ഇസ്രായേലില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്.
ജറുസലേമില്‍ ഉള്‍പ്പെടെ അപായ സൈറണുകള്‍ മുഴങ്ങിയതായാണ് റിപ്പോർട്ടുകള്‍.
ഏകദേശം 400 ഓളം മിസൈലുകള്‍ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. പലതും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളില്‍ പതിച്ചുവെന്നു ഇസ്രായേലി സേന പറഞ്ഞു. എന്നാല്‍ ജറുസലേമില്‍ ഉള്‍പ്പെടെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോർട്ടുകളുണ്ട്.
മിസൈലാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ ജനങ്ങള്‍ ബങ്കറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു.
ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലും ഭീകരരുടെ വെടിവയ്‌പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് സംഭവം. ആക്രമണത്തില്‍ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണമെന്ന് സംശയിക്കുന്നു. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, ഇറാൻ നേരിട്ടൊരു ആക്രമണത്തിന് മുതിർന്നാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.




