ഒടുവിൽ സൂപ്രണ്ട് റ്റി.ജെ ശാമുവൽ വന്നു; എനിക്ക് സന്തോഷമായി

ഗുഡ്ന്യൂസ് ചെയർമാൻ വി.എം. മാത്യുസാറിൻ്റെ നിർദ്ദേശപ്രകാരം ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ റ്റി.ജെ. ശാമുവലിനെ ഞാൻ ഫോണിൽ വിളിച്ചു. മൊബൈൽ ഫോൺ ഇല്ലാതിരുന്നതു കൊണ്ട് ഗുഡ്ന്യൂസിൻ്റെ ലാൻഡ് ഫോണിൽ നിന്നായിരുന്നു വിളി. കെ.പി.എഫിൻ്റെ സെക്രട്ടറി പായിപ്പാട് പാസ്റ്റർ തോമസ് ഫിലിപ്പും റ്റി.ജെയെ വിളിച്ചിരുന്നു. വരില്ല എന്ന് പറഞ്ഞതുകൊണ്ട് അവസാനത്തെ ശ്രമമെന്ന നിലയിലാണ് എന്നെക്കൊണ്ട് വിളിപ്പിച്ചത്. വിളിയിൽ ഞാൻ അഭ്യർത്ഥിച്ചത് ഏതാണ്ട് ഇത് പോലെയാണ്. അന്നത്തെ വിളിയുടെ വാക്കുകൾ അതേപടി പറയാൻ കഴിയില്ലല്ലോ. 92 ലോ 93 ലോ ആണ് ഈ വിളി.

‘സർ കേരള പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ രണ്ടാമത് കൺവൻഷൻ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുകയാണ്. അത് അറിഞ്ഞു കാണുമല്ലോ? സാർ വരണം . എല്ലാ പെന്തക്കോസ്തുനേതാക്കളും പങ്കെടുക്കുന്നുണ്ട്. ‘

ഏതാനും മിനിറ്റുകൾ സംഭാഷണം തുടർന്നു. വരണമെന്ന് ഞാൻ ശഠിച്ചു. വരില്ലെന്ന് അദ്ദേഹവും. വന്നില്ലെങ്കിൽ നമ്മൾ (എ ജി ക്കാർ) ഒറ്റപ്പെട്ടു പോകും എന്ന് പറഞ്ഞ് ഞാൻ അവസാനത്തെ കൈ പ്രയോഗിച്ചു. അതിന് കിട്ടിയ മറുപടി അത് ഐ പി സി ക്കാരുടെ കൺവൻഷൻ അല്ലെ എന്നായിരുന്നു. ഐ.പി.സി യോട് എതിർപ്പ് ഉണ്ടായിട്ടൊന്നുമല്ല. സംഭാഷണത്തിൽ നിന്നും രക്ഷപ്പെടാനായി വച്ച് കാച്ചി എന്നേ ഉള്ളു. കൺവൻഷൻ്റെ അവസാന ദിവസമായ ശനിയാഴ്ച രാവിലെയായിരുന്നു ഈ സംസാരം.

ഒന്നാമത്തെ കെ.പി.എഫ് കൺവൻഷൻ നടന്നത് തിരുവല്ല ശാരോൻ കോമ്പൗണ്ടിലായിരുന്നു. ഗുഡ്ന്യൂസ് മുൻകയ്യെടുത്ത് സ്ഥാപിതമായ കൂട്ടായ്മയായിരുന്നു, കേരളത്തിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ സംഘടനയായ കെ.പി.എഫ്. ഗുഡ്ന്യൂസിന് വേണ്ടി 11 വർഷം സ്വമേധാ പ്രവർത്തകനായ ശേഷം 1989 ലാണ് ഞാൻ ശംബളക്കാരനായി അവിടെ ചേർന്നത്. ഗുഡ് ന്യൂസ് വാരികയിൽ നിന്നും 750 രൂപയും ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്ന് 150 രൂപയും എനിക്ക് തരും. മൊത്തം 900 രൂപ. ഇതാണ് എൻ്റെ ഒരു മാസത്തെ റെമ്യൂണറേഷൻ. പോസ്റ്റ്, സ്റ്റേറ്റ് പ്രമോഷണൽ ‘ഓഫീസർ. ഒരിക്കൽ വി എം മാത്യു സാർ മുണ്ടക്കയം വഴി വന്നപ്പോൾ വീട്ടിൽ കയറി. സംസാര മദ്ധ്യേ പറഞ്ഞു ‘ ശംബളം ഗുഡ്ന്യൂസിന് തരാനില്ല അതുകൊണ്ട് ഞങ്ങളെ സഹായിക്കാനായി ആഴ്ചയിൽ രണ്ട് ദിവസം റസ്സൽ ഓഫീസിൽ വരണം.’ അന്നും ഇന്നും ഗുഡ്ന്യൂസിൽ നിന്നും ശംബളം വാങ്ങി ജോലി ചെയ്തു എന്ന ചിന്ത എനിക്കില്ല. കാരണം ഗുഡ് ന്യൂസ് ഒരു വികാരമായിരുന്നു.

റ്റി.ജെ. പങ്കെടുക്കില്ല എന്നുറപ്പായതിനാൽ ഞായറാഴ്ചത്തെ ആരാധനയുടെ അദ്ധ്യക്ഷനായി അസ്സി. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പിനെ സംഘടകർ നിശ്ചയിച്ചു. പ്രോഗ്രാമും പ്രിൻ്റ് ചെയ്തു . കർതുമേശയും ആരാധനയും നടത്തുന്നത് പാസ്റ്റർ പി.എസ് ഫിലിപ്പും മുഖ്യ പ്രസംഗം ചെയ്യുന്നത് പാസ്റ്റർ പി.എം ഫിലിപ്പും ആയിരുന്നു. കൺവൻഷൻ്റെ അവസാനദിവസമായ അന്ന് വൈകിട്ട് റ്റി.ജെ യുടെ സന്തത സഹചാരിയായ പാസ്റ്റർ ഒ ശാമുവൽ യോഗത്തിന് എത്തി. അന്ന് അദ്ദേഹം പുനലൂർ പേപ്പർ മിൽ ചർച്ച് ശുശ്രൂഷകനാകാണ് സാദ്ധ്യത. കണ്ടപാടെ റ്റി.ജെയുമായി
സംസാരിച്ച വിഷയം ഞാൻ അൽപം ചൂടായി തന്നെ ഒ .ശാമുവലിനോട് വിശദീകരിച്ചു. കൺവൻഷൻ കഴിഞ്ഞ് മടങ്ങിയ അദ്ദേഹം നേരെ പോയത് പാതിരാത്രിയിൽ ബെഥേൽ ബൈബിൾ കോളേജിൽ റ്റി.ജെ താമസിക്കുന്ന വീട്ടിലേക്കായിരുന്നു.

ശനിയാഴ്ച രാത്രി ഞാനും ഓമനയും മകനും താമസിച്ചത് ഗുഡ്ന്യൂസിൻ്റെ ബാലലോകത്തിൻ്റെ ചുമതല വഹിച്ചിരുന്ന ‘ ‘അങ്കിൾ ആൻഡ്രൂ ‘ എന്ന എം.സി. കുര്യൻ്റെ പുതുപ്പള്ളിയിലെ വീട്ടിലായിരുന്നു.

അതിരാവിലെ ഞങ്ങൾ ഗുഡ്ന്യൂസിൻ്റെ സ്റ്റാൾ തുറക്കാനായി തിരുനക്കര മൈതാനത്ത് എത്തിയപ്പോൾ കണ്ട കാഴ്ചയിൽ എൻ്റെ കണ്ണുകളെ വശ്വസിക്കാനായില്ല. തിരുനക്കര മൈതാനത്ത് റ്റി.ജെ അദ്ദേഹത്തിൻ്റെ അംബാസിഡർ കാറിൽ ചാരി നിൽക്കുന്നു. അപ്പോൾ ആരും തന്നെ മൈതാനത്ത് എത്തിയിട്ടില്ല.കൂടെ മകൻ എബിയും. ഓടി ഞങ്ങൾ അടുത്തു ചെന്നു. കൈ തന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞ വാക്ക് ഞാൻ അതേപടി ഇവിടെ കുറിക്കട്ടെ. ‘ഞാൻ വന്നു കേട്ടോ’.

എൻ്റെ മറുപടി. ‘ വളരെ സന്തോഷം ‘. അൽപനേരം സംസാരിച്ച ശേഷം ഞാനും ഓമനയും കൂടി ഗുഡ്ന്യൂസ് സ്റ്റാൾ ക്രമീകരിക്കാനായി ഗ്രൗണ്ടിൻ്റെ മറുവശത്തേക്ക് പോയി. അന്ന് ഓമന റ്റീച്ചറിൻ്റെ പണി ഗുഡ്ന്യൂസിൻ്റെ രശീതി എഴുത്തായിരുന്നു. ഞാൻ സഭായോഗം ആരംഭിക്കുന്നതുവരെ ‘ ഇതെല്ലാം എൻ്റെ തലയിൽ കൂടിയാണ് നടക്കുന്നതെന്ന ഭാവത്തിൽ ഗ്രൗണ്ടിൽ കൂടി ഇടംവലം നടന്നു.

സൂപ്രണ്ട് റ്റി.ജെ ശാമുവൽ വരില്ല എന്നുറപ്പായിരുന്നതു കൊണ്ടാണ് അസ്സി. സുപ്രണ്ട് പി.എസ്. ഫിലിപ്പിനെ പുനലൂരിൽ നിന്നും വിളിച്ച് കൊണ്ടു വന്ന് സഭായോഗം നടത്താൻ നിയോഗിച്ചത്. റ്റി.ജെ വന്നതോടെ സംഘാടകർ ആകെ കുഴഞ്ഞു. പി.എസ്. ഫിലിപ്പ് സഭായോഗവും തിരുവത്താഴവും നടത്തും. പി.എം ഫിലിപ് സാർ പ്രസംഗിക്കും. അത് ഉറപ്പാക്കി പ്രോഗ്രാം അച്ചടിക്കുകയും ചെയ്തു. എ.ജിയുടെ പ്രതിനിധിയായി ക്ഷണിച്ചു കൊണ്ടുവന്ന പി.എസ് ഫിലിപ്പിനോട് മാറിത്തരണം എന്ന് ആര് പറയും. ഒടുവിൽ സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് പി.എസ് മാറിക്കൊടുത്തു. റ്റി.ജെ സഭായോഗം നടത്തി. ഉച്ചകഴിഞ്ഞ് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യുസാർ റ്റി.ജെയെ ഓഫീസിലേക്ക് വിളിച്ചു കൊണ്ട് പോയി. മൈതാനത്ത് നിന്ന് നോക്കിയാൽ ഗുഡ് ന്യൂസ് ഓഫീസ് കാണാം. ഞായറാഴ്ച രാത്രിയിൽ നടന്ന യോഗത്തിലും റ്റി.ജെ പ ങ്കെടുത്തു എന്നാണ് എൻ്റെ ഓർമ്മ.

മറ്റ് ചില വസ്തുത കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ഗുഡ് ന്യൂസുമായി റ്റി.ജെ കലഹിച്ചു നിന്നപ്പോൾ മദ്ധ്യസ്ഥനായി റ്റി. ജെയെ അനുനയിപ്പിക്കാൻ വി.എം. മാത്യുസാർ എന്നെ വിട്ട ഒരു കഥയുണ്ട്. റ്റി. ജെയും ഹാലേലൂയ്യയുമായി നടത്തിയ അഭിമുഖത്തിൽ സാംകുട്ടിയുടെ ഒരു പരാമർശത്തിന് മറുപടി ക്രൈസ്തവ ചിന്തയിലൂടെ പറയണമെന്നാവശ്യപെട്ടുകൊണ്ട് റ്റി.ജെ. കാലടിയിൽ ഞങ്ങളുടെ വീട്ടിൽ വന്ന മറ്റൊരു കഥയുമുണ്ട്. അങ്കമാലി സഭയുടെ അന്നത്തെ ശുശ്രൂഷകൻ ഏ ഷാജി, മഴുവന്നൂരിൽ ശുശ്രൂഷിച്ചിരുന്ന ജോസ് തോമസ് എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഹാലേലൂയായ്ക്കുള്ള മറുപടി ക്രൈസ്തവ ചിന്തയിൽ എഴുതണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഞാൻ നിഷേധിച്ചു വെങ്കിലും അവരുടെ സമ്മർദ്ദത്തിന് വഴങ്ങി റ്റി.ജെയുടെ മറുപടി എനിക്ക് പ്രസിദ്ധീകരിക്കേണ്ടിവന്നു.

അതിൻ്റെ കോപ്പികൾ 5000 അച്ചടിച്ച് പുനലൂർ കൺവൻഷനിൽ വിതരണം ചെയ്ത് അദ്ദേഹത്തെ ” രക്ഷിച്ചതും ” ക്രൈസ്തവചിന്ത തന്നെയായിരുന്നു.’ തീ ‘ യായിരുന്നു വിഷയം. ഇന്നും ‘ തീയെ ‘ അദ്ദേഹം വിട്ടിട്ടില്ലെന്ന് തോന്നുന്നു. അന്ന് സ്വന്തമായി വാഹനം ഇല്ലാതിരുന്നതുകൊണ്ട് പത്രക്കെട്ടുകൾ ബസിൽ കയറ്റി പുനലൂർ സ്റ്റാൻഡിൽ ഇറക്കി , ഓട്ടോ പിടിച്ച് മൈതാനത്ത് എത്തിയപ്പോൾ ശനിയാഴ്ചത്തെ സമാപന കൺവൻഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.

മംഗളം പ്രസിലാണ് പത്രം അച്ചടിച്ചത്. അവിടെ നിന്ന് 500 ൻ്റെ 10 കെട്ടുകളും എൻ്റെ പെട്ടിയുമായി കോട്ടയം കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിലേക്ക്. യാത്രക്കാരുടെ കാലുകൾ അകറ്റി സീറ്റിനടിയിലേക്ക് പത്രക്കെട്ടുകൾ തള്ളിക്കയറ്റി. യാത്രക്കാരുടെ തെറി വേറെ. അന്നത്തെ ചെലവുകൾ താങ്ങാവുന്നതിലു മപ്പുറം ആയിരുന്നു. ഇത് എന്തിന് ചെയ്തു ? എനിക്ക് എന്ത് ഗുണമുണ്ടായി ? ഞാനൊരു കളിപ്പാവയായി മാറുകയായിരുന്നു.

സൂപ്രണ്ട് ഫിലിപ്പ് സാർ അന്നെനിക്ക് രാത്രിയിൽ ആശംസയ്ക്ക് സമയം തന്നപ്പോൾ ‘ ക്രൈസ്തവചിന്ത ‘ യിലെ റ്റി ജെ യെ സൂചിപ്പിക്കുന്ന ഉള്ളടക്കത്തെ സൂചിപ്പിച്ചു സംസാരിച്ചു. കൺവൻഷൻ കഴിഞ്ഞപ്പോൾ ഫയൽ കോപ്പി പോലും ഇല്ലാതെ മുഴുവൻ കോപ്പികളും വിശ്വാസികളും പാസ്റ്റർ മാരും എടുത്തുകൊണ്ട് പോയിരുന്നു.

റ്റി.ജെയെ സംരക്ഷിക്കാൻ ഇറക്കിയ പത്രം വിതരണം ചെയ്താൽ മതി. അത് സ്റ്റേജിൽ എന്തിന് പറഞ്ഞു ‘ എന്ന് പറഞ്ഞ് ഐസക് വി മാത്യു എൻ്റെ മേൽ ചാടി വീണത് മറ്റൊരു കഥ. അന്ന് ഫിലിപ്പ് സാറിൻ്റെ നിഴലിൽ നേതാവായിരുന്നുവെങ്കിൽ ഇന്ന് റ്റി.ജെയുടെ നിഴലിൽ നേതാവായി വിലസുന്നു. അത്രമാത്രം. എത്ര പ്രാവശ്യം ഇദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും ചാടി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.

പാസ്റ്റർ ഒ ശാമുവലിന് അന്ന് പേപ്പർ മിൽ ചർച്ചിലെ ഒരു കുടുംബത്തിൽ നിന്നും ഇത്തിരി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. തുടർമാനമായി പി.എസ് ഫിലിപ്പ് സൂപ്രണ്ടായിക്കൊണ്ടിരുന്ന ആ സമയത്തും ഒ.ശാമുവൽ റ്റി.ജെ ശാമുവലിൻ്റെ കൂടെ പാറ പോലെ ഉറച്ചു നിൽക്കുകയായിരുന്നു. ആ സമത്ത് ഒ. ശാമുവലിനെതിരെ നിന്ന കുടുംബവുമായി റ്റി.ജെ ചങ്ങാത്തത്തിലായിരുന്നു. ഈ വിഷയം ഞാൻ റ്റി.ജെയുമായി അതിഗൗരവമായി ചർച്ച ചെയ്യുകയുണ്ടായി. കൂടെ നിന്നവരെ തളളിക്കയരുതെന്ന് ഒരു ആപ്തവാക്യം പോലെ എനിക്ക് അദ്ദേഹത്തോട് പറയേണ്ടി വന്നു. ഒരിക്കൽ റ്റി.ജെ കാറിൻ്റെ ഡോർ അടച്ചതും എൻ്റെ ഓർമ്മയിലുണ്ട്. പറയാൻ ഇനിയുമുണ്ട് ഒത്തിരി ഒത്തിരി. ആവശ്യം വന്നാൽ പറയാം. അന്നേ എനിക്ക് മനസിലായി ഇത് എനിക്ക് പറ്റിയ മേഖലയല്ലെന്ന്.

സഭാനേതൃത്വത്തെ മണിയടിച്ച് നിൽക്കുന്നത് ആണുങ്ങൾക്ക് പറ്റിയ പണിയല്ലെന്ന് ഞാൻ പഠിച്ചു. ഇവർക്ക് പരസ്പരം ഒരു സ്നേഹവുമില്ല. എല്ലാം തന്ത്രങ്ങൾ. അഭ്യാസങ്ങൾ. ഒരുമിച്ച് തിരുവത്താഴം ഭുജിക്കും കെട്ടിപ്പിടിക്കും. ഈ കുറിപ്പ് അൽപ്പം നീണ്ടുപോയി.

ഇന്നെനിക്ക് സ്നേഹിതർ ഇല്ല. ‘ആത്മസ്നേഹിതരെ’യുള്ളൂ. അവർ ശലോമോൻ പറയുന്ന” പറ്റുള്ള സഹോദരന്മാരാണ്.