◾ ജമ്മുകശ്മീര്‍ പിടിച്ച് ഇന്ത്യ സഖ്യം. 90 ല്‍ 49 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം ജമ്മുകാശ്മീരില്‍ വിജയക്കൊടി പാറിപ്പിച്ചത്. ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2014 ല്‍ 28 സീറ്റുകള്‍ നേടിയിരുന്ന പിഡിപി ഇത്തവണ 3 സീറ്റിലൊതുങ്ങി. ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് നേടി. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടനമാണ് ഇന്ത്യാ സഖ്യത്തിന് അധികാരം നേടി കൊടുത്തത്. എന്നാല്‍ 2014 ല്‍ 12 സീറ്റുകള്‍ വരെ നേടിയ കോണ്‍ഗ്രസിന് ഇത്തവണ മത്സരിച്ച 32 സീറ്റുകളില്‍ 6 എണ്ണത്തില്‍ മാത്രമേ വിജയം നേടാനായുള്ളൂ. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.
◾ ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബിജെപി. ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ പിറകില്‍ പോയി . ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 48 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി രണ്ട് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 37 സീറ്റാണ് നേടാനായത്.
◾ ഹരിയാണയിലെ ജനങ്ങള്‍ പുതിയ ഇതിഹാസം കുറിച്ചെന്നും ഹരിയാണയിലെ ജനങ്ങള്‍ നല്‍കിയത് താമരപ്പൂക്കാലമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബി.ജെ.പിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരമില്ലെങ്കില്‍ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് അദ്ദേഹം പരിഹസിച്ചു. സത്യവും വികസനവുമാണ് ഹരിയാനയില്‍ വിജയിച്ചതെന്നും രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരുകളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരില്‍ ദരിദ്രരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഇത്തിള്‍ക്കണ്ണി പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
◾ എക്സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല് ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനം.
◾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച കത്തില്‍ സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായി കണക്കാക്കുമെന്നും ഗവര്‍ണര്‍ സൂചിപ്പിക്കുന്നുണ്ട.
◾ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് നല്കിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
◾ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടു. താന്‍ പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പുതിയ കസേര അനുവദിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭയില്‍ പി വി അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.
◾ എഡിജിപി എം ആര് അജിത് കുമാര്‍ ക്രമസമാധാന ചുമതല ഒഴിഞ്ഞു. ബറ്റാലിയന് എഡിജിപിയുടെ ഓഫീസിലേക്ക് ഇന്നലെ മുതല്‍ മാറി. അതേസമയം ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയ മനോജ് എബ്രഹാം പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അജിത് കുമാറിനെ സര്‍ക്കാര്‍ മാറ്റിയത്.
◾ സി.പി.എം. നേതാക്കളുടെ ആര്.എസ്.എസ്. ബന്ധത്തെ ചൊല്ലി നിയമസഭയില്‍ വാക്പോര്. ഗോള്‍വാക്കറുടെ പുസ്തകത്തില്‍ ഹിന്ദുത്വ പൈതൃക സംസ്കാരത്തിന്റെ ശത്രുക്കളായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഗോള്‍വാക്കര്‍ ആരോപിക്കുന്നതെന്നും ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസിന്റെ കൂടെ നില്ക്കുന്നു എന്ന പ്രസ്താവന എത്ര അബദ്ധജഡിലമാണെന്നും കെ.ടി.ജലീല്‍ ചോദിച്ചു. അതേസമയം കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസില്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകം ഉള്‍പ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയല്ലേ എന്ന മറുചോദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചു.
◾ കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. സംസ്ഥാനത്തെ കാര്യങ്ങളില്‍ ആനിരാജ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്നാണ് പരാതി. ആനി രാജയെ നിയന്ത്രിക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ യുവജനസംഘടനകള്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പിണറായി വിജയനെ കാവി ഭൂതമെന്ന് പി കെ ഫിറോസും പിണറായിയുടെ താമരയും വാടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെയും, പി കെ ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
◾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണമെന്നും പൊതുജനങ്ങളാണ് യജമാനന്മാര് എന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെത്തുന്ന ആളുകളെ അകാരണമായി നടത്താന്‍ പാടില്ലെന്നും ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി പറഞ്ഞു.
◾ കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്കി.
◾ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിര്‍ബന്ധമാക്കും..കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
◾ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും ഇടനിലക്കാരന് വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. ഹോട്ടലില്‍ ഫോറന്‍സിക് പരിശോധന നടത്തി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും ഉടന്‍ ചോദ്യം ചെയ്യും.
◾ മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദിച്ചെന്ന പരാതിയില്‍ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെയും നാല് സിവില്‍ പൊലീസ് ഓഫീസര്‍മാരെയും കണ്ണൂര്‍ സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി.
◾ സംസ്ഥാന സര്‍ക്കാറിന്റെ ദില്ലി പ്രതിനിധി കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകള്‍ക്കുമായി ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. 57.41 ലക്ഷം രൂപയാണ് ഇതുവരെ ചെലവായതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.
◾ കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുണ്‍ ലിവര്‍ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.
◾ സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്. പോലീസില്‍ നല്കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
◾ വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. 40 അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.
◾ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഇടുക്കി ഡിഎംഒയുടെ സസ്പെന്ഷന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ആരോപണങ്ങളില്‍ മറുപടി നല്കാന് ഡോ.എല്‍ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ നടപടി. ഡോ. എല്‍ മനോജിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.
◾ പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.ഇത്തരം വ്യാജ ലിങ്കുകള്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
◾ പെരിയാറില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവയില്‍ കെഎസ്ഇബി ലൈനില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജലവിതരണം തടസ്സപ്പെട്ടത്. ഇന്നും കൊച്ചി നഗരത്തില്‍ ജലവിതരണം മുടങ്ങും.
◾ വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
◾ കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന് ആരോണും ചികിത്സയിലാണ്.
◾ കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. പതിനഞ്ചോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജൂനിയര്‍മാരോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ് .
◾ ഹരിയാനയില്‍ മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ജയ്റാം രമേശും പവന് ഖേരയും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാന തോല്‍വി കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയങ്ങളുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.
◾ തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണെന്നും തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൃത്യമായി വിലയിരുത്തണമെന്നും ഹരിയാണയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ. ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം ഉള്ളപ്പോഴും കോണ്‍ഗ്രസിന്റെ പരിതാപകരമായ സ്ഥിതിയില്‍ കൃത്യമായ വിശകലനം വേണമെന്നും സെല്‍ജ കൂട്ടിച്ചേര്‍ത്തു.
◾ 2024ലെ ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ചത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ. ഹിസാര്‍ മണ്ഡലത്തില്‍ നിന്നാണ് 18,941 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാവിത്രി വിജയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ സാവിത്രി ജിന്‍ഡാല്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിന്‍ഡാലിന്റെ ഭാര്യയാണ് 74കാരിയായ സാവിത്രി.
◾ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയുമായി സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കുല്‍ഗാമില്‍ തരിഗാമി വിജയക്കൊടി പാറിച്ചത്.
◾ തെരഞ്ഞെടുപ്പ് ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. സത്യം ജയിച്ചു എന്നാണ് വിനേഷിന്റെ ആദ്യ പ്രതികരണം. ലീഡുകള്‍ മാറിമറിഞ്ഞ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
◾ ഹരിയാന തിരഞ്ഞെടുപ്പില്‍ വിനേഷിന്റെ വിജയത്തേയും കോണ്‍ഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് മുന്‍അധ്യക്ഷനും ബി.ജെ.പി. മുന്‍ എം.പി.യുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്. വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും അവരുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റില്ലേയെന്നും എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോഗട്ടെന്നുമാണ് ബ്രിജ് ഭൂഷന്റെ ആക്ഷേപം. വിനേഷിനെ തോല്പിക്കാന് ബിജെപി സകല അടവുകളും പയറ്റിയെങ്കിലും 6015 വോട്ടിന്റെ തിളക്കമുള്ള ജയമാണ് വിനേഷ് കൈപ്പിടിയിലൊതുക്കിയത്.
◾ ഹരിയാന തിരഞ്ഞെടുപ്പില്‍ നഗരമേഖലയിലുള്‍പ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടി. 90 സീറ്റിലും മത്സരിച്ച എഎപി ആകെ നേടിയത് 1.79% വോട്ടുമാത്രമാണ്. അതേസമയം ജമ്മു കശ്മീരിലെ ദോഡ മണ്ഡലത്തില്‍ എഎപിയുടെ മെഹ്രാജ് മാലിക്ക് അപ്രതീക്ഷിത ജയമാണ് നേടിയത്. കശ്മീരില്‍ 7 സീറ്റില്‍ മത്സരിച്ച എഎപിക്ക് 0.52% വോട്ടു ലഭിച്ചു.
◾ 2018-ലെ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഷാഗുണ്‍ വിജയിച്ചത്. കഷ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുണ്‍.
◾ ജി.എസ്.ടി തട്ടിപ്പുകേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് മഹേഷ് ലങ്കയെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലങ്കയുടെ വസതിയില്‍നിന്ന് 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം.
◾ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്.
◾ നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവ് ജിയോഫ്രി ഹിന്റണ്‍. എ.ഐയുടെ മോശം ഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൊബേല്‍ പ്രഖ്യാപനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി.




