34 കേസുകളിൽ വിചാരണ നേരിടുന്ന ട്രംമ്പ് ജയിച്ചാൽ ലോക സമാധാനത്തിന് ഭീഷണിയാകും

പി.ജി. വർഗീസ്
ഒക്കലഹോമ (യുഎസ് ലേഖകൻ)


അടുത്ത മാസം 5 ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ,ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിനിർണായകമായ തിരഞ്ഞെടുപ്പായിരിക്കും. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഡെമോക്രാറ്റിക്‌ സ്ഥാനാർഥി വൈസ് പ്രസിഡൻ്റ് കമല ഹാരിസും പ്രസ്തുത മൂല്യങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പുമായിട്ടുള്ള പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.

താനൊഴിച്ചു ബാക്കി പ്രസിഡന്റന്മാർ എല്ലാം കഴിവില്ലാത്തവർ ആയിരുന്നു എന്ന് വീമ്പു പറയുന്ന ട്രംപ്, അഹങ്കാരത്തിന്റെ ആൾ രുപമാണ്. ലോകത്തിലെ ഏറ്റവും കിരാത ഏകാധിപതിമാരായ നോർത്ത് കൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉന്നുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായും ഉറ്റ ചങ്ങാത്തം പുലർത്തുന്ന ട്രംപ് വെള്ളക്കാരല്ലാത്ത കറുത്ത വർഗക്കാരെയും മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറി വന്നവരെയും അങ്ങേയറ്റം വെറുക്കുന്ന വ്യക്തിയാണ്.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ 74 മില്യനിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ജോ ബൈഡന്റെ വിജയം ഇപ്പോഴും അംഗീകരിക്കാതെ ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞു നടക്കുന്ന ട്രംപ് ജനാധിപത്യത്തിന് തന്നെ ഒരു ഭീഷണിയാണ്. 2021 ജനുവരി 6 നു ക്യാപിറ്റൽ ആക്രമണത്തിന് ചുക്കാൻ പിടിച്ച ട്രംമ്പ് ഇനിയും തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ മാത്രമല്ല ലോകസമാധാനത്തിന് തന്നെ ഒരു ഭീഷണിയായിരിക്കും. ലോകം അംഗീകരിച്ച പാരീസ് കാലാവസ്ഥ വ്യവസ്ഥയിൽ നിന്നും യാതൊരു കാരണവും ഇല്ലാതെ പിന്മാറിയ ട്രംമ്പ് നാറ്റോ രാജ്യങ്ങൾക്കും മറ്റ് സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്കും വൻ ഭീഷണിയാണ്.

പ്രസിഡൻ്റ് ബൈഡന്റെ ഭരണ കാലത്തു സമ്പത് വ്യവസ്ഥ 8.4% വളർന്നപ്പോൾ ട്രംമ്പിന്റെ ഭരണ കാലത്തു 6.8% വളർച്ച മാത്രമേ ഉണ്ടായിരുന്നുള്ളു. ട്രംമ്പ് ഭരണം വിടുമ്പോൾ 3 മില്യൺ ജോലികൾ നഷ്ടപ്പെടുത്തിയിട്ടാണ് പോയത് . എന്നാൽ ബൈഡന്റെ കാലത്തു ഇതിനകം തന്നെ 16 മില്യൺ ജോലികൾ പുതുതായി അമേരിക്കയിൽ സൃഷ്ടിക്കപ്പെടുകയുണ്ടായി. ചരിത്രത്തിൽ ആദ്യമായി അമേരിക്കയുടെ തൊഴിലില്ലായ്‌മ 5% ത്തിൽ താഴെയായി. സാമ്പത്തിക ശാസ്ത്രം അനുസരിച്ചു ഇത് പൂർണ ജോലി (ഫുൾ എംപ്ലോയ്‌മെന്റ്) ഉള്ള അവസ്ഥയാണ്.

മാത്രമല്ല, ട്രംമ്പ് ഭരണ കാലത്തു അമേരിക്കയുടെ ദേശീയ കടം 7.8 ട്രില്ലിയനിൽ (7.8 ലക്ഷം കോടി) നിന്നും 28 ട്രില്യൻ ആയി ഉയർന്നു. ഒക്‌ലഹോമയിൽ നിന്നും ഉള്ള റിപ്പബ്ലിക്കൻ സെനറ്റർ ജെയിംസ് ലാങ്ക്ഫർഡിന്റെ നേതൃത്വത്തിൽ സെനറ്റ് പാസ്സാക്കിയ ബോർഡർ ബില്ല് രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു ഇല്ലാതാക്കാൻ മറ്റുള്ള സെനറ്റർമാരെ സ്വാധീനിച്ച വ്യക്തിയാണ് ട്രംമ്പ്. എന്നിട്ട് ഇപ്പോൾ ലീഗൽ -ഇല്ലീഗൽ ഇമിഗ്രൻസിന്റെ പേരിൽ വെറുതെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ട്രംമ്പ്. പട്ടിണി രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് സമ്പൽ സമൃദ്ധമായി ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ആരെങ്കിലും ഇല്ലീഗൽ ആയി ഇവിടെ വന്നു പോയെങ്കിൽ ഇവർക്കാണ് ഏറ്റവും അധികം വിഷമം. തലമറന്ന് എണ്ണ തേയ്ക്കുകയാണ് നാം. വാസ്തവത്തിൽ ഇന്ന് അമേരിക്കയിൽ താമസിക്കുന്നവർക്കും ഭരണം കയ്യാളുന്നവർക്കും അവകാശപ്പെട്ടതാണോ ഈ ഭൂമി. ട്രംമ്പ് ഉൾപ്പെടെ എല്ലാവരും എവിടെ നിന്നോ ഒക്കെ ഇവിടെ വന്നു കയറിയതല്ലേ? അമേരിക്കയുടെ യഥാർത്ഥ ഉടമകൾ ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി ചിതറിപ്പാർക്കുന്നു എന്നത് വിരോധാഭാസമാണ്.

മറ്റുള്ളവരുടെ വ്യക്തിത്വത്തെ കളിയാക്കുന്ന ട്രംമ്പ് ചിലപ്പോൾ വെറും കൊച്ചുകുട്ടികളെപോലെയാണ് പെരുമാറുന്നത്. വിവരക്കേടിനും സമനില വിട്ടുള്ള പെരുമാറ്റത്തിനും കുട പിടിക്കുവാൻ ഇവിടുത്തെ ക്രിസ്ത്യൻ കോൺസർവേറ്റീവ്സ് എന്ന് അവകാശപ്പെടുന്ന കുറെ ആളുകൾ ഉണ്ടെന്നതാണ് ഏറെ കഷ്ടം. ക്യാപിറ്റൽ ആക്രമണമായും, ബിസിനസ് സംബന്ധമായും, ലൈംഗികമായും, തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് 34 ക്രിമിനൽ കേസുകളിൽ കുറ്റവാളിയായി വിധിക്കപ്പെട്ട ട്രംപ് എങ്ങനെയാണു മാതൃക ഉള്ള വ്യക്തിയാകുന്നത് എന്ന് മനസിലാകുന്നില്ല. ഇവിടുത്തെ ക്രിസ്ത്യൻ കോൺസെർവേറ്റീവ്സ് ട്രംമ്പ് മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചതും, പിന്നീട് ഉപേക്ഷിച്ചതും, ക്രിമിനൽ കുറ്റങ്ങൾ ചെയ്തതും ഒന്നും കുഴപ്പങ്ങളായി കാണുന്നില്ല എന്നുള്ളത് അത്ഭുതം തന്നെ. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞതുപോലെ ട്രംപിനെക്കാൾ ഭേദം കമല തന്നെ. പബ്ലിക് പ്രോസിക്യൂട്ടറായും വൈസ് പ്രേസിഡൻ്റായും മികവ് തെളിയിച്ച കമല അമേരിക്കയെ ലോക രാജ്യങ്ങളുടെ മുന്നിൽ നയിക്കാൻ പ്രാപ്തയാണ്. ട്രംമ്പ് വിജയിച്ചാൽ അത് അമേരിക്കയ്ക്കും ജനാധിപത്യത്തിനും ലോക രാജ്യങ്ങൾക്കും ഒരു ഭീഷണിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും