സർക്കാരിനെ വിമർശിച്ചെഴുതിയാൽ മാധ്യമ പ്രവർത്തകർക്കെതിരെ ക്രിമനൽ കേസ് എടുക്കരുത്; സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ച് എഴുതിയെന്നതുകൊണ്ടുമാത്രം മാധ്യമപ്രവർത്തകർക്കെതിരേ ക്രിമിനൽക്കേസെടുക്കരുതെന്ന് സുപ്രീംകോടതി.

ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും മാധ്യമ പ്രവർത്തകർക്ക് ഭരണഘടനയുടെ 19(1)(എ) വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടെന്നും ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സർക്കാർ തനിക്കെതിരേ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ അഭിഷേക് ഉപാധ്യായ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സംസ്ഥാനത്തെ പൊതുഭരണവിഭാഗത്തിലെ ജാതി ഇടപെടലുകളെക്കുറിച്ച് വാർത്തചെയ്തതിന്റെപേരിൽ കേസെടുത്തുവെന്നാണ് ആരോപണം. ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി, കേസ് നാലാഴ്ചത്തേക്ക്‌ മാറ്റി.

യാദവ് രാജും ഠാക്കൂർ രാജും തമ്മിൽ എന്ന തലക്കെട്ടോടെയുള്ള വാർത്ത സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തതിനെത്തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ സെപ്റ്റംബർ 20-നാണ് ലഖ്‌നൗവിലെ ഹസ്‌റത്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്.
——