◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശന് വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും വിഡി സതീശന് വെല്ലുവിളിച്ചു.
◾ ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്സിലും വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറും മലയാളിയുമായ ഒളിമ്പ്യന്‍ പി ആര് ശ്രീജേഷിന് കേരളത്തിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി പി ആര് ശ്രീജേഷിന് കൈമാറി. പിആര്‍ ശ്രീജേഷിന്റെ അനുമോദന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പ്രമുഖരുടെ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. കായിക മേഖലക്കും കേരളത്തിനും ഒരുപോലെ ആവേശം പകര്‍ന്ന കായിക താരമാണ് പിആര്‍ ശ്രീജേഷെന്നും മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേതെന്നും മുഖ്യമന്ത്രി അനുമോദിച്ചു.
◾ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും.ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്കുന്ന സ്കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി.
◾ പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നില്‍ പാലക്കാട്ടെ ഡിസിസി നേതാക്കള്‍ തന്നെയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ പക്വതയോടെ പെരുമാറണമെന്നും , വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കരുതെന്നും കെസി വേണുഗോപാല്‍ നേതാക്കളോട് പറഞ്ഞു.
◾ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. ഡോക്ടറും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ സരിന് ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നല്‍കിയത്. എന്നാല്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേര്‍ക്കുമായി നറുക്കെടുപ്പ് നടത്തി. ഇതില്‍ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്.
◾ തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിക്കെതിരെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്. കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നും മലയാലപ്പുഴ മോഹനന് ആരോപിച്ചു. കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണെന്നും സംഭവത്തിന് പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണമെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും മരണത്തിലെ ദുരൂഹത നീങ്ങണമെന്നും മലയാലപ്പുഴ മോഹനന് പറഞ്ഞു.
◾ കണ്ണൂര്‍ കളക്ടര്‍ മര്യാദകളെല്ലാം കാറ്റില്‍ പറത്തിയെന്നും സ്വന്തം സഹപ്രവര്‍ത്തകനെ കുറ്റക്കാരനാക്കിയ കളക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്നും കളക്ടറുടെ മൊഴിക്ക് പിന്നില്‍ സിപിഎമ്മാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
◾ പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല കോണ്‍ഗ്രസിലെ അനൈക്യം കൊണ്ടാകും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷ നേതാവ് വിഡി സതീശന് തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.സതീശന് ശൈലി കോണ്‍ഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
◾ ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയില്‍ പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
◾ തിരുവനതപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. കേസില്‍ പ്രതികളായ മേയര്‍ ആര്യ, സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്നും ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സ്വമേധയാ കേസെടൂത്ത് മനുഷ്യാവകാശ കമ്മീഷന് . 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന് നിര്‍ദേശം നല്കി. കാസര്‍കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതോടൊപ്പം സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
◾ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട്അപകടത്തില് വധശ്രമത്തിനും കേസെടുത്തു. 154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
◾ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും, ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണമെന്നും , അവരോട് രാജിവെച്ച് പോകാന്‍ പറയണമെന്നും ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയന് പറഞ്ഞു.
◾ തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
◾ എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സനാതന ധര്‍മപീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നു. പക്ഷേ, അക്രമം നടത്തരുത്. അത് അംഗീകരിക്കില്ല. യൂണിവേഴ്സിറ്റി പഠനത്തിനുള്ള കേന്ദ്രമാണ്, രാഷ്ട്രീയ നഴ്സറി അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
◾ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 03 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
◾ 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാന്‍ സാധിക്കൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
◾ നിലമ്പൂരില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. വണ്ടൂര്‍ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിര്‍ കല്ലായി എന്ന 50 കാരനാണ് മര്‍ദ്ദനമേറ്റത്. മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ തിരുവനന്തപുരം പൂവാറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റി കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ 3 പേര് പിടിയില്‍. പെണ്‍കുട്ടിയമായി വളരെ അടുത്ത് പരിചയമുള്ള നെയ്യാറ്റിന്‍കര സ്വദേശികയായ ആദര്‍ശും സുഹൃത്തുക്കളായ അഖില്‍, അനുരാഗ് എന്നിവരാണ് പൂവാര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
◾ ട്രെയിന്‍ യാത്രയ്ക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലന്‍ഡ് എക്സ്പ്രസില്‍ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷന് കഴിഞ്ഞപ്പോള്‍ മുതല്‍ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനില്‍ തന്നെയുണ്ടെന്നാണ് വിവരം.
◾ കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയില്‍ സന്ദേശമയച്ചത്.
◾ മഹാരാഷ്ട്രയിലെ ഇന്ത്യമുന്നണി സഖ്യമായ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് രമേശ് ചെന്നിത്തല. മഹാവികാസ് അഗാഡിയില്‍ സിപിഎമ്മിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടേയും സീറ്റുകളിലാണ് ധാരണയാകാത്തത്. അഞ്ച് സീറ്റുകള്‍ വീതം മൂവരും ചോദിക്കുന്നുണ്ടെങ്കിലും മൂന്നിലധികം പറ്റില്ലെന്ന നിലപാടിലാണ് അഗാഡി നേതാക്കള്‍. പരിഹരിക്കാന്‍ മുംബൈയില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾ ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മന് കി ബാത്തിലൂടെ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്.
◾ അതീവ രഹസ്യമായി കോടിക്കണക്കിന് രൂപ വില മതിക്കുന്ന 102 ടണ്‍ സ്വര്‍ണം ബ്രിട്ടനില്‍ നിന്നെത്തിച്ച് റിസര്‍വ് ബാങ്ക്. ആര്‍ബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ അവസാനം ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആര്‍ബിഐ വെളിപ്പെടുത്തി. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്.
◾ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ദേപ്സാങ് മേഖലകളില്‍നിന്നുള്ള ഇന്ത്യ-ചൈന സേനാപിന്മാറ്റം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഉടമ്പടി നേരത്തെ നിലവില്‍വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മേഖലയില്‍ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കുമെന്നും ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
◾ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി കെഞ്ചില്ലെന്നും തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും നയീം കാസിം പറഞ്ഞു.
◾ യുക്രെയ്നിനെതിരെ പോരാടാന്‍ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ഏകദേശം പതിനായിരത്തിലധികം ഉത്തരകൊറിയന്‍ സൈനികര്‍ പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍ യുക്രൈനിലെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




