തത്കാലം ഒഴിഞ്ഞുപോകണം, പിന്നീട് തിരിച്ചെത്താം’; ലെബനനിലെ ജനങ്ങളോട് നെതന്യാഹു

യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇറാൻ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ് നടപടി. ഇപ്പോള്‍ പ്രദേശത്തുനിന്ന് ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താം – വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.

ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ള ഉയർത്തുന്നത്. നിങ്ങളുടെ വീട്ടിലെ മുറികളിലും ഗ്യാരേജിലും അവർ മിസൈലുകളും റോക്കറ്റുകളും വയ്ക്കുന്നു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളില്‍ കൈകടത്താൻ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേർ മരിച്ചിരുന്നു.

2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേർ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യോമാക്രമണത്തിന് പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്.വ്യാമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. തെക്കുള്ള തുറമുഖനഗരമായ സീദോനില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും തലസ്ഥാനമായ ബയ്റുത്തിലേക്ക് ഒഴിഞ്ഞുപോകുന്നവരുടെ

വാഹനങ്ങള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞു. 2006-ലെ ഹിസ്ബുള്ള-ഇസ്രയേല്‍ യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ പലായനമാണിത്.ലെബനനിലെ സ്കൂളുകളും സർവകലാശാലകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തെക്കുനിന്ന് പലയാനം ചെയ്യുന്നവർക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സർക്കാർ അറിയിച്ചു.

അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാൻ തെക്കൻ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിർദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.