റോബോട്ട് ഉപയോഗിച്ച് സമ്പൂർണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംഗ് ഫൈസൽ ഹോസ്പിറ്റൽ

-ദീപു ജോൺ കോർഡിനേറ്റർ, യുഎഇ

റിയാദ്: റോബോട്ട് ഉപയോഗിച്ച് സമ്പൂർണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംഗ് ഫൈസൽ ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്റർ ചരിത്ര നേട്ടം കൈവരിച്ചു.

ലോകത്തു തന്നെ ആദ്യമായാണ് റോബോട്ട് ഉപയോഗിച്ച് സമ്പൂർണ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. ഇത്തരത്തിലുള്ള ഓപ്പറേഷനുകളോടൊപ്പമുള്ള എല്ലാ മെഡിക്കൽ വെല്ലുവിളികളും സങ്കീർണതകളും തരണം ചെയ്ത് പതിനാറുകാരനായ രോഗിക്കാണ് റോബോട്ട് ഉപയോഗിച്ച് ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

ആഴ്ചകളോളം നീണ്ട തയാറെടുപ്പുകൾക്കു ശേഷം കൺസൾട്ടന്റ് കാർഡിയാക് സർജനും കാർഡിയാക് സർജറി വിഭാഗം തലവനുമായ ഡോ. ഫറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൂന്നു മണിക്കൂർ നീണ്ട ഓപ്പറേഷൻ നടത്തിയത്. കൃത്യത ഉറപ്പുവരുത്താനും അപകട സാധ്യതകൾ കുറക്കാനും ശസ്ത്രക്രിയാ രീതി നവീകരിക്കാനും വാരിയെല്ലുകൾ മുറിക്കാതെ തന്നെ രോഗിയുടെ ഹൃദയം നീക്കം ചെയ്ത് ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാനും വിശദമായ ആസൂത്രണത്തോടെയാണ് തയാറെടുപ്പുകൾ ആരംഭിച്ചത്. നൂതന രീതിയുടെ ഫലപ്രാപ്‌തി തെളിയിക്കാൻ മൂന്നു ദിവസത്തിനിടെ തുടർച്ചായി ഏഴു തവണ വെർച്വൽ രീതിയിൽ ഓപ്പറേഷൻ പ്രക്രിയ നടത്തി.

ആശുപത്രി മെഡിക്കൽ കമ്മിറ്റിയുടെയും രോഗിയുടെ ബന്ധുക്കളുടെയും അനുമതികൾ നേടിയ ശേഷം ദൗത്യം പൂർത്തിയാക്കാൻ ഡോ. ഫറാസ് ഖലീൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുകയും ടീം അംഗങ്ങൾ തമ്മിലെ യോജിപ്പിന് മുൻഗണന നൽകുകയും ചെയ്‌തു. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കുന്നതിനു മുമ്പായി ടീം ലീഡർ ഓപ്പറേഷൻ പദ്ധതിയുടെ വിശദമായ വിശദീകരണം നൽകുകയും ഓരോ വ്യക്തിയുടെയും റോളുകൾ കൃത്യമായി വിശദീകരിക്കുകയും ചെയ്ത് രോഗിയുടെ സുരക്ഷയും ഓപ്പറേഷന്റെ വിജയവും ഉറപ്പാക്കി.

സാധാരണ രീതിയിൽ വാരിയെല്ലുകൾ മുറിച്ച് ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ വീണ്ടെടുക്കൽ കാലയളവ് ആഴ്ചകളും മാസങ്ങളും നീളാൻ ഇടയാക്കും. ഇത് ദൈനംദിന കൃത്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് രോഗിയുടെ ശേഷി പരിമിതപ്പെടുത്തും. സാധ്യമായ ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയാ ഇടപെടലോടെ ഓപ്പറേഷൻ നടത്താൻ അനുവദിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യകൾ വേദനയും വീണ്ടെടുക്കൽ കാലയളവും സങ്കീർണതകൾക്കുള്ള സാധ്യതയും കുറക്കുന്നു. രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും വീണ്ടെടുക്കൽ ത്വരിതപ്പെടുത്തുന്നതിലും ഇത് ഗുണപരമായ
കുതിച്ചുചാട്ടമുണ്ടാക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിൽ ലോകത്ത് ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ നിമിഷം മുതൽ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയാ മേഖലയിലെ സുപ്രധാന പുരോഗതിയാണ് ഈ നേട്ടമെന്ന് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പ‌ിറ്റൽ ആൻ്റ് റിസേർച്ച് സെന്റർ സി.ഇ.ഒ ഡോ. മാജിദ് അൽഫയാദ് പറഞ്ഞു.

മധ്യപൗരസ്ത്യദേശത്തെയും ആഫ്രിക്കയിലെയും ഒന്നാമത്തെയും ലോകത്തെ ഇരുപതാമത്തെയും മികച്ച ആശുപത്രിയായി കിംഗ് ഫൈസൽ ഹോസ്‌പിറ്റൽ ആന്റ് റിസേർച്ച് സെന്ററിനെ തുടർച്ചയായി രണ്ടാം വർഷവും തെരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലെയും മധ്യപൗരസ്ത്യദേശത്തെയും ഏറ്റവും മൂല്യമുള്ള ആരോഗ്യ ബ്രാൻഡും കിംഗ് ഫൈസൽ ആശുപത്രിയാണ്.