‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് : ഫ്ലോറിഡയിൽ മരണം 17; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; 10 ലക്ഷത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല

ഫ്ലോറിഡയിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ക്രൈസ്തവചിന്ത എഡിറ്റർ ഇൻചാർജ് എം.പി. ടോണി പകർത്തിയ വീഡിയോ

ടാമ്പ: ഫ്ലോറിഡയെ പിടിച്ചു കുലുക്കിയ ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റിൽ മരണം 17 ആയി. “നൂറ്റാണ്ടിലെ ഭീതി”യെന്ന് വിശേഷിപ്പിച്ച പ്രകൃതിദുരന്തത്തെ അതിജീവിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഞായറാഴ്ച ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

ടാമ്പ അന്താരാഷ്ട്ര വിമാനത്താവളമുൾപ്പെടെ, സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളും ഡിസ്നി വേൾഡും മറ്റ് മുൻനിര അമ്യൂസ്മെൻ്റ് പാർക്കുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു. സരസോട്ടയിലെ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞു കിടക്കുകയാണ്.

ചില പ്രളയബാധിത കൗണ്ടികളിലെ സ്കൂളുകൾ ഒഴികെയുള്ള എല്ലാ സ്കൂൾ ഡിസ്ട്രിക്റ്റുകളും തിങ്കളാഴ്ച തുറക്കും.

പ്രധാനം ഹൈവേകളിലും പാലങ്ങളിലും ഗതാഗതം പൂർവ സ്ഥിതിയിലായി. സ്റ്റോപ്പ് സിഗ്നൽ ലൈറ്റുകൾ തൊണ്ണൂറു ശതമാനവും പ്രവർത്തനക്ഷമമാണിപ്പോൾ.

പ്രാഥമിക നാശനഷ്ട കണക്ക് അമ്പതിനായിരം കോടി ഡോളർ വരെ ആയിരിക്കാമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞത്. വീടുകളുടെ നാശവും ദുരന്തത്തിൽ പരിക്കേറ്റവരുടെ ദീർഘകാലാരോഗ്യ പരിചരണ ചെലവുകളും ബിസിനസ്സ്, വ്യവസായ രംഗങ്ങളിലെ നഷ്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കണക്ക് പ്രകാരം ആകെ സാമ്പത്തിക നഷ്ടം പതിനാറായിരം കോടി ഡോളറിനു മീതെയായി ഉയരുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

ടാമ്പയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ചയോട് കൂടി ഇന്ധനം പമ്പുകളിൽ എത്തുമെന്നാണ് സർക്കാർ അധികൃതർ അറിയിച്ചത്.

10 ലക്ഷത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ശനിയാഴ്ചയും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 28 ലക്ഷത്തിലധികം ഉപഭോക്തകളാണ് ബുധനാഴ്ച രാത്രി ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ഇരുട്ടിലായത്. കാലിഫോര്‍ണിയയില്‍ നിന്ന് അമ്പതിനായിരം ലൈൻമാൻമാരെയാണ് വൈദ്യുത തകരാർ പരിഹരിക്കാൻ അധികമായി ഫ്ലോറിഡയിൽ എത്തിച്ചതെന്ന് ഗവർണർ റോൺ ഡിസാൻ്റിസ് മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.