ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന 1000 വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരംവളര്‍ത്തി ശാസ്ത്രജ്ഞര്‍

ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്‌സത്രജ്ഞര്‍.

ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980 ല്‍ ഒരു ഗുഹയില്‍നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010 ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു.

14 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. ‘ഷെബ’ എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച്‌ ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളില്‍ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധ ശക്തിയുള്ള കുഴമ്ബിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്. കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങള്‍ ആഫ്രിക്കയിലും മറ്റുചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.