ലഘുഭക്ഷണം കഴിക്കാനിറങ്ങിയ വിദ്യാർത്ഥിക്കൂട്ടം ഒരു കുഞ്ഞു നഗരത്തെ മൊത്തത്തില്‍ സ്തംഭിപ്പിച്ച വാർത്തകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈനയിലെ യുവത്വം സൈക്കിളുമായി യാത്രക്കിറങ്ങി നാട്ടുകാർക്ക് മുഴുവൻ പണി കൊടുത്തത്.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ജെങ്ചൗവില്‍ നിന്ന് പുരാതന നഗരമായ കൈഫങ്ങിലെ പ്രശസ്തമായ സൂപ്പ് ഡംപ്ലിങ് കഴിക്കാനായി പതിനായിരങ്ങള്‍ സൈക്കിളുമായി ഇറങ്ങിയതാണ് നഗരത്തെ വലച്ച ഗതാഗതക്കുരുക്കില്‍ കലാശിച്ചത്. സൂപ്പ് ഡംപ്ലിങ് കഴിക്കാനിറങ്ങിയ അപ്രതീക്ഷിത സൈക്കിള്‍ യാത്രികരുടെ തിരക്ക് ഒരു നഗരത്തെ ആകെ മണിക്കൂറുകളോളം ട്രാഫിക്ക് കുരുക്കിലാക്കി.
ജങ്ചൗ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാർത്ഥികളാണ് ഡംപ്ലിങ് സൂപ്പ് ട്രന്റ് വൈറലാക്കിയത്. കഴിഞ്ഞ ജൂണില്‍ ഡംപ്ലിങ്ങ് സൂപ്പ് കഴിക്കാൻ പോയതിന്റെ പോസ്റ്റ് ഇവർ എക്സില്‍ പങ്കുവെച്ചതോടെയാണ് ഇത് ട്രെൻഡായത്. പിന്നീട് കൂടുതല്‍ വിദ്യാർത്ഥികള്‍ ഇത് ഏറ്റെടുത്തതോടെ കഴിഞ്ഞ ആഴ്ചയില്‍ മാത്രം 2000 പേർ കൈഫങ്ങിലെത്തിയതായാണ് റിപ്പോർട്ടുകള്‍.
പാട്ടുപാടിയും പരസ്പരം ആശംസകള്‍ നേർന്നും സഞ്ചരിച്ച ‘നൈറ്റ് റൈഡിങ് ആർമിയെ’ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിഷയം ലോകമെമ്ബാടും ചർച്ചയായി. ജെങ്ചൗ വിലെ ആറുവരി പാത സൈക്കിള്‍ യാത്രികരെക്കൊണ്ട് നിറഞ്ഞതിന്റെ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്തായാലും, തെരുവീഥികള്‍ ചവറുകള്‍ കൊണ്ട് നിറയുന്നതില്‍ ക്ഷുഭിതരായ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.




