നടപ്പാതയിലേക്ക് ഒറ്റത്തുപ്പ്; അത് 36 വർഷം മുൻപുള്ള കൊലപാതകത്തിന് തെളിവ്

ബോസ്റ്റണ്‍ (യു.എസ്): 65-കാരന്‍ നടപ്പാതയില്‍ തുപ്പിയപ്പോള്‍ തെളിഞ്ഞത് 36 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ്. യു.എസ്സിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്താണ് സംഭവം. മസാച്യുസെറ്റ്‌സിന്റെ തലസ്ഥാനമായ ബോസ്റ്റണില്‍നിന്നുള്ള ജെയിംസ് ഹോളോമാന്‍ എന്ന 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

1988-ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മൂന്നുവയസുകാരിയുടെ അമ്മയായ കരെന്‍ ടെയ്‌ലര്‍ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റാണ് ടെയ്‌ലര്‍ ദാരുണമായി കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞത്. ഹോളോമാനാണ് പ്രതിയെന്ന് പോലീസിന് അന്ന് തന്നെ സംശയം ഉണ്ടായിരുന്നുവെങ്കിലും അത് സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കേസില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഹോളോമാന്‍ ബോസ്റ്റണിലെ തന്റെ വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പിയത്. അധികൃതര്‍ ഹോളോമാന്റെ ഉമിനീരിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയതോടെയാണ് 36 വര്‍ഷത്തിന് ശേഷം കേസില്‍ വഴിത്തിരിവുണ്ടായത്. കൊല്ലപ്പെട്ട ടെയ്‌ലറിന്റെ നഖത്തിനടിയില്‍ നിന്ന് കണ്ടെത്തിയ ഡി.എന്‍.എ, മൃതദേഹത്തിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലുണ്ടായിരുന്ന ഷര്‍ട്ടില്‍ കണ്ടെത്തിയ ഡി.എന്‍.എ, സമീപമുണ്ടായിരുന്ന സിഗരറ്റില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ. എന്നിവയുമായി ജെയിംസ് ഹോളോമാന്റെ ഡി.എന്‍.എ. പൊരുത്തപ്പെട്ടതായി പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഇതോടെയാണ് അന്വേഷണോദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 19-ന് ഹോളോമാനെ അറസ്റ്റ് ചെയ്തത്.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണ് ഹോളോമാന്‍ എന്ന് പോലീസ് അറിയിച്ചു. കേസില്‍ ഒക്ടോബര്‍ 29-നാണ് അടുത്ത വാദം. അതേസമയം ഹോളോമാന്റെ ഡി.എന്‍എയും ടെയ്‌ലറുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന പോലീസിന്റെ വാദത്തില്‍ സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

1988 മേയ് 27-നാണ് കരെന്‍ ടെയ്‌ലറെ അവര്‍ താമസിച്ചിരുന്ന ബോസ്റ്റണിലെ റോക്‌സ്ബറിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെയ്‌ലറുടെ അമ്മ ഫോണ്‍ വിളിച്ചപ്പോള്‍ മൂന്നുവയസുകാരിയായ മകള്‍ ഫോണെടുക്കുകയും ‘അമ്മ ഉറങ്ങുകയാണ്, വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല’ എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ടെയ്‌ലറുടെ അമ്മ കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ടെയ്‌ലറുടെ മൃതദേഹം കാണുന്നത്.