അന്നാമ്മ റ്റീച്ചർ എനിക്ക് തന്നു 200 പേജിൻ്റെ ഒരു നോട്ട് ബുക്ക്

ജൂൺ 1. ഞങ്ങളുടെ സ്കൂൾ തുറന്നു. പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂൾ . 10-ാം ക്ലാസിൽ എൻ്റെ ഡിവിഷൻ്റെ ക്ലാസ് റ്റീച്ചറാണ് ചേന്നാട്ട്മറ്റം അന്നാമ്മ റ്റീച്ചർ.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞുള്ള റ്റീച്ചറിൻ്റെ വരവിൽ കയ്യിൽ ഒരു ചെറുവടിയുമുണ്ട്. വടിയുമായിട്ടാണ് ക്ലാസിൽ വന്നതെങ്കിലും അന്നാമ്മ റ്റീച്ചർ പൊതുവെ തല്ലുകാരിയല്ല. വടിയുടെ അഗ്രം കൊണ്ട് ഓരോരുത്തരുടേയും നോട്ട് ബുക്കുകളിൽ തൊട്ട് തൊട്ട് പോയി. റ്റീച്ചറിൻ്റെ നിർദ്ദേശ പ്രകാരം എല്ലാവരും 200 പേജിൻ്റെ ബുക്കാണ് വാങ്ങിയിട്ടുള്ളത്.

സ്കൂൾ തുറന്ന് കഴിഞ്ഞുള്ള ഒരു അദ്ധ്യായന ദിവസമാണ് റ്റീച്ചറിൻ്റെ ഈ പരിശോധന . തലേ ദിവസം പറഞ്ഞിരുന്നതു പോലെ എല്ലാവരും ബുക്ക് വാങ്ങി എന്ന് ഉറപ്പിക്കുകയാണ് അവർ. ഇംഗ്ലീഷ് അദ്ധ്യാപികയാണ് അന്നാമ്മ റ്റീച്ചർ.

എൻ്റെ അടുക്കലും റ്റീച്ചർ വന്ന് ബുക്ക് പരിശോധിച്ചു. ഒപ്പം എൻ്റെ ബുക്ക് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. റ്റീച്ചറിൻ്റെ രൂക്ഷമായ നോട്ടം എൻ്റെ മേൽ തറച്ചു. ബുക്ക് കണ്ടിട്ട് തൃപ്തിയായില്ല.

” എന്താ പുതിയ ബുക്ക് വാങ്ങാത്തത് ” എന്ന റ്റീച്ചറിൻ്റെ ചോദ്യത്തിന് മുമ്പിൽ പെട്ടെന്ന് ഒരു മറുപടി പറയാനാവാതെ ഞാൻ ശങ്കിച്ച് നിന്നു.
നാളെ വാങ്ങിക്കാം എന്ന് പറഞ്ഞാൽ പ്രശ്നം തീരും. പക്ഷേ എനിക്കറിയാം നാളെ വാങ്ങിക്കാനാവില്ലെന്ന്. കാരണം അപ്പൻ്റെ കയ്യിൽ പണമില്ല. 25 പൈസയിൽ കൂടുതൽ വിലവരാനിടയില്ല. എൻ്റെ മറുപടിക്ക് താമസം നേരിട്ടപ്പോൾ റ്റീച്ചറിൻ്റെ മറുപടി വന്നു.

“റസ്സൽ ബുക്ക് വാങ്ങണ്ട , നാളെ ഞാൻ ഒരു ബുക്ക് കൊണ്ട് വന്ന് തരാം.”

എനിക്കതിൽ ഒട്ടും സന്തോഷം തോന്നിയില്ല. കാരണം നിവൃത്തിയില്ലെങ്കിലും കുഞ്ഞു മനസിലെ എൻ്റെ ആത്മാഭിമാനം എന്നെ അസ്വസ്ഥനാക്കി. പുതിയ ഒരു ബുക്ക് വാങ്ങാനാവാതെ വണ്ണം ഞങ്ങൾ നിർദ്ധനരായി പോയല്ലോ എന്നൊരു തോന്നൽ. അന്നൊന്നും താങ്ക്സ് എന്ന വാക്ക് പറഞ്ഞു പരിചയമില്ലാത്തതു കൊണ്ട് നന്ദി പറഞ്ഞുമില്ല.

എൻ്റെ കയ്യിലിരുന്ന ബുക്ക് അപ്പൻ്റെ കരവിരുതിൽ രൂപം കൊണ്ടതാണ്. തലേവർഷം ഒമ്പതാം ക്ലാസിൽ ഉപയോഗിച്ചിരുന്ന നോട്ട് ബുക്കുകളിൽ കുറച്ച് എഴുതാത്ത പേജുകൾ ബാക്കിയുണ്ടാകുമല്ലോ. അവയെല്ലാം കൂടി അപ്പൻ കീറിയെടുത്ത് തല്ലി കൂട്ടിയതാണ് പുതിയ എൻ്റെ ബുക്ക്.

പിറ്റെന്ന് അന്നാമ്മ റ്റീച്ചർ എനിക്കുള്ള പുതിയ ബുക്കുമായിട്ടാണ് ക്ലാസ്സിൽ എത്തിയത്. ഞാൻ മത്രമല്ല ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും പാവപ്പെട്ടവരായിരുന്നു. എൻ്റെ ക്ലാസിലും അടുത്തുള്ള ക്ലാസുകളിലുമൊക്കെയായി പൊടി മണ്ണിൽ അലക്സ് (ന്യൂയോർക്ക്), ജോൺസൺ പുതുവേലിൽ (ഡാളസ്), റ്റി.എസ് ബാലൻ എന്നിവർ പഠിക്കുന്നുണ്ടായിരുന്നു.

പൊടിമണ്ണിൽ പി.എസ് ഫിലിപ്പ് (ഹ്യൂസ്റ്റൺ) തലേവർഷം 10-ാം ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്നും പിരിഞ്ഞിരുന്നു. അണക്കര ഏ.ജി സ്ഥാപകരിൽ പ്രമുഖരാണ് പൊടിമണ്ണിൽ കുടുബം. അന്നും അവർ സാമ്പത്തികമായി മുൻനിരയിൽ തന്നെയായിരുന്നു.

പാമ്പാടിയിൽ ധനാഢ്യരായ ചേന്നാട്ട് മറ്റം കുടുബാംഗമായിരുന്നു അന്നാമ്മ റ്റീച്ചർ. റ്റീച്ചർ അവിടെ പഠിപ്പിക്കുന്ന കാലത്ത് കോട്ടയത്ത് നിന്ന് പുറ്റടി വഴി പോകുന്ന ബസ് സർവ്വീസ് ചേന്നാട്ടുമറ്റം കുടുംബത്തിന് ഉണ്ടായിരുന്നു. അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകരിൽ മിക്കവരും ഒടുക്കത്തെ തല്ലുകാരായിരുന്നു. പഠിപ്പിക്കലിലും മുൻനിരക്കാർ തന്നെ.

ബോസ് സാറിൻ്റെ അടി, ബാലകൃഷ്ണൻ സാറിൻ്റെ പെൻസിൽ കൂട്ടിയുള്ള കിഴുക്കു മൊക്കെ ആസ്വദിക്കുമ്പോൾ കണ്ണിൽ കൂടി പൊന്നീച്ച പറക്കുമായിരുന്നു. സുമതി റ്റീച്ചറിൻ്റെ ക്ലാസുകൾ അതിഗംഭീരമായിരുന്നു. ഒപ്പം ശിക്ഷ കണ്ടാൽ പിള്ളേരെ തല്ലാനായിട്ട് തന്നെ രാവിലെ വീട്ടിൽ നിന്നും വരുന്നതാണെന്ന് തോന്നിപ്പോകും. ജോസഫ് സാറും മർക്കോസാറും ആവശ്യത്തിന് മാത്രമേ തല്ലൂ. മലയാളം ക്ലാസുകളിൽ രവീന്ദ്രൻ സാറിൻ്റെ പദ്യപാരായണം ശ്രവണസുന്ദരമായിരുന്നു.

പിള്ളേരെ തെറി പറയുന്ന രണ്ടു റ്റീച്ചർമാരും ഒരദ്ധ്യാപകനുമുണ്ടായിരുന്നു ഈ സ്കൂളിൽ. അദ്ധ്യാപകൻ മർക്കോസാർ. അദ്ധ്യാപികമാർ മേഴ്സിറ്റീച്ചറും ഏലിയാമ്മ റ്റീച്ചറുമായിരുന്നു. ഇതിൽ മേഴ്സിറ്റീച്ചർ ഞങ്ങളുടെ അയൽ വാസിയായിരുന്നു. ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. പഠിപ്പിച്ചാൽ ആർക്കും ഒന്നും പിടികിട്ടില്ല. പിൽക്കാലത്ത് ഹെഡ്മാസ്റ്റർ ആയ പോറ്റി സാർ പഠിപ്പിച്ചാലും അങ്ങനെ തന്നെ.

ഇവരുടെ ഇടയിൽ ചില പ്രേമക്കല്യാണങ്ങളും നടന്നു. ശാന്തനായ ഉണ്ണികൃഷ്ണൻ സാർ സുമതി റ്റീച്ചറിനെ കെട്ടി. ബ്രാഹ്മണനായ പോറ്റി സാർ ഈഴവ സമുദായക്കാരിയായ ലീലറ്റീച്ചറിനെ വേളി കഴിച്ചു. മനോരമയിലെ വാർത്താവതാരക നിഷയുടെ അമ്മ അച്ചാമ്മ റ്റീച്ചറും അന്നവിടെ അദ്ധ്യാപികയായിരുന്നു.

ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായിരുന്ന പുരുഷോത്തമൻ നായരാണ് നിഷയുടെ പിതാവ്. അതും പ്രേമവിവാഹമായിരുന്നു.
മദ്യപാനിയായിരുന്ന മർക്കോ സാറിനെ അസമയത്ത് മറ്റു വീടുകളിൽ നിന്നും നാട്ടുകാർ പൊക്കിയിട്ടുണ്ട്. എന്നിരുന്നാലും മർക്കോസാറിൻ്റെ ക്ലാസുകൾ ആസ്വാദ്യകരമായിരുന്നു

പറഞ്ഞുവന്നത് ഒരു നോട്ട് ബുക്ക് വാങ്ങാൻ ഗതിയില്ലാതിരുന്ന എൻ്റെ 1970 കളിലെ ബാല്യത്തെ കുറിച്ചാണ്. ഭക്ഷണത്തിനും നന്നേ പാടുപെട്ടിട്ടുണ്ട്. ഞാൻ പിൽക്കാലത്ത് കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗത്വം എടുത്തതിനു കാരണം ഈ ദുരിതങ്ങളുടെ ഓർമ്മകളാണ്.

ഒരു കാര്യമേ എനിക്ക് പറയാനുള്ളു. ഒന്നും ‘മറക്കരുത്’. നന്ദികേട് പാപമാണ് എന്ന് കൂടി ഓർക്കുക. ദൈവത്തോടും നമ്മെ സഹായിച്ചവരോടും നന്ദിയുള്ളവരായിരിക്കുക.

ഞാൻ ഏറ്റവും അധികം വെറുക്കുന്നത് കൊലയാളികളെയല്ല, ‘അഹങ്കാരികളെയാണ്.’ ക്രൈസ്തവചിന്തയുടെ ചെറിയ തോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രധാന കാരണം അന്നാമ്മ റ്റീച്ചർ എനിക്ക് തന്ന ‘നോട്ട് ബുക്കിൻ്റെ’ ഓർമ്മകളാണ്.