ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിച്ചു; മൂന്ന് കമാൻഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ച്‌ ഇസ്രയേല്‍ സേന. ലെബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്സും ഭൂഗർഭ ആയുധനിർമ്മാണ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ സൈന്യം ആക്രമിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ തങ്ങളുടെ ഫൈറ്റർ ജെറ്റുകള്‍ മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സതേണ്‍ കമാൻഡിലെ ഉയർന്ന കമാൻഡർ അല്‍ഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷൻ വിദഗ്ധൻ റദ്ജ അബ്ബാസ് അവ്ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിൻ്റെ മേല്‍നോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിൻ്റെ അവകാശവാദം. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ എക്സ് പോസ്റ്റിലൂടെ ഇസ്രയേലി സൈന്യംപങ്കുവെച്ചിട്ടുണ്ട്.

https://twitter.com/i/status/1847901878262108644

ഇന്ന് രാവിലെ ഇസ്രയേലി എയർഫോഴ്സ് ഹിസ്ബുള്ളയുടെ ഇൻ്റലിജൻസിൻ്റെ കമാൻഡോ കേന്ദ്രത്തിലും ഭൂഗർഭ ആയുധ നിർമ്മാണകേന്ദ്രത്തിലും ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്രയേല്‍ സൈന്യം വാർത്താക്കുറിപ്പില്‍ അറിയിച്ചത്. തെക്കൻ ബെയ്റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാാത്തിലും ഞായറാഴ്ച രാവിലെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി ലെബനീസ് സർക്കാർ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹിസ്ബുള്ളയുടെ തെക്കൻ ഫ്രണ്ട് കമാൻഡിലെ മുതിർന്ന അംഗമായ അല്‍ഹാജ് അബ്ബാസ് സലാമയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബിൻത് ജബീല്‍ സെക്ടറിലെ ഹിസ്ബുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സലാമ ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ തെക്കൻ മുന്നണിയില്‍ നിരവധി ചുമതലകള്‍ നേരത്തെ സലാമ വഹിച്ചിട്ടുണ്ട്.

വടക്കൻ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിലെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിസേറിയയിലെ തൻ്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിരുന്നു. ‘ഇസ്രായേല്‍ പൗരന്മാരെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആർക്കും കനത്ത വില നല്‍കേണ്ടിവരു’മെന്നായിരുന്നു നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്. ഇറാനും ഇറാൻ്റെ പിന്തുണയുള്ള മേഖലയിലെ സായുധഗ്രൂപ്പുകള്‍ക്കുമാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും