ഇറാൻ സർക്കാർ സംവിധാനങ്ങള്‍ക്ക് നേരെ വൻ സൈബർ ആക്രമണം. സർക്കാരിൻറെ മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ ഒക്ടോബർ ഒന്നിന് 200 മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.ഇറാൻ സർക്കാരിന്റെ ജുഡീഷ്യറി ഉള്‍പ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബർ ആക്രമണമാണ് നടന്നിരിക്കുന്നത്.
സുപ്രധാന ഡാറ്റകള്‍ ചോർന്നതായും ഇറാൻ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബർ സ്പേസ് മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. വൈദ്യുതി വിതരണം, മുൻസിപ്പല്‍ നെറ്റവർക്ക്, ഇന്ധന വിതരണം, പോർട്ടുകള്‍ തുടങ്ങി വിവിധ മേഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.
ഇറാന്റെ ആക്രമണത്തിന് നല്കുന്ന തിരിച്ചടി ഇറാൻ ഒട്ടും പ്രതീക്ഷിക്കാത്തതാകുമെന്നും മാരകവും കൃത്യവുമായിരിക്കുമെന്നും ഇസ്രയേല്‍ ആഭ്യന്തര മന്ത്രി യോവ് ഗാലൻ്റ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇസ്രയേലിനെ പിന്തുണക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് ഇറാൻ നല്‍കിയിരുന്നു. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്റാനെതിരെ ഒരു ഗള്‍ഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗള്‍ഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളില്‍ ആക്രമണം നടത്തുമോ എന്ന ആശങ്കയിലായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍.




