◾ സര്‍ക്കാരുമായുള്ള പോരില്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് എത്താമെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
◾ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് വിഡി സതീശന്‍. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ പോര് തുടങ്ങും. സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോള്‍ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ്. പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്‍. ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജന്‍, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുകയാണെന്നും 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രന്‍ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
◾ വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം. സഹായം സംബന്ധിച്ച് നല്ല റിപ്പോര്‍ട്ട് തന്നെ കേന്ദ്രം കോടതിയില്‍ നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. എന്നാല്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ കുറ്റപ്പെടുത്തി.
◾ വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്‍ വിജയകരമായി മുന്നോട്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. ട്രയല്‍ റണ്‍ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പലായ എംഎസ്സി ലിസ്ബന്‍ വെള്ളിയാഴ്ച എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചരക്ക് കൈമാറ്റം ചെയ്യാന്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ടെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി കുറിച്ചു.
◾ വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി . മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്‍കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് സാധുവായവയെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
◾ കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് കേരളം. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതില്‍ പറയുന്നു. രണ്ടാം സ്ഥാനത്തു കര്‍ണാടകയും, മൂന്നാം സ്ഥാനത്ത് തമിഴ്നാടും ഗോവയും ആണുള്ളത് .
◾ കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളില്‍ ആര്‍എസ്എസ് ചായ്‌വ് പ്രകടമാണെന്നാണ് സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
◾ പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണെന്നാണ് വിമര്‍ശനം. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
◾ ജനസംഖ്യയിലെ യുവതയുടെ അനുപാതത്തില്‍ ഉണ്ടാകുന്ന കുറവ് ഗൗരവതരമെന്നും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍. തിരുവനന്തപുരത്തു നടക്കുന്ന പ്രോഫ്കോണ്‍’ ത്രിദിന ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ മലപ്പുറം വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്ക് മര്‍ദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവര്‍ തോട്ടത്തില്‍ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറില്‍ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
◾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വര്‍ഷം ജയിലിലടച്ച, ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
◾ ദില്ലിയിലെ സരായ് കാലേ ഖാനില്‍ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ ഒരു നാവിക സേന ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സിസിടിവികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
◾ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നത് നിശാ പാര്‍ട്ടികള്‍ക്കും സംഗീത വിരുന്നുകള്‍ക്കും വേണ്ടിയെന്ന് പൊലീസ്. രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ദില്ലി പൊലീസിന്റെ കണ്ടെത്തല്‍. ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ കേസ് എടുത്ത ഇഡി ഡല്‍ഹിയിലും മുംബെയിലും പരേേിശാധന നടത്തി.
◾ കരസേനയ്ക്ക് ഊര്‍ജ്ജമാകാന്‍ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. ഡ്രോണ്‍ അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സംവിധാനമാണ് മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ രാജ്പ്രസാദ് വികസിപ്പിച്ച അഗ്നിയസ്ത്ര. സിക്കിമില്‍ നടന്ന ആര്‍മി കമാന്‍ഡേഴ്സ് യോഗത്തില്‍ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
◾ ഹിന്ദി അടിച്ചേല്‍പിക്കുന്നതിന് എതിരെ ആര്‍എസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിര്‍ന്ന ആര്എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന പ്രസ്താവനയില്‍ വ്യക്തമാക്കി.
◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു. അതേസമയം ഹരിയാനയിലെ മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ 20 സീറ്റുകളിലെ ഫലം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
◾ ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ക്കിടയില്‍ അദ്ദേഹം ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.
◾ കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പാര്‍ട്ടിയാണെന്ന് വിമര്‍ശനമുന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ന്യൂനപക്ഷങ്ങളെയും ദളിതരേയും തല്ലിക്കൊല്ലുന്നുവരേയും മര്‍ദ്ദിക്കുന്നുവരേയും ബലാത്സംഗം ചെയ്യുന്നുവരേയും പിന്തുണക്കുന്നവരാണ് പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്സലുകളെന്ന് വിളിക്കുന്നതെന്നും പ്രധാനമന്ത്രി മോദിക്ക് ഇത് പറയാനുള്ള അധികാരമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘ഭീകരവാദിപാര്‍ട്ടി’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി. ഖാര്‍ഗെയുടെ പരാമര്‍ശം ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല പറഞ്ഞു. കോണ്‍ഗ്രസ് ദളിതര്‍ക്കെതിരായ പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച രാത്രിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
◾ ആര്‍ജി കര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. നിയമസാധുതയില്ല എന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഇവരുടെ കൂട്ടരാജി നിരസിച്ചത്. ഓഗസ്റ്റില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സീനിയര്‍ ഡോക്ടര്‍മാരും അധ്യാപകരും കൂട്ടരാജി വെച്ചത്.
◾ ഗുജറാത്തിലെ മെഹ്സാനയില്‍ കാദി ടൗണിനടുത്തുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫാക്ടറിയില്‍ മണ്ണ് ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. ഫാക്ടറിയില്‍ തൊഴിലാളികള്‍ ചേര്‍ന്ന് 16 അടിയോളം ആഴമുള്ള കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളും മറ്റുള്ളവര്‍ ഗുജറാത്തില്‍ നിന്ന് തന്നെയുള്ളവരുമാണ്.
◾ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി ബാന്ദ്രയിലെ തന്റെ മകന്റെ ഓഫീസില്‍വെച്ച് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 9.30 -ഓടെയായിരുന്നു സംഭവം. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക്. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കിയ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ ഇറാന്‍ നേരിട്ടിരിക്കുന്നത്. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിനുപിന്നാലെയാണ് വ്യാപക സൈബര്‍ ആക്രമണം നേരിട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നും വിവരമുണ്ട്. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളാണെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നുമില്ല.
◾ ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറിയുടെ അകമ്പടിയോടെ 47 പന്തില്‍ 111 റണ്‍സെടുത്ത സഞ്ജു സാംസണും തകര്‍പ്പന്‍ അടികളിലൂടെ 35 പന്തില്‍ 75 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത് ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യിലെ 133 റണ്‍സിന്റെ വമ്പന്‍ വിജയം. എട്ട് സിക്സും പതിനൊന്ന് ഫോറുകളുമടിച്ച സഞ്ജു ഒരോവറില്‍ 5 സിക്സടിച്ചു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരി.
◾ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്തവര്‍ഷം ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.




