◾ ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തി വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചിട്ട് രാജി കൊണ്ട് പരിഹാരമാകുമോയെന്നും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോയെന്നും സതീശന്‍ ചോദിച്ചു.
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ 3 ദിവസത്തിന് ശേഷം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം. ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി. കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. അഴിമതിക്കെതിരെ താന്‍ നടത്തിയത് സദ്ദുദ്ദേശപരമായ വിമര്‍ശനമായിരുന്നെങ്കിലും തന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
◾ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരി പറഞ്ഞു. വയനാട്ടില്‍ മുന്‍പ് മത്സരിച്ചുളള അനുഭവങ്ങള്‍ ശക്തമാണെന്നും ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
◾ രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ കിട്ടിയ വോട്ടിനേക്കാളും കൂടുതല്‍ വോട്ട് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും അത് അഞ്ച് ലക്ഷം വരെയാകാമെന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണം നടത്തേണ്ടതായുണ്ടെന്നും എങ്കിലും പരമാവധി സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ ചിലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാന്‍ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം.
◾ പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് . തോളിലേറ്റിയാണ് രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ റോഡ് ഷോയും നടന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എംപി ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെ സ്വീകരിക്കാന്‍ എത്തി. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.
◾ പാര്‍ട്ടിക്കകത്ത് കോലാഹലം ഉണ്ടായിട്ടില്ലെന്നും പ്രസ്ഥാനങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മില്‍ അല്ല മത്സരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. ഞാന്‍ തന്നെ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാള്‍ വലിയ അല്പത്തം വേറെ ഇല്ലെന്നും സരിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
◾ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി. വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.
◾ പാലക്കാട്ടേക്കുള്ള യാത്രക്കു മുന്നെ പുതുപ്പളളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥ നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ നിരതന്നെ പുതുപ്പളളിയില്‍ രാഹുലിനെ സ്വീകരിച്ചു. താന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും ഇരുവരെയും അത് വേദനിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു.
◾ ഡോ. പി സരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മനസ്സില്‍ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കില്‍ മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയമെന്ന് ശബരീനാഥന്‍ വിമര്‍ശിച്ചു
◾ എഡിഎം നവീന്‍ ബാബുവിന് വിടനല്‍കി ജന്മനാട്. ഇന്നലെ നാലു മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവര്‍ത്തകരുമെത്തി. റവന്യുമന്ത്രി കെ രാജന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
◾ വിജിലന്‍സിന് എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. പ്രശാന്തനെതിരെയും വിജിലന്‍സ് അന്വേഷണം ഉണ്ടാകും. അതേസമയം പെട്രോള്‍ പമ്പിന്റെ അനുമതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി.
◾ എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരന്‍. എഡിഎം നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാല്‍ പത്തനംതിട്ടയില്‍ സിപിഎം നവീന്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് സിപിഎം അവസാനിപ്പിക്കണമെന്നും ദിവ്യയെ ഒരു നിമിഷം പോലും വൈകാതെ രാജിവെപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾ എഡിഎം നവീന്‍ ബാബുവിന്റെ വിയോഗം നാട്ടുകാരുടെ നഷ്ടമെന്ന് പത്തനംതിട്ട മുന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്. വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീന്‍ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും ജോലികള്‍ 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും നൂഹ് പറഞ്ഞു. ഒരു പണിയേല്‍പ്പിച്ചാല്‍ പണി ചെയ്ത് തീര്‍ത്തിട്ടാണ് വരിക. അതിലൊരു ചോദ്യവും പറച്ചിലുമില്ല. പരാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പി.ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എഡിഎം നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. പിപി ദിവ്യക്കെതിരെ നടപടി വേണമെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്.
◾ എ ഡി എം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചും അദ്ദേഹം നേരിട്ട ക്രൂരമായ മാനസിക പീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചും മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാകാതെയാണ് നവീന്‍ ബാബു ഈ ലോകത്തോട് വിടപറഞ്ഞതെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
◾ സിപിഐ അഭിഭാഷക സംഘടനാ നേതാവ് എസ്എസ് ബാലു പിവി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അന്‍വര്‍ സിപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അന്‍വര്‍ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
◾ തൃശൂര്‍ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കല്‍ പൊലീസിലെയും സൈബര്‍ ഡിവിഷനിലേയും വിജിലന്‍സിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.
◾ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയ നൂതന ചികിത്സാരീതി വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട് സ്വദേശിയായ 54 വയസുള്ള നിര്‍ധന രോഗിയ്ക്കാണ് സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി നൂതന ചികിത്സാ മാര്‍ഗമായ ഓര്‍ബിറ്റല്‍ അതരക്ടമി (orbital atherectomy) ചികിത്സയിലൂടെയാണ് സുഖപ്പെടുത്തിയത്. മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
◾ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
◾ വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് പോലിസ് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തണം എന്നും നിര്‍ദ്ദേശമുണ്ട്.
◾ ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ തള്ളി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജികള്‍ തള്ളിയത്. യാക്കോബായ വിഭാഗവും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
◾ ആലപ്പുഴയില്‍ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായ യുവതിയാണ് പരാതിക്കാരി. പാര്‍ട്ടി ഓഫീസില്‍ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
◾ എട്ടാം ക്ലാസില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വര്‍ഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുക്കി നിര്‍മിച്ച കണ്ണൂര്‍ ശിക്ഷക് സദന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾ ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
◾ റെയില്‍വേ മുന്‍കൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തില്‍ മാറ്റം വരുത്തി . ഇനി 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ . ദീര്‍ഘ ദൂര ട്രെയിനുകളില്‍ യാത്രയ്ക്ക് 120 ദിവസം മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന നിയമമാണ് മാറ്റുന്നത്. നവംബര്‍ ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ്, പ്രിന്‍സിപ്പല്‍ ചീഫ് കോമേഴ്സ്യല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു.
◾ നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, പ്രമുഖ ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നായബിന്റെ സത്യപ്രതിജ്ഞ. പാഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് നായബ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
◾ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറെന്ന് നവി മുംബൈ പോലീസ്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ എടുത്തതെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്.
◾ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ ഇസ്രയേലിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.
◾ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കിയ ന്യൂസീലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.
◾ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തനിക്ക് തെറ്റിപ്പോയെന്നും ഫ്‌ളാറ്റ് പിച്ചാണെന്ന് കരുതിയാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായിരുന്നു.
◾ വനിതാ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.




