കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന പഴഞ്ചൊല്ല് ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം എന്നും എവിടെയും അന്വർത്ഥമാണ്. പുതുതായി ചെന്ന 70000 പേരാണ് കാനഡയിൽ നിന്ന് പുറത്തു പോകാൻ സാദ്ധ്യതയുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യു.കെയിലാണെങ്കിൽ താമസിക്കാൻ വീടില്ല. 2 ബഡ് റൂമും ഒരു ബാത്ത്റൂമും ഉള്ള വീടുകളിൽ എട്ടും പത്തും പേരാണ് താമസിക്കുന്നത്. നിയമപ്രകാരം തെറ്റാണെങ്കിലും സർക്കാർ കണ്ണടച്ച് വിടുകയാണ്. വർക്ക് പെർമിറ്റുമായി വന്നവർക്ക് വലിയ കുഴപ്പങ്ങളില്ല. സ്റ്റുഡൻ്റ് വിസയിൽ വന്ന കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല.
വിദേശത്ത് എത്തി പഠിച്ച് ഇവിടെ നിൽക്കാൻ കഴിഞ്ഞാൽ ലഭിക്കാവുന്ന നന്മകൾ പറയുന്ന കുട്ടത്തിൽ ഇവിടുത്തെ ന്യൂനതകൾ ഏജൻസികൾ പറയാറില്ല. മോഹനസുന്ദര വാഗ്ദാനങ്ങൾ മാത്രം പറയും. ഇവിടെ എത്തിയാൽ അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ കുറിച്ച് കൂടിപറഞ്ഞിരുന്നെങ്കിൽ കുട്ടികൾ മാനസികമായി എന്തിനെയും നേരിടാൻ തയ്യാറായി വരുമായിരുന്നു.

ഇവിടെ വന്ന് സ്വർഗ്ഗസമാനം ജീവിക്കാമെന്നാണ് ഏജൻസികൾ പറഞ്ഞ് പഠിപ്പിക്കുന്നത്. അവർക്ക് വേണ്ടി പത്രങ്ങൾ കേരളമെമ്പാടും ആയിരക്കണക്കിന് കുട്ടികളെ വിളിച്ചുകൂട്ടിക്കൊടുക്കുകയാണ്. പത്ര പരസ്യങ്ങളുടെ ഉത്തരവാദിത്വം പത്രങ്ങൾക്കില്ല. സുപ്രീം കോടതി അത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ കഷണ്ടിക്ക് ചികിത്സ, ജപിച്ച തകിട് വിൽപ്പന, വെള്ളപ്പാണ്ട് മാറ്റും, ചാത്തൻസേവ നടത്തിക്കൊടുക്കും, കംപ്യൂട്ടർ ജാതകം തുടങ്ങിയ പരസ്യങ്ങൾ പത്രങ്ങളിൽ വരുന്നത്. ഇവർക്ക് വേണ്ടി ആളുകളെ വിളിച്ചുകുട്ടി സെമിനാർ നടത്തിക്കൊടുത്താൽ എങ്ങനെയിരിക്കും? പത്ര നിയമം അനുസരിച്ച് പത്രത്തിൻ്റെ സ്ഥലം നിശ്ചിത തുക വാങ്ങി പരസ്യദാതാവിന് കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ പത്രങ്ങളിൽ പലതും സഹോദരന്മാർ നടത്തുന്ന സ്ഥാപനങ്ങൾക്കായി സൗജന്യമായി പരസ്യം ചെയ്ത് കൊടുക്കാറുമുണ്ട്.
പറഞ്ഞുവന്നത് നായ് നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന തരത്തിലുള്ള ഇന്ത്യാക്കാരൻ്റെ പ്രവൃത്തിയെ കുറിച്ചാണ്. മലയാളികളും ഈ കൂടെ ഉണ്ടെന്നതാണ് ഏറെ രസകരം. ഇവിടുത്തെ ജീവിത സാഹചര്യങ്ങളുടെ പൂർണ്ണ സത്യങ്ങൾ അറിയാതെ ഇവിടെ എത്തിപ്പെട്ടവരാണ് സ്റ്റുഡൻ്റ്സ്. ഇനി ഇവിടെ സമരം ചെയ്തിട്ട് എന്താണ് കാര്യം. കാനഡയിലെത്തിയ ഇന്ത്യാക്കാരാണ് ഏറ്റവും അധികം പൊല്ലാപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആ രാജ്യത്തെ നിയമം പാലിച്ച് പേപ്പറുകൾ ശരിയാക്കി അവിടെ നിൽക്കാൻ ശ്രമിക്കണം. അതിന് സഹായിക്കാൻ ലോയർമാരെ കിട്ടും. നമ്മളെ ആ രാജ്യത്തിന് വേണം എന്ന തോന്നൽ നാം തന്നെ ജനിപ്പിക്കണം. അവർക്ക് നമ്മളോട് സ്നേഹവും ബഹുമാനവും തോന്നുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ പെരുമാറ്റം. അത് തൊഴിൽ മേഖലയിലും പഠന മേഖലയിലും നാം തെളിയിച്ചു കൊടുക്കണം. സർക്കാർ നിയമങ്ങൾ മാറ്റിയാൽ അതിനെതിരെ സമരം ചെയ്യാം, ഇവിടെ കേരളത്തിൽ. സായിപ്പിൻ്റെ നാട്ടിൽ ഇത് പറ്റുമോ? മുമ്പ് കാനഡയിൽ പോയ കുട്ടികൾ കഷ്ടപ്പെട്ട് പഠിച്ച് പൗരത്വം നേടിയവരാണ്. അവരുടെ മാതാപിതാക്കളും അവിടെ ചെന്ന് അറിയാവുന്ന പണികൾ ചെയ്തു ജീവിക്കുന്നത് നമുക്കും അഭിമാനമാണ്.
സർക്കാർ നിയമങ്ങൾ മാറി വരുമ്പോൾ ഉടനെ സമരം തുടങ്ങുകയായി. ഒരു തുണ്ട് കടലാസ് കഷണം പോലും വീഴാതെ വളരെ വൃത്തിയായി സൂക്ഷിക്കുന്ന സായിപ്പിൻ്റെ പട്ടണം ഇന്ത്യാക്കാർ സമരം നടത്തി വൃത്തിഹീനമാക്കിയത് നാം കണ്ടതാണ്. മദ്യപിച്ച് വഴിയിൽ കൂടി ആടിയാടി നടന്ന ഇന്ത്യാക്കാരനെയും നാം കണ്ടു. കാലുറയ്ക്കാത്ത പരുവത്തിൽ തെരുവിൽ നിന്ന് മൂത്രം ഒഴിക്കുന്നത് കണ്ടപ്പോൾ നാണ ക്കേട് തോന്നി.

ഒരു സിക്കുകാരൻ നാട്ടിലെ വേഷം ധരിച്ച് തൊപ്പിയും വച്ച് ഒരു വടിയും കയ്യിലേന്തി ട്രാഫിക് പോലീസ് കളിക്കുന്നതും നാം കണ്ടു. നമ്മുടെ സംസ്കാരവും സായിപ്പിൻ്റെ സംസ്കാരവും തമ്മിൽ അജഗജാന്തരമുണ്ട്. ഭാഷയും ഭക്ഷണവും വസ്ത്രധാരണവും ജീവിതശൈലിയും വേറെയാണ്. ഇന്ത്യൻ പട്ടണങ്ങൾ പോലെ വൃത്തിഹീനമല്ല സായിപ്പിൻ്റെ നഗരങ്ങൾ. പഠിച്ച് ഇവിടെ ഒരു ജോലി നേടി പൗരത്വവും കരഗതമാക്കി ഇവിടെ സ്ഥിരതാമസക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ ദയവായി സമരാഭാസം നടത്തരുത്.
ഭരണാധികാരികളെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ച് അവരെ ബോധവൽക്കരിക്കയാണ് വേണ്ടത്. നാട്ടിൽ വന്നാൽ കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല. എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നമുക്ക് കോടികൾ കയ്യിലില്ലല്ലോ. ഉണ്ടെങ്കിൽ നമ്മൾ വിദേശത്തേക്ക് വിമാനം കയറേണ്ടി വരില്ലായിരുന്നു എന്നു കൂടി ചിന്തിക്കുക.

അതുകൊണ്ട് യാതൊരു കാരണവശാലും തെരുവിൽ ഇറങ്ങി സമരം ചെയ്യരുത്. ഡിപോർട്ട് ചെയ്യാൻ അവർ മടിക്കില്ല എന്നത് കൂടി നാം ഓർക്കണം. ഇസ്ലാം തീവ്രവാദികളെ ജർമ്മനിയിൽ നിന്നും നെതർലണ്ടിൽ നിന്നും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. പുറത്താക്കപ്പെടുന്നതിൽ നിരപരാധികളായ മറ്റ് രാജ്യങ്ങളിലെ അമുസ്ലിങ്ങളും ഉണ്ടെന്നതാണ് സത്യം.
അതുകൊണ്ട് പ്രാർത്ഥനയോടും ജാഗ്രത്രയോടെയും കൂടി അവിടെ ജീവിക്കുക. ഗ്രീൻകാർഡും അതുവഴി പൗരത്വവും നേടിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം.




