ഷാരോണ്‍ കൊലക്കേസ് : ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി, മരിക്കുമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഉറപ്പാക്കി

ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റെന്ന് വെളിപ്പെടുത്തല്‍.

ഡോക്ടർമാരുടെ സംഘമാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച്‌ നേരത്തെ വ്യക്തതയില്ലായിരുന്നു.

തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിരുന്നു. കിഫ്ബി എല്‍എ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു വിഡിയോകളും ഫോട്ടോകളും ഫോണില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകളായി കണ്ടെടുത്തത്.

നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നല്‍കിയത്. 2022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആണ്‍സുഹൃത്തായ ഷാരോണ്‍ രാജിന് കഷായത്തില്‍ വിഷം കലർത്തി നല്‍കിയത്. വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയില്‍ വിശദീകരിച്ചു.

വിഷം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്‌ ഗ്രീഷ്മ ഷാരോണിന് നല്‍കാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റില്‍ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി.

ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റില്‍ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ചു ഗ്രീഷ്മ ഇന്റർനെറ്റില്‍ പരതിയിരുന്നു.

ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോണ്‍ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു.

ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമല്‍കുമാർ മൂന്നും പ്രതികളാണ്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു