ആര്‍എസ്‌എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ആർഎസ്‌എസ് നേതാവിനെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചുവെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നുമാണ് വിഡി സതീശന്റെ ആരോപണം. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആർഎസ്‌എസ് ബന്ധം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഇലക്ഷന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം എവിടെ പോയി. കരുവന്നൂരിലെ അന്വേഷണം എന്തായി. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്നും സതീശൻ പറഞ്ഞു.

ഹയാത്തില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ എഡിജിപി ആർഎസ്‌എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആർഎസ്‌എസ് നേതാവായിരുന്നു ഇടനിലക്കാരൻ. ഊരിപ്പിടിച്ച വാളിന് ഇടയില്‍കൂടി നടന്ന മുഖ്യമന്ത്രി എന്തിന് കീഴുദ്യോഗസ്ഥരെ ഭയക്കുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ പോലീസ് സേനയില്‍ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎല്‍എ പറഞ്ഞു. വിശ്വസിച്ച്‌ ഏല്‍പ്പിച്ചവർ തന്നെ മുഖ്യമന്ത്രിയെ ചതിച്ചു. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ് താൻ ഉന്നയിച്ച ആരോപണങ്ങള്‍. പരാതികളില്‍ അന്വേഷണത്തില്‍ തനിക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.

ആരോപണങ്ങളില്‍ നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. എഡിജിപിയെ മാറ്റേണ്ടത് താനല്ല. അജിത് കുമാർ ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം തന്നെയാണ് തനിക്കുള്ളതെന്നും അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരില്‍ കണ്ട് പരാതി നല്‍കിയ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കുറ്റാരോപിതരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച്‌ ഏല്‍പ്പിച്ച വ്യക്തികള്‍ മുഖ്യമന്ത്രിയെ ചതിച്ചെങ്കില്‍ ചതിക്കുന്നവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും അൻവർ പറ‍ഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് താൻ കാര്യങ്ങള്‍ പറഞ്ഞതെന്നും അൻവർ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പിവി അൻവർ എംഎല്‍എ നല്‍കിയ പരാതി പാർട്ടി തലത്തില്‍ അന്വേഷിക്കാൻ തീരുമാനമായി. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ ചർച്ച നടക്കും.