യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിലെ തിരക്കേറിയ പാലം തകര്‍ന്നു വീണു- വീഡിയോ

വിയറ്റ്നാമില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു .ജനജീവിതം തകിടം മറിച്ച ചുഴലിക്കാറ്റ് തുടർച്ചയായ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.

കഴിഞ്ഞ ശനിയാഴ്ച ചുഴലിക്കാറ്റ് കരയില്‍ സ്പർശിക്കുമ്ബോള്‍ അത് മണിക്കൂറില്‍ 149 കിലോമീറ്റർ വേഗതയിലായിരുന്നു. വിയറ്റ്നാമില്‍ വളരെ തിരക്കേറിയ ഒരു പാലവും അതില്‍ യാത്ര ചെയ്തിരുന്ന വാഹനങ്ങളും നദിയിലേക്ക് പതിക്കുന്ന ഭീതിദമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ഫു തോ പ്രവിശ്യയിലെ ഫോങ് ചൗ പാലമാണ് തകർന്നത്. ഇതിനെ തുടർന്ന് 13 പേരെ കാണാതായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ 9 തിങ്കളാഴ്ച രാവിലെയാണ് വടക്കൻ വിയറ്റ്നാമിലെ ഫു തോ പ്രവിശ്യയിലെ 375 മീറ്റർ നീളമുള്ള ഫോങ് ചൗ പാലം യാഗി ചുഴലിക്കാറ്റ് കാരണം തകർന്നത്. അപകടത്തില്‍ മോട്ടോർ ബൈക്കുകളും കാറുകളും ഉള്‍പ്പെടെ കുറഞ്ഞത് 10 വാഹനങ്ങളെങ്കിലും ചുവന്ന നദിയിലേക്ക് വീഴാൻ കാരണമായി. പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ രക്ഷാപ്രവർത്തനം നടക്കുന്നു. പാലം പുനഃസ്ഥാപിക്കുന്നതിനായി ഒരു പോണ്ടൂണ്‍ പാലം നിർമ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

കാവോ ബാങ് പ്രവിശ്യയില്‍ 20 പേരുമായി ഒരു യാത്രാ ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. തടസ്സപ്പെട്ട റോഡുകളും കനത്ത മഴയും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഫാം മിൻ ചിൻ അടിയന്തര സഹായം പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനത്തിള്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൈന്യത്തിന് നിർദേശം നല്‍കുകയും ചെയ്തു. കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലെ വ്യാവസായിക മേഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചു, വ്യാപകമായ വൈദ്യുതി മുടക്കവും ഫാക്ടറികള്‍ക്ക് കേടുപാടുകളും സംഭവിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വടക്കൻ പ്രദേശങ്ങളില്‍ 208 മുതല്‍ 433 മില്ലിമീറ്റർ വരെ മഴ ലഭിച്ചതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുമെന്ന് വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നല്‍കി.

പാശ്ചാത്യ അന്തർ ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്‌, ശക്തമായ കാറ്റും തിരമാലകളും കാരണം 30 കപ്പലുകള്‍ മുങ്ങിയിട്ടുണ്ട്. കൊടുങ്കാറ്റ് ഏകദേശം 3,300 വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വടക്കൻ വിയറ്റ്നാമില്‍ 120,000 ഹെക്ടറിലെ (296,500 ഏക്കർ) വിളകളെ നശിപ്പിക്കുകയും ചെയ്തു.