
റോയി മേപ്രാൽ
1966 ലാണ് കാനം അച്ചൻ വിശ്വാസ സ്നാനം സ്വീകരിച്ചു പുറത്തു വരുന്നത്. അരനൂറ്റാണ്ടുകൾക്കപ്പുറം ഒരു ബാലനായിരുന്ന കാലത്തു മേപ്രായിക്കു സമീപം അച്ചന്റെ പ്രസംഗം കേൾക്കുവാൻ പോയത് ഇന്നും ഓർമ്മയിലുണ്ട്.
ആദ്യകാലങ്ങളിൽ തന്റെ പൗരോഹിത്യ വസ്തം ധരിച്ചുകൊണ്ടായിരുന്നു യോഗങ്ങളിൽ പ്രസംഗിക്കുവാൻ എത്തിയിരുന്നത്. പിന്നീട്, വടക്കേ ഭാരതത്തിലെ സുവിശേഷപര്യടനം കഴിഞ്ഞു വന്നപ്പോൾ മുതൽ വെള്ള പാൻറ്സും ഷർട്ടും ധരിക്കുവാൻ തുടങ്ങി. മുട്ടിനു താഴെ വരെ ചുരുട്ടി വച്ച ഷർട്ടും ഒരുകാല് മുമ്പിലോട്ടു എടുത്തുവച്ചു, കരത്തിൽ തിരുവചനവും ഉയർത്തി- സത്യവേദപുസ്തകം ഇപ്രകാരം പറയുന്നു എന്ന് ധൈര്യപൂർവം സുവിശേഷ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ അതിനെ തള്ളിക്കളയുവാൻ ഒരു സത്യമാനസനും കഴിയുമായിരുന്നില്ല.

താൻ ഗ്രഹിച്ച ഈ മഹാസന്തോഷം എല്ലാവരിലേക്കും പകരണമെന്ന അടങ്ങാത്ത ആഗ്രഹത്തോടെ കേരളത്തിന്റെ തെരുവുകളിലും കവലകളിലും കൺവൻഷൻ പന്തലുകളിലും അച്ചൻ ഓടിനടന്നു പ്രസംഗിക്കുമായിരുന്നു. മേപ്രാൽ സഭയിലെ പല കുടുംബങ്ങളും അച്ചന്റെ പ്രസംഗത്തിൽ ക്രിസ്തുവിനെ അറിഞ്ഞവരാണ്.
കാനം അച്ചന്റെ നിര്യാണത്തിനു ചില ദിവസങ്ങൾ മുമ്പ് ഞാൻ സംബന്ധിക്കുന്ന ഫിലാഡൽഫിയ സഭയിൽ വന്ന ഒരു ദൈവദാസൻ കർത്താവിനെ കണ്ടുമുട്ടിയത് തന്റെ പുരയിടത്തിൽ ഒളിച്ചിരുന്ന് അച്ചന്റെ പ്രസംഗം കേട്ടതുകൊണ്ടാണെന്ന് പറയുവാനിടയായി. വളരെ പ്രതികൂലങ്ങൾ സഹിച്ച താൻ അനേകരെ രക്ഷയിലേക്കു നടത്തി.
ഹൂസ്റ്റണിലെ എന്റെയൊരു സ്നേഹിതൻ കോട്ടയം തിരുനക്കര ബസ്സ്റ്റാൻഡിൽ നിന്ന് കൊണ്ട് സമീപത്തു അച്ചൻ നടത്തിയ പരസ്യയോഗം കേട്ട് കർത്താവിനെ പിൻപറ്റുവാൻ തീരുമാനിച്ചു.
പിന്നീട് തന്റെ പ്രവർത്തനത്തിലൂടെ വടക്കേ ഇന്ത്യയിൽ അനേകം ആയിരങ്ങൾ ക്രിസ്തുവിങ്കലേക്കു വന്നു. ഇപ്രകാരം അച്ചൻ എന്ന ഒരു ആപ്പിൾ വിത്തിൽ നിന്നും എത്രയോ ആപ്പിൾ മരങ്ങൾ ലോകത്തെല്ലായിടവും പടർന്നു നിൽക്കുന്നുവെന്നത് നിത്യതയിൽ മാത്രമേ വെളിപ്പെടുകയുള്ളു.
കാനം അച്ചൻ പള്ളിമതം വിട്ടതോടെ മറ്റു പല പുരോഹിതന്മാരും ആ കാലയളവിൽ വിശ്വാസസ്നാനം സ്വീകരിച്ചു പുറത്തു വരികയും വിവിധ സഭകളുടെ ലേബലുകളിൽ പലയിടങ്ങളിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നുവെങ്കിലും അവരിൽ പലരുടെയും നാമം ഇപ്പോൾ കേൾക്കാറില്ല. അച്ചനെപ്പോലെ വേഷവും ധരിച്ചു അതെ നിൽപ്പും ശബ്ദവും ഒക്കെ അനുകരിച്ചു അക്കാലത്തു മറ്റൊരു വിദ്വാൻ രംഗപ്രവേശനം ചെയ്തിരുന്നു.
കൂടെ ഇറങ്ങിയവരും അനുകരിക്കുവാൻ ശ്രമിച്ചവരും ഒക്കെ ഒരു ധുമകേതു പോലെ എവിടെയോ കത്തിയമർന്നപ്പോൾ പ്രകാശം പകരുന്ന ഒരു നക്ഷത്രമായി ആത്മീയനഭസിൽ കാനം അച്ചൻ എക്കാലവും ശോഭിച്ചു നിന്നു. തന്റെ ഓർമ്മകളും നമ്മുടെ മനസ്സിൽ എന്നും പ്രകാശപൂരിതമായിരിക്കും.
എന്റെ കൗമാര കാലത്തു പ്രചാരത്തിലിരുന്ന ഉദയനക്ഷത്രം എന്ന ഒരു പ്രസിദ്ധീകരണത്തിൽ അച്ചൻ പത്രാധിപലേഖനം എഴുതിയിരുന്നത് എന്നെ വളരെ സ്വാധീനിച്ചിരുന്നു.
തന്റെ ലളിത ഗംഭീരമായ ഭാഷയും നർമം കലർന്ന വിമർശനവും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. സ്വയം എഴുതുന്നതിനു പകരം മറ്റൊരാളോട് പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുന്നതായിരുന്നു അച്ചന്റെ പതിവ്. അങ്ങനെ അച്ചന്റെ പല ലേഖനങ്ങളും എഴുതിക്കൊടുക്കുവാനുള്ള അവസരങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. സാധാരണ ഒരു ലേഖനം എഴുതിയാൽ പലവട്ടം വെട്ടിത്തിരുത്തൽ ഒക്കെ നടത്തിയാണ് ഒരു വായനീയത വരുത്തുന്നത്. എന്നാൽ അച്ചന്റെ ലേഖനങ്ങൾ ഒരിക്കലും വെട്ടിതിരുത്തേണ്ടി വന്നിട്ടില്ല. തൻ്റെ പ്രസംഗത്തിലെ ആശയങ്ങൾ പോലെ എഴുത്തുകളും തികവുറ്റതായിരുന്നു.
പ്രിയ ദൈവദാസൻ തന്റെ പ്രസംഗങ്ങളിൽ സാധാരണ ഓർമ്മിപ്പിക്കാറുള്ള ഒരു സന്ദേശമുണ്ട്. ഓടുന്നതല്ല വിഷയം, ഓട്ടം തികയ്ക്കുന്നതാണ്. അതെ മഹാനായ ഒരു മനുഷ്യൻ മഹത്തായ ഒരു ജീവിതം പൂർത്തീകരിച്ചു തന്റെ ഓഹരി പ്രാപിക്കുവാനായി കടന്നു പോയിരിക്കുന്നു.
പൗലോസിനോട് ചേർന്ന് ബഹുമാനപ്പെട്ട കാനം അച്ചനും പറയുവാൻ കഴിയും ഞാൻ “നല്ല പോർ പൊരുതു; എന്റെ ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തുസൂക്ഷിച്ചു; അതുകൊണ്ട് നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു”. ധന്യമായ ഈ ജീവിതത്തിനു നാം വിട ചൊല്ലുമ്പോൾ നമുക്കും അദ്ദേഹത്തിന്റെ ജീവിതം ഒരു നിദർശനം ആയിരിക്കട്ടെ.




