◾ എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ രണ്ട് ആര്.എസ്.എസ്. നേതാക്കളെ കണ്ടു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാതലത്തില്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ജോണ്‍ ബ്രിട്ടാസ് എം.പിയും പങ്കെടുത്തു. ക്രൈംബ്രാഞ്ച് ചുമതലയുള്ള എ.ഡി.ജി.പി. എച്ച് വെങ്കടേഷിനേയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
◾ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്നും വിവാദങ്ങളെല്ലാം പിണറായി വിജയനെ ലക്ഷ്യം വെച്ചാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും റിയാസ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന് ആര് എസ് എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എ ഡി ജി പി എം.ആര് അജിത്കുമാറിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും അജിത്കുമാറിനെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഗതിയാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി എം.ആര് അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ഏജന്റാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും സി പി എം കേരള ഘടകത്തിന്റെയും പരസ്യമായ ആര് എസ് എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സി പി എം നേതൃത്വം കാട്ടണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
◾ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിന്റെ ആര്.എസ്.എസ്. നേതാവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാന്. അതേസമയം പി.വി. അന്‍വര്‍ ആരോപണം ഉന്നയിച്ച രീതി ശരിയായില്ലെന്നും എന്നാല്‍ അന്‍വര്‍ ഉന്നയിച്ച വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും സജി ചെറിയാന് പറഞ്ഞു..
◾ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം എ.ഡി.ജി.പി.എന്നല്ല കേരളത്തിലെ മാനവും മര്യാദയുമുള്ള ഒരാളുപോലും ആര്.എസ്.എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ് സിപിഎമ്മിനെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ വ്യക്തികള്‍ ഒരു നേതാവിനെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അന്‍വറിന്റെ ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.
◾ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അന്‍വറിന്റെ മൊഴിയെടുത്തത്. കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്. പൊലീസിനെതിരെ പരാതി പറയാനായി നല്കിയ വാട്സ് ആപ്പ് നമ്പറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
◾ ആരവം മുഴക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് തൊട്ടടുത്തുള്ള ആളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അയാളെ കേള്‍ക്കാനുമുള്ള ശക്തി താന്‍ കണ്ടെത്തിയെന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ 145 ദിവസങ്ങളിലും അതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളിലും താന്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ കേട്ടുവെന്നും ഓരോ ശബ്ദവും വിവേകം നിറഞ്ഞതായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഓരോ ശബ്ദവും തന്നെ പുതിയ എന്തെങ്കിലും പഠിപ്പിച്ചുവെന്നും ഓരോ ശബ്ദവും നമ്മുടെ പ്രിയപ്പെട്ട ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്നതായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
◾ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസി. ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്.
◾ ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രത്യേകാന്വേഷണ സംഘം അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. മുകേഷിന് ജാമ്യമനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.
◾ കൊച്ചിയില്‍ നിന്നും ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ നടന് വിനായകനെ ഹൈദരാബാദ് പൊലീസ് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു. ഹൈദരാബാദ് വിമാനത്താവളത്തില്‍ നടന്ന വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
◾ കെഎസ്ആര്‍ടിസി ബസിടിച്ച് തകര്‍ന്നുവീണ തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ശക്തന് തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രതിമയുടെ പണികള്‍ ഉടനെ തീര്‍ത്ത് പുനസ്ഥാപിക്കും എന്ന് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
◾ അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡി എഫ് ഒ. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
◾ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി. പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
◾ തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡലിംഗ് ഏജന്‍സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍. എയര്‍ ഇന്ത്യ സാറ്റ്സിലെ കരാര്‍ തൊളിലാളികളാണ് ഇന്നലെ രാത്രി മുതല്‍ പണിമുടക്കുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് സമരം. സമരം വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ മാനന്തവാടിയില്‍ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനന്തവാടി തേറ്റമല വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ചോലയില്‍ വീട്ടില്‍ ഹക്കീമിനെ (42) തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
◾ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ സാമ്പത്തിക പ്രതിസന്ധിയിലായ എജ്യുടെക് കമ്പനിയായ ബൈജൂസിന് കനത്ത പ്രഹരമായി 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍. ബൈജൂസിന് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വകുപ്പ് 157 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ബൈജൂസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കര്‍ണാടക സംസ്ഥാനത്തിന്റെ നികുതി വകുപ്പ് കമ്പനിയോട് 691 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
◾ കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.
◾ ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. 28 പേരെ രക്ഷപ്പെടുത്തി. ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
◾ സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേഷന് സര്‍വീസില്‍ നിന്ന് പുറത്താക്കി കേന്ദ്രം. പ്രവേശനം നേടാന്‍ പൂജ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തിയതോടെയാണ് നടപടി.
◾ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ ഭീകരത തിരിച്ചുവരുമെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ ഭീകരതയെ തലയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും സ്വയംഭരണം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
◾ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടം എന്ന ബ്രിജ് ഭൂഷണ് ശണ് സിങിന്റെ വിവാദ പരാമര്‍ശനത്തിനെതിരെ ഗുസ്തി താരം ബജ്രംഗ് പുനിയ. ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അത് വിനേഷിന്റെ മെഡല്‍ ആയിരുന്നില്ല, 140 കോടി ഇന്ത്യക്കാരുടെ മെഡല്‍ ആയിരുന്നുവെന്നും ബജ്റംഗ് പുനിയ പറഞ്ഞു. വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവര്‍ ദേശഭക്തരാണോ എന്നും ബജ്രംഗ് പുനിയ ചോദിച്ചു. രാജ്യത്തിനുവേണ്ടി ചെറുപ്പംമുതല്‍ പോരാടുന്നവരാണ് ഞങ്ങള്‍. എന്നിട്ട് അവര്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിര്‍ന്നു. അവര്‍ രാജ്യത്തിനു വേണ്ടി പോരാടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും ബജ്രംഗ് പുനിയ ആരോപിച്ചു.




