ചന്ദ്രപുർ: അഞ്ചു പതിറ്റാണ്ടിലേറെയായി നോക്കിനടത്തിയിരുന്ന സ്കൂളിന്‍റെ നടത്തിപ്പില്‍നിന്ന് പിന്മാറിയെന്ന് സിഎംസി (കോണ്‍ഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമല്‍) സന്യാസിനികള്‍.
മഹാരാഷ്‌ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിമന്‍റ് നഗറില്‍ 1972 മുതല്‍ പ്രവർത്തിക്കുന്ന മൗണ്ട് കാർമല്‍ കോണ്‍വന്‍റ് സീനിയർ സെക്കൻഡറി സ്കൂളിന്‍റെ നടത്തിപ്പില്‍നിന്നാണ് സിഎംസി സന‍്യാസിനികള്‍ പിന്മാറിയത്.

ഇന്ത്യയിലെ മുൻനിര സിമന്‍റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമന്‍റ് കമ്പനി (എസിസി)യുടെ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച സ്കൂള്‍ 1972 മുതല്‍ സിഎംസി സന്യാസിനികളുടെ മേല്‍നോട്ടത്തിലാണു പ്രവർത്തിച്ചിരുന്നത്.
2022ല്‍ എസിസിയെ അദാനി ഏറ്റെടുക്കുകയായിരുന്നു. അദാനി ഫൗണ്ടേഷനാണ് ഇനി സ്കൂള്‍ നടത്തുക. അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക താത്പര്യങ്ങളും നയങ്ങളും തങ്ങളുടേതില്‍നിന്നു വിഭിന്നമായതിനാല്‍ സ്കൂള്‍ നടത്തിപ്പില്‍നിന്നു പിൻമാറുകയാണെന്നു മുൻ പ്രിൻസിപ്പല്‍ സിസ്റ്റർ ലീന അറിയിച്ചു.
എസിസിയുടെ ക്ഷണപ്രകാരമാണു തങ്ങള്‍ സ്കൂള്‍ ഏറ്റെടുത്തതെന്നും ഉള്‍പ്രദേശമായ ചന്ദ്രപുരിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന തങ്ങളുടെ ദൗത്യത്തിനു കമ്പനി പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചർത്തു.
പേരില്‍ നിന്നു മൗണ്ട് കാർമല്‍ നീക്കം ചെയ്യണമെന്നും സിഎംസി അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ സുവർണ ജൂബിലി ആഘോഷിച്ച സ്കൂളില്‍ രണ്ടായിരത്തോളം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്.




