പിണറായി വിജയൻ എഴുന്നേറ്റ് വന്ന് സ്വീകരിച്ചു ; ഞാൻ ആശ്ചര്യപ്പെട്ടു !!

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ്റെ എ.കെ.ജി സെൻ്ററിലെ ഓഫീസ് വാതിൽ മെല്ലെ ഞാൻ തുറന്നു. പി.ബി അംഗംകൂടിയായ അദ്ദേഹം എന്നെ കണ്ട മാത്രയിൽ എഴുന്നേറ്റ് വന്ന് കൈ തന്നു. എന്നിട്ട് കസേര ചൂണ്ടിക്കാട്ടി അതിൽ ഞങ്ങളെ ഇരുത്തി. എന്നിട്ട് അദ്ദേഹം തൻ്റെ ഇരിപ്പിടത്തിൽ ഇരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആതിഥ്യമര്യാദ. അതോടെ അദ്ദേഹത്തോടുള്ള എൻ്റെ ബഹുമാനവും ആദരവും ഇരട്ടിച്ചു.

അദ്ദേഹത്തിൻ്റെ ആദ്യ സർക്കാർ രൂപീകൃതമാകാൻ കാരണമായ തെരത്തെടുപ്പിന് തൊട്ടുമുമ്പുള്ള മാസമാണ് ഞങ്ങളുടെ കണ്ടുമുട്ടൽ നടന്നത്. ഞാനും ഓമനയും മകൻ ജോബിനുമായിരുന്നു സംഘാംഗങ്ങൾ. അദ്ദേഹത്തെ കാണാൻ പ്ലാൻ ചെയ്ത് എത്തിയതല്ല.

കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും ഏ .കെ. ജി സെൻ്ററും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. അതിർത്തി പങ്കിടുന്നത് ഒരു മതിൽ വ്യത്യാസത്തിൽ മാത്രം.

ഓമന അന്ന് കേരള യൂണിവേഴ്സിറ്റിയുടെ ചരിത്ര വിഭാഗത്തിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസ് മെംമ്പറാണ്. ജോലി പാഠ്യ പദ്ധതി പരിഷ്കരണം. ഇടയ്ക്കിടെ ബോർഡ് മീറ്റിംഗിന് കാലടിയിൽ നിന്നും തിരുവനന്തപുരത്ത് എത്തണം. ഉയർന്ന യാത്രാ അലവൻസുകൾ തരും. താമസം യൂണിവേഴ്സിറ്റിയുടെ ഗസ്റ്റ് ഹൗസിലും.

അന്ന് പതിവ് പോലെ ചെന്നപ്പോൾ പിണറായിയെ വിളിച്ചാലോ എന്ന ഒരു ആഗ്രഹം മനസിൽ ഉദിച്ചു. ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് മുഖാമുഖം കണ്ട് സംസാരിച്ചിട്ടില്ല. ഒരിക്കൽ ഗ്രൂപ്പായി പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സഭയുടെ സെമിത്തേരി പ്രശ്നങ്ങൾ അന്ന് സംസാരിച്ചു. ഹാൾ പണിയാനുള്ള നിയമ പ്രശ്നങ്ങൾ, ആർ.എസ്.എസ് ആക്രമണം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുകയും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) അന്ന് നിവേദനം നൽകുകയും ചെയ്തു.

തോമസ് വടക്കേകൂറ്റ്, കെ. ഏബ്രഹാം ഒഴുമണ്ണിൽ, ഗ്ലാഡ്സൺ ജേക്കബ് കോട്ടയം, ജെ. ജോസഫ്, തുടങ്ങിയ ഒരു ടീമാണ് അദ്ദേഹത്തെ കാണാൻ എത്തിയത്. ഞാനും ആ സംഘത്തിൽ ഉണ്ടായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്ന എല്ലാവരെയും ഓർക്കുന്നില്ല. പിണറായി ഒരു ചോദ്യം ചോദിച്ചു “നിങ്ങളുടെ ഈ തല്ലുവാങ്ങൽ എന്നാണ് ഇനി അവസാനിക്കുന്നത്” എല്ലാവരും ചിരിച്ചതേയുള്ളു.

ഗസ്‌റ്റ് ഹൗസിൽ നിന്നാൽ എ.കെ.ജി സെൻ്റർ കാണാം. ഏതായാലും ഒന്ന് വിളിക്കാൻ തീരുമാനിച്ചു. വിജയൻ ചേട്ടൻ എന്ന് സംബോധന ചെയ്തു കൊണ്ട് സംസാരിച്ച് തുടങ്ങിയാൽ മതി. ഞാൻ വിളിച്ച് ക്രൈസ്തവചിന്തയിലെ എഡിറ്റർ റസ്സലാണ് വിളിക്കുന്നതെന്ന് പറഞ്ഞു. സന്തോഷപൂർവ്വമായിരുന്നു തിരിച്ചുള്ള പ്രതികരണം. ഞാൻ താമസിക്കുന്ന ഇടവും തിരുവനന്തപുരത്തു വന്ന കാര്യങ്ങളും ഒക്കെ ബോദ്ധ്യപ്പെടുത്തിയ കൂട്ടത്തിൽ ‘കാണണമെന്ന ആഗ്രഹവും’ പ്രകടിപ്പിച്ചു.

“തിരക്കുണ്ട് 10 മണിക്ക് പാർട്ടി സെക്രട്ടറിയേറ്റാണ് എന്നാലും 9 മണിക്ക് വരൂ, കാണാം” എന്നായിരുന്നു മറുപടി .

“തിരക്കാണെങ്കിൽ ബുദ്ധിമുട്ടിക്കുന്നില്ല പിന്നീടൊരിക്കൽ കാണാം” എന്നായി ഞാൻ.

“നിങ്ങൾക്കായി ഞാൻ 9 മണിക്ക് വരാം വന്നോളൂ” എന്നുള്ള അദ്ദേഹത്തിൻ്റെ താൽപര്യത്തോടെയുള്ള ക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ യൂണിവേഴ്സിറ്റി വളപ്പിൽ നിന്നും റോഡിലിറങ്ങി നടന്ന് ഏ. കെ. ജി സെൻ്ററിലെത്തി.

ചെന്നപാടെ “ക്രൈസ്തവചിന്തയിൽ നിന്നാണോ?” എന്ന് റിസപ്ഷനിസ്റ്റിൻ്റെ ചോദ്യം.

ഞാൻ അതെ എന്ന് പറഞ്ഞ ഉടനെ “നിങ്ങൾക്കായി അദ്ദേഹം നേരത്തെ വന്നിട്ടുണ്ട്” എന്ന് പറഞ്ഞിട്ട് മുറി കാട്ടിത്തന്നു. ഞങ്ങൾ കതകിൽ മുട്ടി തുറക്കാൻ ഒരുങ്ങവേ ധൃതിയിൽ എഴുന്നേറ്റ് വന്ന് ഞങ്ങളെ ഇരിപ്പിടം കാട്ടിത്തന്ന് ഇരുത്തിയിട്ടാണ് അദ്ദേഹം തൻ്റെ സീറ്റിൽ പോയി ഇരുന്നത്.

പിന്നെ ഞങ്ങളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മകനെ നോക്കി എന്ത് ചെയ്യുന്നു എന്ന് ആരാഞ്ഞു. ഓമന അദ്ദേഹത്തിൻ്റെ ബർമ്മാംഗ്ഹാമിൽ പഠിക്കുന്ന മകൻ്റെ പഠനത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. പഠനം കഴിഞ്ഞ് ദുബായിയിൽ എച്ച്.എസ്.ബി.സി ബാങ്കിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞിട്ട് ജോലി “തരക്കേടില്ല” എന്ന് സൂചിപ്പിക്കുകയും ചെയ്തു. ഹൈറേഞ്ചിലെ ഞങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചും പാർട്ടിയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ സംസാരിച്ചു.

പോരാനായി ഞങ്ങൾ എഴുന്നേറ്റപ്പോൾ അദ്ദേഹവും എഴുന്നേറ്റ് വാതിൽ വരെ വന്ന് യാത്രയാക്കി. അന്നദ്ദേഹം സ്റ്റേറ്റിൻ്റെ ഭരണാധികാരിയല്ല. പാർട്ടിത്തലവൻ മാത്രമാണ്. അതുകൊണ്ടായിരിക്കാം പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണം ഞങ്ങൾക്ക് ലഭിച്ചത്.

എന്നാൽ സ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ആയിക്കഴിഞ്ഞപ്പോൾ 30 ലധികം കാറുകളുടെ അകമ്പടിയോടെ അനവധി സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലിൽ ഫയൽക്കെട്ടുകളുമായി ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നടുവിൽ അമേരിക്കൻ പ്രസിഡൻ്റിനെക്കാൾ പത്രാസിൽ നടക്കുന്ന പിണറായി വിജയനെയാണ് പിന്നെ നമ്മൾ കണ്ടത്. ഇപ്പോഴും അങ്ങനെ അത് തുടരുന്നു.

ഭരണം കഴിയുമ്പോൾ എ. കെ. ജി സെൻ്ററിലെ ഒരു മുറിയിൽ തനിയെ ഇരിക്കുന്ന ഒരു മുൻ മുഖ്യമന്ത്രിയായി മാറും അദ്ദേഹം.

ലോക ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എല്ലാവരും അധികാരം കിട്ടിയപ്പോൾ സ്വേച്ഛാധിപതികളും ലക്ഷങ്ങളെ കൊന്നൊടുക്കുന്ന ക്രൂരന്മാരുമായ ചരിത്രമാണ് നമ്മുടെ മുമ്പിൽ ഉള്ളത്. ഇവർ അധികാരം ആസ്വദിക്കുന്നവരാണ്.

ലെനിനും അധികാരം ആസ്വദിച്ചു, ഒപ്പം കൊന്നു പതിനായിരങ്ങളെ. അധികാരത്തിനായി, എതിർപ്പ് പ്രകടിപ്പിച്ച സ്വന്തം പാർട്ടി സഖാക്കളെയാണ് കൊന്നൊടുക്കിയത്. സ്റ്റാലിൻ കൊന്നൊടുക്കിയത് ലക്ഷങ്ങളെയാണ്. ശത്രുക്കളെയല്ല പാർട്ടിയും ഭരണവും പിടിച്ചെടുക്കാൻ സ്വന്തം സഖാക്കളെയാണ് കൊന്നത്.

റഷ്യയിലെ പുടിനും കമ്മ്യൂണിസ്റ്റ് ഭൂതം കയറിയ പിശാചാണ്. കംബോഡിയയിലും പോളണ്ടിലുമൊക്കെ നടന്ന കൂട്ടക്കൊലകൾ കമ്മ്യൂണിസ്റ്റ് ദുരന്തമായി കാണാം. ഇന്നത്തെ വടക്കൻ കൊറിയയിലെ മനുഷ്യൻ്റെ ജീവിതാവസ്ഥയും പരമദയനീയമാണല്ലോ. ചൈനയും ഇതിൽ നിന്നും വ്യത്യസ്ഥമല്ല.
ഇതിൻ്റെയൊക്കെ ചെറിയ പതിപ്പാണ് കേരളത്തിലും അരങ്ങേറുന്നതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.