ഷാജി ആലുവിള
ആലപ്പുഴ: ഹരിപ്പാടിനടുത്തുള്ള താമല്ലാക്കലിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ രണ്ടു പേർ മരിച്ചു.
സൗദിയിൽ നിന്നും അവധിക്കു വന്ന വള്ളികുന്നം സ്വദേശിയായ സത്താർ (50) മകൾ ആലിയ (19) എന്നിവരാണ് മരിച്ചത്
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വള്ളികുന്നം വീട്ടിലേക്കുള്ള യാത്രയിൽ ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം സംഭവിച്ചത്.
ഹരിപ്പാടിനടുത്തുള്ള താമല്ലാക്കൽ എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മകൾ മരിച്ചു. സൗദിയിൽ നിന്നും അവധിക്കുവന്ന സത്താറിനെ സ്വീകരിക്കാൻ പോയതായിരുന്നു മരിച്ച മകളും പരിക്കോടെ രക്ഷപെട്ട ഭാര്യയും മറ്റുള്ളവരും.
ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്നു. അതിവേഗം വന്ന കാർ ഇടതു വശത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് കണ്ട് നിന്നവർ പറയുന്നു.
ഹരിപ്പാട്ടുനിന്നും ആലപ്പുഴക്കുള്ള എൻ്റെ യാത്രയിൽ ആണ് അപകടം കാണുന്നത്. അപകടസ്ഥലത്ത് കൂടി കടന്നുപോയ ഞാൻ പെട്ടന്ന് തിരിച്ച് അപകട സ്ഥലത്ത് എത്തി. അത് വഴി കടന്നുപോയ ഒരു വഹനക്കാരും അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുവാൻ മനസ്സ് കാണിച്ചില്ല.
ഉടൻ തന്നെ എൻ്റെ യാത്ര വേണ്ടെന്ന് വെച്ച് ഗുരുതരമായി അപകടം സംഭവിച്ച കാറിൽ കിടക്കുന്ന സത്താറിനെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ സത്താറിൻ്റെ തലക്കും മുഖത്തിനും ഗുരുതര പരിക്ക് ഏറ്റിരുന്നു.
ആ കാഴ്ച തന്നെ ഭയാനകമായിരുന്നു. അപകടം നടന്ന് പതിനഞ്ച് മിനിറ്റ് നേരം എന്ത് ചെയ്യണം എന്നറിയാതെ ഓടിക്കൂടിയവർ വിഷമിച്ചു. അവരെല്ലാവരും വന്ന വാഹനം തടഞ്ഞു നിർത്തി രക്ഷിക്കുവാൻ പറഞ്ഞിട്ടും അവരെല്ലാം വാഹനം വിട്ടുപോകുകയായിരുന്നു.
ഉടൻ ഞാൻ തന്നെ പെട്ടന്ന് എൻ്റെ വാഹനത്തിൽ കിടത്തി ആശുപത്രിയിൽ എത്തിച്ചപ്പോൾ പോലീസ് സഹായത്തിന് ഓടി എത്തി, ഒപ്പം ഡോക്ടറും ആശുപത്രി ജീവനക്കാരും. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായി കിടന്ന സത്താറിനെ വളരെ ബുദ്ധിമുട്ടി ഇറക്കുവാൻ സഹായിച്ചു.
അപ്പോഴും ഒരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നും പരുമല സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് സത്താറിന് അന്ത്യം സംഭവിച്ചത്.
തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഓ. വിനോദ്, എഎസ്ഐ. നജീബ് എന്നിവർ സഹായത്തിന് എത്തിച്ചേർന്നു.
ഡ്രൈവിങ്ങിനിടെയുള്ള ഉറക്കം അനേകരുടെ ജീവൻ എടുക്കുമെന്ന് എല്ലാവർക്കും അറിയാം. ഉറക്കം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി അൽപ്പം വിശ്രമിച്ചിട്ട് ഓടിച്ചാൽ പരമാവധി അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. സംസ്ക്കാരം പിന്നീട്.




