കാന്‍പുര്‍: ട്രാന്‍സ്ഫോര്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ഒപ്പമുള്ള സംഘാംഗങ്ങള്‍ നദിയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റിട്ടും ജീവനോടെയുണ്ടായിരുന്നയാളെയാണ് ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞത്. ഇയാൾക്കായി നദിയിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം, യുവാവിനെ നദിയിലെറിഞ്ഞ നാലുപേരിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാന്‍പുരിലെ കേണല്‍ഗഞ്ജിലുള്ള ഹിമാന്‍ഷു എന്ന 22-കാരനായ ആക്രി വ്യാപാരിക്കാണ് മോഷണശ്രമത്തിനിടെ ഷോക്കേറ്റത്. ട്രാന്‍സ്ഫോര്‍മര്‍ മോഷണക്കേസിൽ ഇയാള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
ഷാന്‍ അലി, അസ്ലം, വിശാല്‍, രവി എന്നിവര്‍ക്കൊപ്പമാണ് ഹിമാന്‍ഷു ഒക്ടോബര്‍ 26-ന് മോഷണത്തിന് ഇറങ്ങിയത്. കാന്‍പുരിലെ ഗുരുദേവ് പാലസ് ഇന്റര്‍സെക്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിക്കാനാണ് ഇവര്‍ പദ്ധതിയിട്ടത്. മോഷണത്തിനിടെ വൈദ്യുതി പ്രവഹിക്കുന്ന കേബിളില്‍ സ്പര്‍ശിച്ചതോടെയാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.
ഇതോടെ പരിഭ്രാന്തരായ നാലുപേരും കൈകാലുകള്‍ കെട്ടിയശേഷം പാലത്തില്‍ നിന്ന് ഹിമാന്‍ഷുവിനെ ഗംഗാനദിയിലേക്ക് എറിയുകയായിരുന്നു. ഹിമാന്‍ഷു തിരിച്ചെത്താതായതോടെ അമ്മ മഞ്ജു ദേവി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാന്‍ അലിയും അസ്ലമും വിശാലും പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിനിടെ ഇവര്‍ ഉണ്ടായ കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറഞ്ഞു. സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച പോലീസ് പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ഹിമാന്‍ഷുവിനായി നദിയില്‍ തിരച്ചില്‍ നടത്താന്‍ വിവിധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.
അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.




