വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ നവംബര്‍ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹര്‍ത്താലെങ്കില്‍ കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം വിവേചന പൂര്‍ണമായതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ഈ രാജ്യത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന് വേണ്ടി വലിയ തോതില്‍ സംഭാവന ചെയ്യുന്ന നാടാണെന്നും കേന്ദ്രം അത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

◾ നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണെന്നും വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിതെന്നും ചെന്നിത്തല പറഞ്ഞു. വയനാടിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി പ്രത്യേക തുകയും സ്‌പെഷ്യല്‍ പാക്കേജും അനുവദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വയനാട്ടിലേതിനെക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്രം സഹായം നല്‍കിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് ദേശീയ-അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അവരുടെ കാപട്യം വിളിച്ചറിയിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം അത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഈ മാസം 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.

◾ ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പറയുന്ന കാര്യങ്ങളൊന്നും ആ പുസ്തകത്തില്‍ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി.

◾ ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്നും ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡിസി ബുക്സുമായി ഇപി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ വ്യാജരേഖ ഉപയോഗിച്ചാണ് പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡോ. പി സരിന്‍. ഭാര്യ ഡോ സൗമ്യയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സരിന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പാലക്കാട്ടെ വീട്ടിലേക്കും ക്ഷണിച്ചു. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും സരിന്‍ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്റെ മറുപടി.

◾ എസ്ഡിപിഐ വെള്ളിയാഴ്ച ദിനങ്ങള്‍ പാലക്കാട്ടെ മസ്ജിദുകളില്‍ യുഡിഎഫിനായി പ്രചാരണം നടത്തുകയാണെന്ന് സിപിഎം രാജ്യസഭാംഗം എഎ റഹീം എംപി. എസ്ഡിപിഐ ലഘുലേഖകള്‍ വിതരണം ചെയ്ത് പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രചരിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു. വി ഡി സതീശന് വാര്‍ത്താകുറിപ്പ് തയാറാക്കി കൊടുക്കുന്നത് എസ്ഡിപിഐയാണോയെന്ന് ചോദിച്ച അദ്ദേഹം മുസ്ലിം വിഭാഗത്തില്‍ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും വിമര്‍ശിച്ചു.

◾ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും മറ്റും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍, സുപ്രീംകോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

◾ കേരള സര്‍വകലാശാല നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന കുത്തനെ വര്‍ധിപ്പിച്ചതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളറേയും ഫൈനാന്‍സ് ഓഫീസറേയും ചുമതലപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. പരീക്ഷകളുടെ നടത്തിപ്പ് ചെലവിന് ആനുപാതികമായാണോ ഫീസ് നിശ്ചയിച്ചതെന്നും സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലെ ഫീസ് നിരക്കുകള്‍ എത്ര എന്നും കമ്മിറ്റി പരിശോധിക്കും.

◾ തെളിമ പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് റേഷന്‍ ഡിപ്പോയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

◾ മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. ഭൂമി വിട്ടുകൊടുക്കാന്‍ ആവില്ലെന്ന ലീഗ് വിരുദ്ധ ചേരിയുടെ നിലപാടിനെതിരെ മറുപക്ഷം രംഗത്ത് വന്നു. അതേസമയം, സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമസ്ത ജോയിന്റ് സെക്രട്ടറി ഉമ്മര്‍ ഫൈസി ഒരു സമ്മേളനത്തിലും യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും ആണ് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കിയത്.

◾ മുനമ്പത്ത് ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും പാര്‍ട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സര്‍ക്കാര്‍ നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

◾ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ്. നാലാം ക്ലാസ് വരെ പഠിച്ച 68 കാരനായ ഇന്ദ്രന്‍സിന് പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇനി ലക്ഷ്യം.

◾ കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്നപ്പോള്‍ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാര്‍ഥികള്‍ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്നാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മാപ്പ് പറയിച്ചത്.

◾ സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ പടിഞ്ഞാറ് പാത്തല അനാമിക ഭവനില്‍ നിത്യാനന്ദനാണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.

◾ പത്തനംതിട്ട നഗരത്തിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

◾ സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

◾ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലോട്ടറി രാജാവ്’ സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

◾ ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടിയത്.

◾ ദില്ലിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് പുന:ര്‍നാമകരണം ചെയ്തു. സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ബിര്‍സ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവര്‍ഗ നേതാവുമായിരുന്ന ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

◾ സായുധസേനയുടെ പ്രത്യേകാധികാരനിയമം നിലനില്‍ക്കുന്ന മണിപുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണിപുരിലെ ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

◾ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്.

◾ ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളില്‍ പെണ്‍കുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

◾ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

◾ ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന ‘പിനാക്ക’ വാങ്ങാന്‍ ഫ്രാന്‍സും അര്‍മേനിയയും താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

◾ സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ക്യാപ്റ്റനും പാലക്കാട്ടുകാരനായ ഗോള്‍കീപ്പര്‍ എസ്. ഹജ്മല്‍ വൈസ് ക്യാപ്റ്റനുമാകും. ബിബി തോമസ് മുട്ടത്ത് ആണ് ടീം കോച്ച്. പതിനേഴുകാരനായ റിഷാദ് ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

◾ സഞ്ജു സാംസണും തിലക് വര്‍മയും നിറഞ്ഞാടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 135 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 47 പന്തില്‍ 120 റണ്‍സ് നേടിയ തിലക് വര്‍മയുടേയും 56 പന്തില്‍ 109 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ 18 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ മാത്രം വിക്കറ്റ് നഷ്ടപ്പെടുത്തി 283 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് കളിയിലെ താരവും, സീരീസിന്റെ താരവും.

◾ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരത്തില്‍ സഞ്ജു സാംസണും തിലക് വര്‍മയും ടി20-യിലെ നിരവധി റെക്കോഡുകളാണ് പഴങ്കഥയാക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 210 റണ്‍സ് ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. ഐ.സി.സി. ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു. ടി20-യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി തിലക് വര്‍മ മാറി. സഞ്ജു നേരത്തേ ഈ നേട്ടം കൈവരിച്ചിരുന്നു.