ജയ്മോഹൻ അതിരുങ്കൽ കാനമച്ചനെ സ്മരിക്കുന്നു
അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് യോഗങ്ങളിലാണ് കാനമച്ചനെ ആദ്യമായിക്കാണുന്നത്. അവിടെ ശുശ്രൂഷിച്ചിരുന്ന പാസ്റ്റർ വി.ജി.മാത്യു – ലീലാമ്മാ ദമ്പതിമാർ അച്ചനെ ക്ഷണിച്ചു ശുശ്രൂഷിപ്പിക്കുവാൻ താത്പര്യം കാട്ടിയിരുന്നു. പിന്നീട് കുമ്പനാട്ടു പ്രവർത്തിച്ചിരുന്ന ബൈബിൾ സ്കൂളിൽ അച്ചൻ പഠിപ്പിക്കാൻ വന്നപ്പോൾ അച്ചനുമായി അടുത്തിടപഴകാൻ കഴിഞ്ഞു.

‘ജ്യോതിമാർഗം’ പത്രാധിപരായ അച്ചൻ്റെ ലേഖനങ്ങൾ കേട്ടെഴുതാൻ അച്ചൻ്റെ വീട്ടിലേക്കും പോകേണ്ടിവന്നിട്ടുണ്ട്, പല തവണ.അങ്ങനെ അച്ചനും ഞാനും തമ്മിലൊരു അടുപ്പമുണ്ടായി. ദൂരേയ്ക്കൊക്കെ യാത്ര ചെയ്യുമ്പോൾ, അച്ചൻ എന്നെയും കൂടെക്കൂട്ടിയിരുന്നു. ഡൽഹി, കൽക്കട്ട, ബോംബെ, ഭിലായ്, ബാങ്ഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിലേക്കൊക്കെ അങ്ങനെ പോയിട്ടുണ്ട്. അപ്പോഴൊക്കെ അച്ചൻ്റെ പ്രസംഗങ്ങൾ എഴുതിയെടുത്തിരുന്നു, അതിലെ ദൃഷ്ടാന്തങ്ങളുൾപ്പെടെ. പിൽക്കാലത്ത് ‘ഓർമ്മയിലെ മുള്ളുകളും പൂക്കളും’, ‘അച്ചനോടൊപ്പം’ എന്നീ പുസ്തകങ്ങളുടെ പിറവിക്ക് അതു പ്രയോജനപ്പെട്ടു.
അച്ചൻ്റെ പ്രസംഗങ്ങൾ ഘനമുള്ളതാണ്, ലളിതവുമാണ്.അച്ചനുപയോഗിക്കുന്ന ദൃഷ്ടാന്തങ്ങൾ, ഫലിതങ്ങൾ എന്നിവയൊക്കെ നിലവാരമുള്ളതാണ്. ലേഖനങ്ങളിൽ അച്ചൻ്റെ പേരി(പി.ഐ.ഏബ്രഹാം-കാനം)ല്ലെങ്കിലും, അത് അച്ചനെഴുതിയതാണെന്ന് അറിയാമായിന്നു. അങ്ങനെയൊരു ശൈലീ വിശേഷം അച്ചൻ്റെ എഴുത്തുകളിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഞങ്ങൾക്ക് അച്ചനെ പോയിക്കാണാൻ കഴിഞ്ഞു.ജെ.വി.പീറ്ററിൻ്റെ “നീയെൻ സ്വന്തം, നീയെൻ പക്ഷം ” എന്ന പാട്ട് ഞാൻ പാടി, അച്ചനും മറ്റുള്ളവരും അതു ചേർന്നു പാടി. ഞാൻ പ്രാർത്ഥിച്ചു, അച്ചൻ ആശീർവാദം പറഞ്ഞു. ‘വീട്ടിൽ വന്നാൽ അച്ചനെ കാണാനാവുമോ’യെന്നു ഫോൺ വിളിച്ചു ചോദിച്ചിരുന്നു. ഞങ്ങൾ ചെല്ലുന്ന ദിവസം രാവിലെ, “ജയ് മോഹൻ വന്നോ?ശബ്ദം കേട്ടതുപോലെ “യെന്ന് അച്ചൻ, കൊച്ചമ്മയോടു ചോദിച്ചതായി ഞങ്ങൾ ചെന്നപ്പോൾ അമ്മച്ചി പറയുകയുണ്ടായി.
സ്വന്തമായ ആശയങ്ങളൊഴികെ മറ്റുള്ളവരുടെ ആശയങ്ങൾ കാർട്ടൂണിൽ ഉപയോഗിച്ചിട്ടുള്ളത് അച്ചൻ്റേതാണ്.അച്ചൻതന്നെ ചില ആശയങ്ങൾ കാർട്ടൂണിനു തന്നിട്ടുമുണ്ട്.
‘കേരളശബ്ദം’ സ്വതന്ത്രരാഷ്ട്രീയ വാരികയിൽ എഴുതിയ ഒരു ലേഖനത്തിൽ അച്ചനെ പരാമർശിച്ചിരുന്നു. അച്ചനെ ഔഗേൻ കാതോലിക്കാബാവ വിസ്തരിച്ചതാണ് കാർട്ടൂൺ സഹിതം പ്രസിദ്ധീകരിച്ചത്.
അൻപതു പേർക്കു മുന്നിലും അയ്യായിരം പേരടങ്ങിയ സദസ്സിനു മുന്നിലും ഒരു പോലെ അച്ചൻ പ്രസംഗിച്ചു. സാധാരണക്കാരുടെ വീട്ടിലും സമ്പന്നരുടെ മാളികകളിലും സമചിത്തതയോടെ അച്ചൻ താമസിച്ചു. വസ്ത്രധാരണത്തിലും യാത്ര ചെയ്യുന്ന വാഹനങ്ങളിലും അച്ചൻ സാധാരണക്കാരനായിരുന്നു. ചമ്പക്കര ബസിലെ (കോട്ടയം – കറുകച്ചാൽ, മല്ലപ്പള്ളി റൂട്ട്) സ്ഥിരം സാന്നിദ്ധ്യമായിരുന്നു അച്ചൻ. പുതുപ്പള്ളി -ചമ്പക്കര ആശ്രമംപടി അച്ചൻ്റെ ബസ് സ്റ്റോപ് ആയിരുന്നു.
പാറയ്ക്കൽ ഐസക് ഏബ്രഹാം എന്ന കാനമച്ചൻ, ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനമുറപ്പിച്ച സുവിശേഷകനായിരുന്നു.” സ്ഥാനമാനങ്ങൾ ചൊല്ലി ക്കലഹിച്ചു നാണംകെട്ടു നടക്കുന്ന ചിലരെ” പ്പോലെ അച്ചൻ നടന്നില്ല.”നല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങൾ എന്നിവയിൽ ആശ” വയ്ക്കാതെ ‘ ജീവിതയാത്ര പൂർത്തിയാക്കിയ അച്ചൻ, സുവിശേഷം കലർപ്പില്ലാതെ പറഞ്ഞു. സത്യം മനസ്സിലാക്കിയപ്പോൾ, ഏഴു വർഷത്തെ വൈദികവൃത്തിയോടു വിടപറയാൻ മടിച്ചില്ല.ഗീവർഗീസ് ഒസ്താത്തിയോസ് മെത്രാപ്പൊലിത്താ, ഫാദർ റ്റി.ജെ.ജോഷ്വാ തുടങ്ങിയവർ അച്ചൻ്റെ സെമിനാരിയദ്ധ്യാപകരായിരുന്നു.
പള്ളിയിൽ ശുശ്രൂഷകനായിരിക്കുമ്പോൾത്തന്നെ അച്ചൻ പ്രസംഗകനായിരുന്നു. അതുകൊണ്ടാണ് “എടോ, തനിക്കൊരു ഭാവിയുണ്ടെ”ന്ന് അന്നത്തെ മെത്രാപ്പൊലിത്താ ( ബാവാ ) അച്ചനോടു പറഞ്ഞത്. ശരിയാണ്, അച്ചനു നല്ല ഭാവി, ശുഭഭാവി ലോകത്തിലുമുണ്ടായിരുന്നു. ഇനി അച്ചന് “നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ”യെന്നു വിളി കേൾക്കാനുള്ള ഭാവിയുമുണ്ടാകും. അച്ചൻ്റെ ഭൗതികശരീരത്തിനു വിട !




