട്ടെന്ന് പ്രകോപിതനായ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ആനയാണ് 25 വയസു വരുന്ന ദേവയാനി.