പൊലീസിന് എതിരേ പരാതിക്കായി പി.വി അൻവര്‍ തുടങ്ങിയ വാട്സ് ആപ്പ് നമ്പര്‍ ബ്ലോക്കാക്കി

പൊലീസിന് എതിരേയുള്ള പരാതിക്കായി പിവി അൻവർ തുടങ്ങിയ വാട്സ് ആപ്പ് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

ഒരു നമ്പര്‍ പോയാല്‍ വേറെ ആയിരം നമ്പര്‍ വരുമെന്നും പലരുടെയും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും പിവി അൻവർ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘പൊലീസിലെ പുഴുക്കുത്തുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ്‌ നമ്പര്‍ ഏതൊക്കെയോ തല്‍പ്പരകക്ഷികള്‍ ചേർന്ന് സ്പാം റിപ്പോർട്ട്‌ ചെയ്ത്‌ ബ്ലോക്കാക്കീട്ടുണ്ട്‌. ഒരു നമ്പര്‍ പോയാല്‍ വേറേ ആയിരം നമ്ബർ വരും. ഒരു വാട്ട്സ്‌ആപ്പ്‌ നമ്പര്‍ പബ്ലിഷ്‌ ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.’

കേരള പൊലീസിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ പൊലീസ് തലപ്പത്ത് അഴിച്ചു പണിയും നടന്നിരുന്നു. മലപ്പുറം പൊലീസിലാണ് ഏറ്റവും കൂടുതല്‍ അഴിച്ചു പണി നടന്നത്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ വിജിലൻസ് എറണാകുളം റെയ്ഞ്ച് എസ് പിയായിട്ടാണ് മാറ്റിയത്. മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാരെയും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ് ആപ്പ് നമ്പര്‍ ബ്ലോക്ക് ആക്കിയ വിവരം അൻവർ അറിയിച്ചത്.