ചെന്നൈ: കള്ളനെ പേടിച്ച് പണം ചാക്കില്‍ ഒളിപ്പിച്ച കടക്കാരന് കിട്ടിയത് വന്‍ ‘പണി’. അരിക്ക് പകരം പണത്തിന്റെ ചാക്ക് വില്‍ക്കുകയായിരുന്നു. 15 ലക്ഷം രൂപയാണ് ചാക്കിലുണ്ടായിരുന്നത് എന്നാല്‍ പത്ത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. സംഭവത്തില്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് അരിക്കച്ചവടക്കാരന്.
തമിഴ്നാട്ടിലെ വടലൂരില്‍ അരിക്കച്ചവടം നടത്തുന്ന ഷണ്മുഖനാണ് (40) ആണ് വന്‍ അബദ്ധം പിണഞ്ഞത്. വര്‍ഷങ്ങളായി അരിക്കച്ചവടം നടത്തുകയാണ് ഷണ്മുഖന്. കടയില്‍ ഒരു ചാക്കിലാക്കി 15 ലക്ഷം രൂപ ഒളിപ്പിച്ചിരുന്നു. ഷണ്മുഖന് കടിയില്‍ ഇല്ലാതിരുന്ന സമയത്ത് മേല്‍പ്പാടി സ്വദേശിയായ പൂപലന് എന്ന ആള് 10 കിലോ അരി വാങ്ങി. ഷണ്മുഖന്റെ സഹോദരി ഭര്‍ത്താവായ ശ്രീനിവാസനാണ് ആ സമയത്ത് കടയിലുണ്ടായിരുന്നു. പണം ഒളിപ്പിച്ച ചാക്കിനെക്കുറിച്ച് അറിയാതെ അതിലേക്ക് ബാക്കി അരി കൂടി നിറച്ച് വില്‍ക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം കടിയില്‍ തിരിച്ചെത്തിയപ്പോഴാണ് ചാക്ക് കാണാനില്ലെന്ന വിവരം ഷണ്മുഖന് അറിയുന്നത്. ശ്രീനിവാസനോട് ചാക്കിന്റെ കാര്യം ചോദിച്ചപ്പോള്‍ സ്ഥിരമായി അരിവാങ്ങുന്ന പൂപലന് കൊടുത്തതായി പറഞ്ഞു. അപ്പോഴാണ് പണം ഒളിച്ചുവച്ചിരുന്ന വിവരം ഷണ്മുഖന് ശ്രീനിവാസനെ അറിയിക്കുന്നത്. തുടര്‍ന്ന് പൂപലന്റെ വീട്ടില്‍ പോയി കാര്യം പറയുകയായിരുന്നു. എന്നാല്‍ ചാക്കില്‍ 10 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പൂപ്പലന്റെ മകള്‍ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നമാവുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.




