പുതുമ പരീക്ഷിക്കുന്നവര്‍ക്കാണ് ലോകം വിജയിയെന്ന പേര് നല്‍കുന്നത്

അയാള്‍ക്ക് 20 വയസ്സുളളപ്പോഴാണ് ജീവിക്കാനായി ഗള്‍ഫിലേക്ക് ചേക്കേറിയത്. വെല്‍ഡിങ്ങ് ജോലിയാണ് ആദ്യം കിട്ടിയത്.

ആ കമ്പനിയിലെ ലോറി ഡ്രൈവര്‍ പാചകം ചെയ്യുന്നത് കണ്ട് കൂടെ കൂടി. അദ്ദേഹത്തെ സഹായിച്ചു. പാചകപരീക്ഷണങ്ങള്‍ പലതും നടത്തി.

തിരികെ നാട്ടിലേക്ക് വന്ന അയാള്‍ ഒരു ഫോട്ടോസ്റ്റാറ്റ് കട ആരംഭിച്ചു. വരുമാനം കിട്ടാതെ ഒരുവര്‍ഷത്തിനുള്ളില്‍ ആ കട പൂട്ടി. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. അതും അടച്ചുപൂട്ടി.

പക്ഷേ, 2018 ല്‍ വീണ്ടും ക്രാഫ്റ്റ് മീഡിയ എന്ന യുട്യൂബ് ചാനല്‍ ആരംഭിച്ചു. അതില്‍ പാചകവീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് ക്രാഫ്റ്റ് മീഡിയയുടെ പേര് വില്ലേജ് ഫുഡ് ചാനല്‍ എന്നാക്കി. പാടത്തും വരമ്പത്തും നദീതീരത്തുമെല്ലാം അയാള്‍ പാചകം ചെയ്തു. ഉണ്ടാക്കുന്ന ഭക്ഷണമെല്ലാം നാട്ടുകാര്‍ക്കു വിളമ്പി.

അങ്ങനെ ഒരു കൈലിമുണ്ടും ഉടുത്ത് യുട്യൂബിലേക്ക് കടന്നുവന്ന അയാള്‍ പാചക കലകൊണ്ട് ലോകത്തിന്റെ തന്നെ മനം കവര്‍ന്നു. ഇത് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് ചുട്ടിപ്പാറ 2018ല്‍ തുടങ്ങിയ വില്ലേജ് ഫുഡ് ചാനലിന് ഇന്ന് 85 ലക്ഷത്തിനടുത്ത് സബ്സ്‌ക്രൈബേഴ്സ് ഉണ്ട്.

2021ല്‍, മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ 24 ന്യൂസ് സോഷ്യല്‍ മീഡിയ അവാര്‍ഡുകളില്‍ മികച്ച ഫുഡ് വ്ലോഗര്‍ എന്ന അവാര്‍ഡും ഇദ്ദേഹം നേടി.

ചില കൂട്ടിച്ചേര്‍ക്കലുകളാണ് ജിവിതം. ഒന്നും പുതിയതല്ല, രീതികള്‍ മാത്രം മാറുന്നു.. ആ രീതികളില്‍ പുതുമ കണ്ടെത്തുന്നവര്‍ക്കാണ്, പുതുമ പരീക്ഷിക്കുന്നവര്‍ക്കാണ് വിജയിയെന്ന പേര് ലോകം നല്‍കുന്നത്..

അതെ, കഠിനമായ പരിശ്രമത്തില്‍ വിജയത്തെ നമുക്ക് കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്യും

– ശുഭദിനം.